കോഴിക്കോട് അപ്സര തിയറ്ററില്‍ കാണികളിലൊരാള്‍ ‘അല്ലാഹു അക്ബര്‍’ വിളിച്ചതിനെത്തുടര്‍ന്ന് പൊലീസും ബോംബ്സ്ക്വാഡുമെത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. തിയറ്ററില്‍ പൊലീസ് പരിശോധന നടത്തുന്ന വീഡിയോയ്ക്കൊപ്പമാണ് വിവരണം. മമ്മൂട്ടിയുടെ ടര്‍ബോ സിനിമാ പ്രദര്‍ശനത്തിനിടെ ആവേശത്തില്‍ കാണികളിലൊരാള്‍ ‘അല്ലാഹു അക്ബര്‍’ വിളിച്ചതിനെത്തുടര്‍ന്ന് കാണികള്‍ ചിതറിയോടിയെന്നും തുടര്‍ന്ന് പൊലീസും ബോംബ്സ്ക്വാഡുമെത്തി പരിശോധന നടത്തുകയായിരുന്നുവെന്നുമാണ് സന്ദേശത്തില്‍.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കാണികളിലാരും ‘അല്ലാഹു അക്ബര്‍’ വിളിച്ചതിനെത്തുടര്‍ന്നല്ല പൊലീസ് പരിശോധന നടത്തിയതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മാധ്യമറിപ്പോര്‍ട്ടുകളാണ് പരിശോധിച്ചത്. 2024 മെയ് 26 ഞായറാഴ്ചയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പിറ്റേദിവസം മാതൃഭൂമി ഓണ്‍ലൈനില്‍ നല്‍കിയ റിപ്പോര്‍ട്ട് ലഭിച്ചു.
ഞായറാഴ്ച രാത്രി എട്ടരയോടെ സിനിമാ പ്രദര്‍ശനത്തിനിടെ തിയറ്ററിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് സന്ദേശമെത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും പൊലീസും ബോംബ് സ്ക്വാഡുമെത്തി പരിശോധിക്കുകയുമായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സമാനമായ വിവരങ്ങളാണ് മറ്റ് മാധ്യമറിപ്പോര്‍ട്ടുകളിലും കണ്ടെത്തിയത് റിപ്പോര്‍ട്ടര്‍ ടി വി യും സീ ന്യൂസ് ഓണ്‍ലൈനുമെല്ലാം വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. ബോംബ് ഭീഷണി സന്ദേശം വാട്സാപ്പ് വഴിയാണ് ലഭിച്ചതെന്നാണ് എല്ലാ റിപ്പോര്‍ട്ടുകളും സ്ഥിരീകരിക്കുന്നത്.
തുടര്‍ന്ന് റിപ്പോര്‍ട്ടുകളില്‍നിന്ന് ലഭിച്ച സൂചന പ്രകാരം പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ കോഴിക്കോട് സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ജി സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടു. സംഭവത്തില്‍ മതപരമായ യാതൊന്നുമില്ലെന്നും ജീവനക്കാരന്റെ ഫോണില്‍ വാട്സാപ്പ് സന്ദേശമായാണ് ഭീഷണിയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
കോഴിക്കോട് അപ്സര തിയറ്ററില്‍ കാണികളിലൊരാള്‍ ‘അല്ലാഹു അക്ബര്‍’ വിളിച്ചതിനെത്തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡുമെത്തി പരിശോധന നടത്തിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. തിയറ്റര്‍ ജീവനക്കാരന്റെ ഫോണിലെത്തിയ ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധനയെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമായി.