സുഡാനില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങളുടെ നേര്‍ച്ചിത്രമെന്ന വിവരണത്തോടെ ഒരു അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആയുധധാരികളായ രണ്ടുപേര്‍ നടന്നടുക്കവെ മകനെ മാറോടുചേര്‍ക്കുന്ന അമ്മയുടെ ചിത്രമാണ് പ്രചരിക്കുന്നത്. തോക്കുചൂണ്ടിയ രണ്ടുപേരുടെ നിഴലിനൊപ്പം ഒരു കുഴിയില്‍ ഇരിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും ചിത്രമാണ് പ്രചരിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരെ മുസ്ലിംകള്‍ നടത്തുന്ന വംശീയ ആക്രമണമെന്ന തരത്തിലും നിരവധി പോസ്റ്റുകള്‍ കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രം നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയിലെ സ്ക്രീന്‍ഷോട്ട് ആണെന്നും വസ്തുതാപരിശോധനയില്‍ സ്ഥിരീകരിച്ചു.
പ്രചരിക്കുന്ന ചിത്രത്തിലെ ചില അസ്വാഭാവികതകളാണ് ആദ്യം ശ്രദ്ധയില്‍പെട്ടത്. തോക്കുചൂണ്ടിയയ ആയുധധാരികളുടെ നിഴല്‍ കാണാമെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും നിഴല്‍ ചിത്രത്തിലില്ല. തോക്കുപിടിച്ച കൈയ്യിന്റെ നിഴലിലും അസ്വാഭാവികതകളുണ്ട്. ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതിലൊരു വാട്ടര്‍മാര്‍ക്ക് ശ്രദ്ധയില്‍പെട്ടു. khoubaib.bz എന്ന വാട്ടര്‍മാര്‍ക്ക് സൂചനയാക്കി ഇന്‍സ്റ്റഗ്രാമില്‍ പരിശോധിച്ചതോടെ ഈ പേരിലുള്ള പേജില്‍ ചിത്രത്തിലെ അതേ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.
വീഡിയോ ദൃശ്യങ്ങളില്‍ ഇത് യഥാര്‍ത്ഥ വീഡിയോ അല്ലെന്ന് കൂടുതല്‍ വ്യക്തമായി. നിഴലുകള്‍ മുന്നോട്ടുനീങ്ങുന്നതിലടക്കം അസ്വാഭാവികതകള്‍ കാണാം. കൂടാതെ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം നല്‍കിയ വിവരണത്തില്‍ ഇത് എഐ ഉപയോഗിച്ച് നിര്‍മിച്ച ദൃശ്യങ്ങളാണെന്ന് വ്യക്തമാക്കുന്നുമുണ്ട്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ പേജില്‍ ഇത്തരത്തില്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ നിരവധി വീഡിയോകള്‍ പങ്കുവെച്ചതായും കണ്ടെത്തി. പേജിന്റെ പ്രൊഫൈലില്‍ ഡിജിറ്റല്‍ - എഐ ഉള്ളടക്ക നിര്‍മാതാവ് എന്ന രീതിയിലാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ എഐ നിര്‍മിതമാണെന്ന് വ്യക്തമായി.
Conclusion:
സുഡാനില്‍ ക്രൈസ്തവര്‍ക്കെതിരെ മുസ്ലിംകള്‍ നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം എഐ നിര്‍മിത വീഡിയോയിലെ സ്ക്രീന്‍ഷോട്ടാണ്. ഇതിന് സുഡാനുമായോ വംശീയ പ്രശ്നങ്ങളുമായോ ബന്ധമില്ലെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.