ബ്ലഡ് ക്യാന്‍സര്‍ പൂര്‍ണമായും ഭേദമാക്കുന്ന പുതിയ മരുന്ന് കണ്ടെത്തിയെന്നും ഇത് ചെന്നൈ അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യമായി ലഭ്യമാണെന്നും അവകാശപ്പെടുന്ന സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കുന്ന സന്ദേശത്തില്‍ മരുന്ന് സൗജന്യമായി ലഭിക്കാന്‍ ചെന്നൈ അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബന്ധപ്പെടേണ്ട ഫോണ്‍നമ്പറും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Imitinef Mercilet എന്ന മരുന്നിനെക്കുറിച്ചാണ് സന്ദേശത്തില്‍ പറയുന്നത്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന മരുന്നിന്‍റെ പേര് ഉപയോഗിച്ച് കീവേഡ് സെര്‍ച്ച് നടത്തി. പ്രചരിക്കുന്ന സന്ദേശത്തെക്കുറിച്ച് വിവിധ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത ലഭിച്ചു.
ടൈംസ് ഓഫ് ഇന്ത്യ 2021-ല്‍ നല്‍കിയ വാര്‍ത്തയില്‍ ഇതേ മരുന്ന് പൂനെയിലെ ആശുപത്രിയില്‍ സൗജന്യമായി ലഭ്യമാണെന്ന സന്ദേശത്തെക്കുറിച്ചാണ് പറയുന്നത്. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും ക്യാന്‍സര്‍ പൂര്‍ണമായി ഭേദപ്പെടുത്തുന്ന ഒരു മരുന്നും ലോകത്ത് കണ്ടെത്തിയിട്ടില്ലെന്നും 2015-ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയില്‍ വിശദീകരിക്കുന്നുണ്ട്.
വിപുലമായ പരിശോധനയില്‍ പ്രചരിക്കുന്ന സന്ദേശത്തിന് പത്തു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് വ്യക്തമായി. ലൈവ് ചെന്നൈ എന്ന വെബ്സൈറ്റില്‍ ഇതേ പേരില്‍ മരുന്നിന്‍റെ വിവരങ്ങള്‍ സഹിതം 2011 ഫെബ്രുവരി 5ന് ചേര്‍ത്തതായി കാണാം.
തുടര്‍ന്ന് മരുന്നിന്‍റെ ലേബല്‍ ചിത്രങ്ങള്‍ക്കായി തെരഞ്ഞപ്പോള്‍ ലഭിച്ച ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേരില്‍ വ്യത്യാസം കണ്ടെത്താനായി. ഇതില്‍നിന്നും Imitinef Mercilet എന്ന പേരില്‍ മരുന്നില്ലെന്നും ബ്ലഡ് ക്യാന്‍സറിന് നല്‍കിവരുന്ന മരുന്നിന്‍റെ പേര് Imatinib Mesylate ആണെന്നും വ്യക്തമായി.
തുടര്‍ന്ന് ചെന്നൈ അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വെബ്സൈറ്റ് പരിശോധിച്ചു. പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പായി നല്‍കിയ സന്ദേശം കണ്ടെത്താനായി.
പ്രചരിക്കുന്ന സന്ദേശങ്ങളില്‍ കാണുന്ന പേരില്‍ ഒരു മരുന്നില്ലെന്നും സമാനമായ പേരില്‍ ലഭ്യമായ മരുന്ന് ക്രോണിക് മെലോയ്ഡ് ലുക്കീമിയ എന്ന തരം ബ്ലഡ് ക്യാന്‍സര്‍ ചികിത്സയ്ക്ക് മാത്രം ഉപയോഗിക്കുന്നതാണെന്നും ഇത് ഇന്ത്യയിലെങ്ങും ലഭ്യമാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വ്യക്തമായി.
Conclusion:
ബ്ലഡ് ക്യാന്‍സര്‍ പൂര്‍ണമായി ഭേദമാക്കുന്ന മരുന്ന് ചെന്നൈ അഡയാര്‍ ക്യന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യമായി ലഭ്യമാണെന്നും അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജവും പത്തുവര്‍ഷത്തിലേറെ പഴക്കമുള്ളതുമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. വസ്തുതാ പരിശോധനയില്‍ ഇതു സംബന്ധിച്ച് അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിയ വിശദീകരണക്കുറിപ്പും നിരവധി മാധ്യമവാര്‍ത്തകളും ലഭിച്ചതോടെ സന്ദേശം വ്യാജമാണെന്ന് വ്യക്തമായി.