Fact Check: സോണിയ ഗാന്ധിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന മന്‍മോഹന്‍ സിങ്? ചിത്രത്തിന്റെ സത്യമറിയാം

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ട്ടിയിലെ അച്ചടക്കമുള്ള നേതാവായിരുന്നുവെന്ന പരിഹാസത്തോടെയാണ് അദ്ദേഹം കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രമെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  29 Dec 2024 5:16 PM IST
Fact Check: സോണിയ ഗാന്ധിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന മന്‍മോഹന്‍ സിങ്? ചിത്രത്തിന്റെ സത്യമറിയാം
Claim: സോണിയ ഗാന്ധിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
Fact: പ്രചാരണം അടിസ്ഥാനരഹിതം. ചിത്രത്തിലുള്ളത് മന്‍മോഹന്‍ സിങ് അല്ല. 2011 നവംബര്‍ 29 ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് ഭാരവാഹികളുടെ കണ്‍വെന്‍ഷനിടെ സോണിയ ഗാന്ധിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന പാര്‍ട്ടി പ്രതിനിധിയുടെ ചിത്രമാണ് മന്‍മോഹന്‍‍ സിങിന്റേതെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങിന് രാജ്യം പൂര്‍ണ സൈനിക ബഹുമതികളോടെ 2024 ഡിസംബര്‍ 28 ന് വിടനല്‍കി. അദ്ദേഹത്തിന്റെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമുണ്ട്. അതേസമയം രാഷ്ട്രീയപരമായി അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും നിരവധി പ്രചാരണങ്ങളാണ് അദ്ദേഹത്തിന്റെ നിര്യാണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സജീവമായത്. ഇത്തരത്തിലൊരു ചിത്രമാണ് മന്‍മോഹന്‍ സിങ് സോണിയ ഗാന്ധിയുടെ കാല്‍തൊട്ട് വണങ്ങുന്ന ചിത്രമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തനകാനയിരുന്നു അദ്ദേഹമെന്ന പരിഹാസത്തോടെ പ്രചരിക്കുന്ന ചിത്രത്തില്‍ സോണിയാഗാന്ധിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന തലപ്പാവ് ധരിച്ച ഒരു വ്യക്തിയെ കാണാം.




Fact-check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചിത്രത്തിലുള്ളത് മന്‍മോഹന്‍ സിങ് അല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

പ്രചരിക്കുന്ന ചിത്രത്തില്‍ ഗെറ്റി ഇമേജസിന്റെ ഒരു വാട്ടര്‍മാര്‍ക്ക് കാണാം. ഫോട്ടോഗ്രാഫര്‍മാരടക്കം പകര്‍ത്തിയ ചിത്രങ്ങള്‍ ആധികാരികമായി പങ്കുവെയ്ക്കുകയും മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി വില്പന നടത്തുകയും ചെയ്യുന്ന വെബ്സൈറ്റാണിത്. റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ ഗെറ്റി ഇമേജസില്‍ 2011 നവംബര്‍ 29 ന് പങ്കുവെച്ച യഥാര്‍ത്ഥ ചിത്രം കണ്ടെത്തി.



ഇന്ത്യാടുഡേ ഗ്രൂപ്പ് ഫോട്ടോഗ്രാഫര്‍ ശേഖര്‍ യാദവ് എടുത്ത ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് പ്രകാരം 2011 നവംബര്‍ 29ന് ന്യൂഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി ഭാരവാഹികളുടെ ദേശീയ കണ്‍വെന്‍ഷനിടെ ഒരു പാര്‍ട്ടി പ്രതിനിധി സോണിയ ഗാന്ധിയുടെ കാല്‍തൊട്ടുവന്ദിക്കുന്ന ചിത്രമാണിത്.

തുടര്‍ന്ന് പ്രസ്തുത പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഗെറ്റി ഇമേജസില്‍‌ പരിശോധിച്ചു. ഇതോടെ മന്‍മോഹന്‍സിങും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്ന് വ്യക്തമായി.



നല്‍കിയിരിക്കുന്ന ചിത്രങ്ങളില്‍ സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളുണ്ട്. ഇവയില്‍ സോണിയഗാന്ധിയുടെ വേഷം പ്രചരിക്കുന്ന ചിത്രത്തിലേത് തന്നെയാണെന്നും മന്‍മോഹന്‍ സിങിന്റേത് വ്യത്യസ്തമാണെന്നും കാണാം. നില തലപ്പാവും കറുത്ത ഓവര്‍കോട്ടും ധരിച്ചാണ് മന്‍മോഹന്‍സിങ് വേദിയിലിരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തില്‍ സോണിയ ഗാന്ധിയുടെ കാല്‍തൊട്ട് വന്ദിക്കുന്നയാളുടെ വേഷം വ്യത്യസ്തമാണ്. ഇതോടെ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് മന്‍മോഹന്‍ സിങ് അല്ലെന്ന് സ്ഥിരീകരിക്കാനായി.



ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.


Conclusion:

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് സോണിയ ഗാന്ധിയുടെ കാല്‍തൊട്ടു വന്ദിക്കുന്ന ചിത്രമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് മന്‍മോഹന്‍ സിങ് അല്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2011 നവംബര്‍ 29ന് ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് ഭാരവാഹികളുടെ കണ്‍വെന്‍ഷനിടെ ഒരു പാര്‍ട്ടി പ്രതിനിധി സോണിയഗാന്ധിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രമാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.

Claim Review:സോണിയ ഗാന്ധിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം. ചിത്രത്തിലുള്ളത് മന്‍മോഹന്‍ സിങ് അല്ല. 2011 നവംബര്‍ 29 ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് ഭാരവാഹികളുടെ കണ്‍വെന്‍ഷനിടെ സോണിയ ഗാന്ധിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന പാര്‍ട്ടി പ്രതിനിധിയുടെ ചിത്രമാണ് മന്‍മോഹന്‍‍ സിങിന്റേതെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.
Next Story