Fact Check: ജയിപ്പിച്ചത് RSS ആണെന്ന് കെ സുധാകരന്‍? പത്രവാര്‍ത്തയുടെ വാസ്തവം

പഴയ മലയാള മനോരമ പത്രത്തിന്റെ മുന്‍പേജില്‍ KPCC പ്രസിഡന്റ് കെ സുധാകരന്റെ ചിത്രസഹിതം തന്നെ ജയിപ്പിച്ചത് RSS ആണെന്ന തലക്കെട്ടോടെയാണ് പ്രചാരണം.

By -  HABEEB RAHMAN YP |  Published on  22 Oct 2024 4:50 PM IST
Fact Check: ജയിപ്പിച്ചത് RSS ആണെന്ന് കെ സുധാകരന്‍?  പത്രവാര്‍ത്തയുടെ വാസ്തവം
Claim: തന്നെ ജയിപ്പിച്ചത് RSS ആണെന്ന് കെ സുധാകരന്‍ പറഞ്ഞതായി മലയാള മനോരമ പത്രവാര്‍ത്ത.
Fact: പ്രചാരണം അടിസ്ഥാനരഹിതം; പ്രചരിക്കുന്ന പത്രത്തിന്റെ മുന്‍പേജ് ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമായി.

വയനാട് ലോക്സഭ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ ചര്‍ച്ചകളും സംവാദങ്ങളും സജീവമായിരിക്കുകയാണ്. ഇതിനിടെ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ കോര്‍ഡിനേറ്ററായിരുന്ന സരിന്‍ ഇടതുപക്ഷത്തേക്ക് ചേക്കേറിയതും പി വി അന്‍വര്‍ ഇടതുമുന്നണിയ്ക്കും സര്‍ക്കാറിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി സമൂഹമാധ്യമങ്ങളും സജീവമാണ്. ഇത്തരത്തിലാണ് കെ പി സി സി പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്റെ RSS ബന്ധം വെളിപ്പെടുത്തുന്നതെന്ന അവകാശവാദത്തോടെ ഒരു പത്രവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തന്നെ ജയിപ്പിച്ചത് RSS ആണെന്ന് കെ സുധാകരന്‍ പറഞ്ഞതായി പത്രത്തില്‍ വന്ന വാര്‍ത്തയെന്ന തരത്തിലാണ് പ്രചാരണം. പഴയ മലയാള മനോരമ പത്രത്തിന്റെ മുന്‍പേജില്‍ പ്രസ്തുത തലക്കെട്ടും കെ സുധാകരന്റെ ചിത്രവും കാണാം.




Fact-check:

തലക്കെട്ടിലെ അക്ഷരത്തെറ്റാണ് ആദ്യം ശ്രദ്ധയില്‍പെട്ടത്. ‘ജയ്യിപ്പിച്ചത്’ എന്നതിലെ വലിയ തെറ്റ് പത്രത്തിന്റെ പേജ് എഡിറ്റ് ചെയ്ത് ചേര്‍ത്തതാകാമെന്നതിന്റെ ആദ്യ സൂചനയായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടു. തലക്കെട്ടിലെ അക്ഷരത്തെറ്റിന് പുറമെ തലക്കെട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടിലെ വ്യത്യാസവും ഇംഗ്ലീഷില്‍ RSS എന്ന് എഴുതിയിരിക്കുന്ന ഫോണ്ടും തലക്കെട്ടിന് ചുവടെ നല്കിയ വിവരണവും മറ്റ് റിപ്പോര്‍ട്ടുകളും തമ്മിലെ വ്യക്തതയിലെ വ്യത്യാസവുമെല്ലാം ചിത്രം വ്യാജമാകാമെന്നതിന്റെ സൂചനയായി.




തുടര്‍ന്ന് ഈ പത്രം എത് ദിവസത്തേതാണെന്ന് കണ്ടെത്താന്‍ ശ്രമിച്ചു. ഇതിനായി പത്രത്തിലെ മറ്റുവാര്‍ത്തകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ഒരുമാസം വാണ മന്ത്രിസഭ, പുതിയ മുഖ്യമന്ത്രി; പരക്കെ സന്തോഷം എന്നീ തലക്കെട്ടുകളില്‍നിന്ന് 1977 ലെ ആന്റണി മന്ത്രിസഭയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് സാധൂകരിക്കുന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടും ലഭിച്ചു. 2017ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ പഴയ മുന്‍പേജും നല്കിയിട്ടുണ്ട്.



ഇതോടെ 1977 ഏപ്രില്‍ 26ന് പ്രസിദ്ധീകരിച്ച മലയാളമനോരമ പത്രത്തിന്റെ മുന്‍പേജാണ് എഡിറ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമായി. 1977 ലെ പത്രത്തില്‍‍ ഉപയോഗിച്ച കെ സുധാകരന്റെ ചിത്രം ഇത് വ്യാജമാണന്നതിന്റെ പ്രകടമായ തെളിവായി.

തുടര്‍ന്ന് പത്രത്തിന്റെ യഥാര്‍ത്ഥ മുന്‍പേജ് ലഭിക്കുന്നതിനായി മലയാള മനോരമ ഓഫീസുമായി ബന്ധപ്പെട്ടു. അവര്‍ പങ്കുവെച്ച മുന്‍പേജിന്റെ ചിത്രത്തില്‍നിന്ന് പ്രചരിക്കുന്നത് പൂര്‍ണമായും എഡിറ്റ് ചെയ്ത ചിത്രമാണെന്ന് വ്യക്തമായി.



ഇതോടെ കെ സുധാകരന്‍ RSS പിന്തുണയോടെ ജയിച്ചുവെന്ന് അദ്ദേഹത്തിന്റെ ചിത്രസഹിതം മലയാള മനോരമയില്‍ വന്നതായി പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് സ്ഥിരീകരിച്ചു.


Conclusion:

കെ സുധാകരന്‍ RSS പിന്തുണയോടെയാണ് ജയിച്ചതെന്ന് അദ്ദേഹം തന്നെ പറഞ്ഞതായി മലയാള മനോരമയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്നും സ്ഥിരീകരിച്ചു.

Claim Review:തന്നെ ജയിപ്പിച്ചത് RSS ആണെന്ന് കെ സുധാകരന്‍ പറഞ്ഞതായി മലയാള മനോരമ പത്രവാര്‍ത്ത.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം; പ്രചരിക്കുന്ന പത്രത്തിന്റെ മുന്‍പേജ് ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമായി.
Next Story