ഉപതിരഞ്ഞെടുപ്പ് ചൂടേറുന്ന വയനാട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകളും സജീവമാണ്. 2024 നവംബര്‍ 13നാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ വോട്ടെടുപ്പ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് രാഹുല്‍ഗാന്ധിയുടെ സഹോദരി പ്രിയങ്കാ ഗാന്ധിയാണ്. ഒക്ടോബര്‍ 23 നാണ് പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പ്രിയങ്കാഗാന്ധി പത്രിക സമര്‍പ്പിക്കുന്ന സമയത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പുറത്തുനിര്‍ത്തിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. വയനാട് ജില്ലാ കലക്ടര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് ഭര്‍ത്താവും മകനും മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പുറത്തുനിര്‍ത്തിയെന്നുമുള്ള അവകാശവാദത്തോടെ പങ്കുവെയ്ക്കുന്ന വീഡിയോയില്‍ ഖാര്‍ഗെ വാതിലിന് പുറത്തു നില്‍ക്കുന്ന ദൃശ്യങ്ങളും കാണാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഖാര്‍ഗെ ഉള്‍പ്പെടെ നേതാക്കളെല്ലാം പത്രികാസമര്‍പ്പണത്തിനിടെ കലക്ടറുടെ ചേംബറില്‍ ഉണ്ടായിരുന്നുവെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കാനാണ് ശ്രമിച്ചത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരളം ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ പ്രമുഖരെല്ലാം പ്രിയങ്കയ്ക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ കാണാം.
ചിത്രത്തില്‍ പ്രിയങ്കാഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതും രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കൂടെയിരിക്കുന്നതും കാണാം. ഇവരെക്കൂടാതെ സോണിയ ഗാന്ധി, കെ.സി. വേണുഗോപാൽ, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നതായി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു. ANI യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ദൈര്‍ഘ്യമേറിയ വീഡിയോയില്‍ പത്രികാസമര്‍പ്പണത്തിന്റെ ഏകദേശം മുഴുവന്‍സമയ ദൃശ്യങ്ങള്‍ കാണാം.
20 മിനുറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയുടെ ആദ്യഭാഗത്ത് പ്രിയങ്കാഗാന്ധിയ്ക്കൊപ്പം ഭര്‍ത്താവും മകനുമാണുള്ളത്. വീഡിയോയുടെ 4:35 സമയത്ത് ഇവരിരുവരും പുറത്തുപോകുന്നതും പിന്നീട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കടന്നുവരുന്നതും കാണാം. പിന്നീട് കെ സി വേണുഗോപാല്‍ കടന്നുവരുന്ന സമയത്ത് അഞ്ചുപേര്‍ക്ക് മാത്രമാണ് അനുമതിയെന്ന് കലക്ടര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോയുടെ 6:25 സമയത്താണിത്. ഇതോടെ നിയമപരമായി പത്രികാസമര്‍പ്പണവേളയില്‍ കൂടെയുണ്ടാകാവുന്ന ആളുകളുടെ എണ്ണത്തില്‍ പരിധിയുള്ളതിനാലാണ് ആദ്യഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് ചേംബറില്‍ കയറാതിരുന്നതെന്ന സൂചന ലഭിച്ചു.
ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി നടത്തിയ പരിശോധനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയതായും കാണാം.
തുടര്‍ന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പണവേളയില്‍ അവിടെയുണ്ടായിരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകരിലൊരാളുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:
“പ്രിയങ്കാഗാന്ധിയുടെ പത്രികാസമര്‍പ്പണ സമയത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പുറത്തുനിര്‍ത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കലക്ടറുടെ ചേംബറില്‍ ആദ്യം പ്രിയങ്കയ്ക്കൊപ്പം കയറിയത് അവരുടെ ഭര്‍ത്താവും മകനും സോണിയ ഗാന്ധിയുമാണ്. പിന്നീടാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എത്തുന്നത്. ഒരു സമയത്ത് സ്ഥാനാര്‍ഥിയടക്കം അഞ്ചുപേര്‍ക്ക് മാത്രമാണ് ചേംബറില്‍ പ്രവശിക്കാനാവുകെയന്നതിനാല്‍ ഇവര്‍ പുറത്തുനിന്നു. പിന്നീട് നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന്റെ അവസാനഭാഗത്ത് ഭര്‍ത്താവും മകനും പുറത്തിറങ്ങുകയും രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും അകത്തുവരികയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ പാലിക്കുക മാത്രമാണ് ഇവിടെ ചെയ്തത്. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.”
ഇതോടെ പ്രചാരണം തെറ്റിദ്ധിരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
വയനാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്കാഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പുറത്തുനിര്‍ത്തിയെന്ന തരത്തിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പത്രികാസമര്‍പ്പണവേളയില്‍ സ്ഥാനാര്‍ത്ഥിയടക്കം അഞ്ചുപേര്‍ മാത്രമേ ഉണ്ടാകാവൂ എന്ന നിബന്ധനയുള്ളതിനാലാണ് ആദ്യഘട്ടത്തില്‍ ഭര്‍ത്താവും മകനും അകത്തു പ്രവേശിക്കുകയും പിന്നീട് ഇവര്‍ പുറത്തിറങ്ങി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അകത്തുവരികയും ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.