ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വടകര മണ്ഡലത്തില്‍ യുഡിഎഫിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പില്‍ എത്തിയതിന് പിന്നാലെ പ്രചാരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നു. മാതൃഭൂമി ഓണ്‍ലൈനിന്റേതെന്ന തരത്തില്‍ രണ്ട് വാര്‍ത്താ സ്ക്രീന്‍ഷോട്ടുകളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതിലൊന്ന് വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ പ്രവര്‍ത്തകരോട് ക്ഷോഭിച്ചതായി അവകാശപ്പെടുന്നതാണ്. അവധിദിവസമായിട്ടും പ്രചാരണത്തിന് ആളെത്താത്തതില്‍ പ്രവര്‍ത്തകരോട് ക്ഷോഭിച്ചു എന്ന തലക്കെട്ടോടെ മാതൃഭൂമി നല്‍കിയ വാര്‍ത്തയെന്ന രീതിയിലാണ് സ്ക്രീന്‍ഷോട്ട്.
നിരവധി അക്കൗണ്ടുകളില്‍നിന്ന് ഈ ചിത്രം പങ്കുവെച്ചതായി കാണാം (1, 2, 3, 4, 5).
സമാനമായ മറ്റൊരു സ്ക്രീന്‍ഷോട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ പ്രചാരണത്തിന് മറ്റ് ജില്ലകളില്‍നിന്ന് ആളുകളെ എത്തിച്ചതായാണ് അവകാശപ്പെടുന്നത്. ഇത്തരത്തില്‍ തലക്കെട്ടുള്‍പ്പെടുന്ന സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.
ഈ പോസ്റ്റും നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട് (1, 2, 3, 4, 5).
Fact-check:
രണ്ട് സ്ക്രീന്‍ഷോട്ടുകളും എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന രണ്ട് സ്ക്രീന്‍ഷോട്ടുകള്‍ തമ്മിലുള്ള സാമ്യങ്ങളാണ് രണ്ടും വ്യാജമാകാമെന്ന സൂചന നല്‍കിയത്. പ്രാഥമിക നിരീക്ഷണത്തില്‍ തന്നെ മാതൃഭൂമി ഉപയോഗിക്കുന്ന ഫോണ്ടല്ല ഇവയിലുപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമായി. കൂടാതെ ഇസ്രയേല്‍-പലസ്തീന്‍ യുദ്ധവുമായി ബന്ധപ്പെട്ട വാര്‍ത്തയെ സൂചിപ്പിക്കുന്ന നാവിഗേഷന്‍ വിവരങ്ങളും സ്ക്രീന്‍ഷോട്ടില്‍ കാണാം. രണ്ട് സ്ക്രീന്‍ഷോട്ടുകളിലെയും വാര്‍ത്ത പ്രസിദ്ധീകരിച്ച തിയതിയും സമയവും ഒന്നാണെന്നതും സ്ക്രീന്‍ഷോട്ടുകള്‍ വ്യാജമാകാമെന്നതിന്റെ വലിയ സൂചനയായി.
സ്ക്രീന്‍ഷോട്ടിലെ തിയതിയും സമയവുമുപയോഗിച്ച് മാതൃഭൂമി ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ നടത്തിയ പരിശോധനയില്‍ ഈ സമയത്ത് വാര്‍ത്തകളൊന്നും പ്രസിദ്ധീകരിച്ചതായി കണ്ടെത്താനായില്ല. കൂടാതെ തിയതിയും സമയവും നല്‍കുന്ന രീതിയും വ്യത്യസ്തമാണെന്ന് കണ്ടെത്തി. ഇതോടെ പഴയ വാര്‍ത്താ സ്ക്രീന്‍ഷോട്ടില്‍ തലക്കെട്ടും തിയതിയും ഉള്‍പ്പെടെ എഡിറ്റ് ചെയ്ത് ചേര്‍ത്തതാകാമെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് നടത്തിയ വിശദപരിശോധനയില്‍ ആദ്യ സ്ക്രീന്‍ഷോട്ടിന്റെ യഥാര്‍ത്ഥ വാര്‍ത്ത കണ്ടെത്തി. 2023 ഒക്ടോബര്‍ 11 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍നിന്നുള്ള സ്ക്രീന്‍ഷോട്ടാണിത്. ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മനസാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് കെ കെ ശൈലജ പറഞ്ഞതായുള്ള വാര്‍ത്തയില്‍ അവരുടെ ഫോട്ടോയും കാണാം. ഇതിലെ തലക്കെട്ടും തിയതിയും സമയവും എഡിറ്റ് ചെയ്താണ് പ്രചരിക്കുന്ന ആദ്യ സ്ക്രീന്‍ഷോട്ട് തയ്യാറാക്കിയതെന്ന് വ്യക്തമായി.
കെ കെ ശൈലജ ഇത്തരമൊരു പ്രചാരണം നടത്തിയതായി മറ്റ് വാര്‍ത്താ സ്രോതസ്സുകളിലൊന്നും കണ്ടെത്താനായില്ല. ജനപങ്കാളിത്തത്തോടെയുള്ള അവരുടെ പ്രചാരണങ്ങളെക്കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമി ഉള്‍പ്പെടെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതായും കണ്ടെത്തി. സ്ക്രീന്‍ഷോട്ടില്‍ പറയുന്ന തിയതിയായ മാര്‍ച്ച് 10 ഞായറാഴ്ച അവര്‍ പേരാമ്പ്ര മണ്ഡലം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതായി അവര്‍തന്ന ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് പ്രാദേശിക മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി.
തുടര്‍ന്ന് രണ്ടാമതായി പങ്കുവെച്ച സ്ക്രീന്‍ഷോട്ടിനെക്കുറിച്ച് പരിശോധിച്ചു. സ്ക്രീന്‍ഷോട്ട് വ്യാജമായി തയ്യാറാക്കിയതാണെന്ന സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് അവകാശവാദത്തിലെ വസ്തുത പരിശോധിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ ആദ്യ പ്രചാരണ പരിപാടിയില്‍ വലിയ ജനക്കൂട്ടമുണ്ടായിരുന്നതായി നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. പരിപാടിയുടെ ദൃശ്യങ്ങളും ലഭ്യമാണ്.
ദൃശ്യങ്ങളിലേത് വടകരക്കാരല്ലെന്നും മറ്റ് പ്രദേശങ്ങളില്‍നിന്ന് ആളുകളെ എത്തിച്ചതാണെന്നുമാണ് അവകാശവാദം. ഇത്തരമൊരു വാര്‍ത്ത മാതൃഭൂമിയോ മറ്റ് മാധ്യമങ്ങളോ നല്‍കാത്ത സ്ഥിതിയ്ക്ക് ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിന് പരിമിതിയുണ്ട്. എന്നിരുന്നാലും സമീപ ജില്ലകളിലെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നതായി വിവിധ സമൂഹമാധ്യമ പോസ്റ്റുകളില്‍നിന്ന് വ്യക്തമായി.
Conclusion:
കെ കെ ശൈലജ പ്രവര്‍ത്തകരോട് ക്ഷോഭിച്ചതായും ഷാഫി പറമ്പിലിന്റെ പ്രചാരണത്തിന് മറ്റ് ജില്ലകളില്‍നിന്ന് ആളുകളെ എത്തിച്ചതായും അവകാശപ്പെട്ടുകൊണ്ട് മാതൃഭൂമിയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്താ സ്ക്രീന്‍ഷോട്ടുകള്‍ വ്യാജമാണ്. 2023 ഒക്ടോബറിലെ പഴയ വാര്‍ത്തയുടെ തലക്കെട്ടുള്‍പ്പെടെ എഡിറ്റ് ചെയ്താണ് രണ്ട് സ്ക്രീന്‍ഷോട്ടുകളും തയ്യാറാക്കിയിരിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.