പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ന്‍ സന്ദര്‍ശനത്തിന്റേതെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. യുദ്ധസാഹചര്യം തുടരുന്ന ഒരു രാജ്യത്ത് നേരിട്ടെത്തി അഭിവാദ്യം സ്വീകരിക്കാനും യുദ്ധം നിര്‍ത്തിവെയ്പ്പിക്കാനും നരേന്ദ്രമോദിയ്ക്കല്ലാതെ മറ്റാര്‍ക്ക് സാധിക്കുമെന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ പശ്ചാത്തലത്തില്‍ മോദി ആരാധകരെ അഭിവാദ്യം ചെയ്യുന്നതും ഇന്ത്യന്‍ പതാകയുമായി നിരവധി പേര്‍ അദ്ദേഹത്തെ വരവേല്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
മോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് യുദ്ധം പോലും നിര്‍ത്തിവെച്ചുവെന്ന അവകാശവാദവും സന്ദേശത്തില്‍ കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ യുക്രെയ്ന്‍ സന്ദര്‍ശനത്തിന്റേതല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് യുക്രെയ്നിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്തില്‍ യുക്രെയ്നിലെത്തുന്നതിന്റെ അപ്രായോഗികതയാണ് വസ്തുത പരിശോധനയിലേക്ക് നയിച്ചത്. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വിമാനത്താവളം കാണുന്നതിനാലും നിരവധി ഇന്ത്യക്കാര്‍ അദ്ദേഹത്തെ ദേശീയപതാകയുമായി വരവേല്‍ക്കുന്നത് കാണാവുന്നതിനാലും ഈ ദൃശ്യങ്ങള്‍ യുക്രെയ്നിലേതായിരിക്കില്ലെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് വീഡിയോയിലെ ഏതാനും കീഫ്രെയ്മുകള്‍ റിവേഴ്സ് ഇമേജ് പരിശോധന നടത്തിയതോടെ ദൃശ്യം 2023 ജൂണിലെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റേതാണെന്ന് വ്യക്തമായി. നരേന്ദ്രമോദിയുടെ യൂട്യൂബ് ചാനലില്‍തന്നെ 2023 ജൂണ്‍ 20 ന് നല്‍കിയ ദൃശ്യങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലെ അതേ ഭാഗങ്ങള്‍ കാണാം.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലും പ്രധാനമന്ത്രിയുടെ അമേരിക്ക-ഈജിപ്ത് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ കാണാം. ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2023 ജൂണിലെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റേതാണെന്ന് വ്യക്തമായി.
മറ്റ് മാധ്യമങ്ങളിലും പ്രധാനമന്ത്രിയ്ക്ക് അമേരിക്കയില്‍ ലഭിച്ച സ്വീകരണത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ കാണാം.
തുടര്‍ന്ന് പ്രധാനമന്ത്രിയുടെ യുക്രെയ്ന്‍ സന്ദര്‍ശനത്തെക്കുറിച്ച് പരിശോധിച്ചു. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2024 ഓഗസ്റ്റ് 23ന് അദ്ദേഹം യുക്രെയ്ന്‍ സന്ദര്‍ശിച്ചതായി കണ്ടെത്തി. എന്നാല്‍ പോളണ്ടില്‍നിന്ന് പ്രത്യേക ട്രെയിന്‍ മാര്‍ഗമാണ് അദ്ദേഹം യുക്രെയ്നിലെ കീവിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ദൂരദര്‍ശന്‍ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ യൂട്യൂബ് ചാനലിലും ഇതേ ദൃശ്യങ്ങള്‍ കാണാം.
വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ സുരക്ഷിതമായ യാത്രയ്ക്ക് ഫോഴ്സ്-വണ്‍ എന്ന പ്രത്യേക ട്രെയിനാണ് ലോകനേതാക്കള്‍ യുക്രെയന്‍ സന്ദര്‍ശനത്തിനായി ഉപയോഗിക്കുന്നത്. നേരത്തെ യുക്രെയ്ന്‍ സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഉള്‍പ്പെടെ മറ്റ് നേതാക്കളും ഈ ട്രെയിനിലാണ് പോളണ്ടില്‍നിന്ന് യുക്രെയ്നിലെത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
യുദ്ധസാഹചര്യം തുടരുന്ന യുക്രെയ്ന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വിമാനത്താവളത്തില്‍ ലഭിച്ച ഊഷ്മള വരവേല്‍പ്പിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2023 ലെ അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റേതാണ്. 2024 ഓഗസ്റ്റ് 23 ന് പ്രധാനമന്ത്രി യുക്രെയ്നില്‍ എത്തിയിരുന്നുവെങ്കിലും പോളണ്ടില്‍നിന്ന് ട്രെയിന്‍ മാര്‍ഗമായിരുന്നു യാത്ര.