നടരാജ് പെന്‍സില്‍ പാക്കിങ് ജോലി പാര്‍ട്ട്-ടൈമായി വീട്ടിലിരുന്ന് ചെയ്യാമെന്നും പ്രതിമാസം 30,000 രൂപ സമ്പാദിക്കാമെന്നും വാഗ്ദാനം ചെയ്ത് നിരവധി സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിവിധ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും വാട്സാപ്പിലുമാണ് പ്രധാനമായും സന്ദേശം പ്രചരിക്കുന്നത്.
കൂടാതെ മറ്റ് പല വ്യക്തിഗത അക്കൗണ്ടുകളില്‍നിന്നും വാട്സാപ്പ് വഴിയും ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ സന്ദേശം വ്യാജമാകാമെന്നതിന്‍റെ വ്യക്തമായ സൂചനകള്‍ ലഭിച്ചു. വിവിധ സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന നമ്പറുകള്‍ വ്യത്യസ്തമാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് നടരാജ് പെന്‍സില്‍ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ പെന്‍സില്‍സിന്‍റെ വെബ്സൈറ്റ് പരിശോധിച്ചു. വെബ്സൈറ്റിന്‍റെ ഹോംപേജില്‍തന്നെ പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയതായി കണ്ടു.
ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനും അതുവഴി തട്ടിപ്പ് നടത്താനും വേണ്ടി പ്രചരിപ്പിക്കുന്ന സന്ദേശങ്ങളാണ് ഇവയെന്നും ജാഗ്രത പുലര്‍ത്തണമെന്നും വീഡിയോയില്‍ പറയുന്നു. കമ്പനിയുടെ പെന്‍സില്‍ നിര്‍മാണം പൂര്‍ണമായും യന്ത്രങ്ങളുടെ സഹായത്തോടെയാണെന്നും കൈകൊണ്ട് പാക്ക് ചെയ്യുന്ന രീതിയില്ലെന്നും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ സന്ദേശം വ്യാജമാണെന്നും തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച മുന്നറിയിപ്പും ലഭിച്ചു.
കേരള പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും സമാന രീതിയില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 8ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ പ്രസ്തുത തട്ടിപ്പിനെക്കുറിച്ച് മലയാള മനോരമ ഓണ്‍ലൈനില്‍ നവംബര്‍ 22ന് പ്രസിദ്ധീകരിച്ച വാര്‍ത്തയും കണ്ടു. ഇതോടെ പെന്‍സില്‍ പാക്കിങ് ജോലിയുടെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പാണെന്ന് വ്യക്തമായി.
Conclusion
നടരാജ് പെന്‍സില്‍ പാക്കിങ് വീട്ടിലിരുന്ന് ചെയ്ത് പ്രതിമാസം 30,000 രൂപ സമ്പാദിക്കാമെന്ന സന്ദേശം വ്യാജമാണ്. ആധാര്‍ ഉള്‍പ്പെടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് അക്കൗണ്ടില്‍നിന്ന് പണം തട്ടാനായി ആസൂത്രണം ചെയ്ത തട്ടിപ്പാണിതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇതു സംബന്ധിച്ച് ഹിന്ദുസ്ഥാന്‍ പെന്‍സില്‍ കമ്പനിയും കേരളാ പൊലീസും മുന്നറിയിപ്പ് നല‍്‍കിയിട്ടുണ്ട്.