ക്രിസ്മസ് ദിനത്തില്‍ ബെത്-ലഹേമിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ആക്രമണമുണ്ടായതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ക്രിസ്മസ് പ്രാര്‍ത്ഥനാവേളയില്‍ പലസ്തീനികള്‍ ആക്രമിച്ചുവെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ക്രിസ്മസ് ദിനത്തിലുണ്ടായ അക്രമത്തിന്റെ ദൃശ്യങ്ങളല്ല ഇതെന്നും വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു.
പ്രചരിക്കുന്ന വീഡിയോയിലെ ഏതാനും കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇതേ ദൃശ്യങ്ങള്‍ 2022 ഒക്ടോബറില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി കണ്ടെത്തി. Shadi Khalloul എന്ന എക്സ് അക്കൗണ്ടില്‍നിന്ന് 2022 ഒക്ടോബര്‍ 29ന് പങ്കുവെച്ച വീഡിയോയ്ക്കൊപ്പം ഇത് ബെത്-ലഹേമിനടുത്തെ നഗരമായ ബെത്സഹൗറിലെ ക്രിസ്ത്യന്‍ ദേവാലയ ആക്രമിച്ചതിന്റെ ദൃശ്യങ്ങളാണെന്ന സൂചനയുണ്ട്.
ഈ സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ കീവേഡ് പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. Allarab News എന്ന വെബ്സൈറ്റില്‍ നല്‍കിയ വാര്‍ത്തയില്‍ ബെത്-ലഹേമിനടുത്തുള്ള ബെത്സഹൗര്‍ നഗരത്തിലെ ഓര്‍ത്തഡോക്സ് ചര്‍ച്ച് പലസ്തീനികളായ മുസ്ലിംകള്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. 2022 ഒക്ടോബര്‍ 28 വെള്ളിയാഴ്ച നടന്ന ആക്രമണത്തെ ക്രിസ്ത്യന്‍ പുരോഹിതര്‍ അപലപിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടില്‍ കാണാം.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമാനമായ നിരവധി റിപ്പോര്‍ട്ടുകള്‍ കണ്ടെത്താനായി. സംഭവത്തെ ക്രിസ്ത്യന്‍ പുരോഹിതര്‍ അപലപിച്ചതുമായി ബന്ധപ്പെട്ട് ജറുസലേം പോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാധ്യമവും വാര്‍ത്ത നല്‍കിയിട്ടുണ്ട്.
പ്രചരിക്കുന്ന വീഡിയോ ഉള്‍പ്പെടെ സംഭവത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് മറ്റ് വിവിധ ഓണ്‍ലൈന്‍ വാര്‍ത്താ വെബ്സൈറ്റുകളിലും റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. ചില യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ക്രിസ്മസ് ആഘോഷവുമായി ഇതിന് ബന്ധമില്ലെന്നും വ്യക്തമായി.
Conclusion:
ബെത്-ലഹേമിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ക്രിസ്മസ് കുര്‍ബാനയ്ക്കിടെ മുസ്ലിംകള്‍ നടത്തിയ ആക്രമണമെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2022 ഒക്ടോബര്‍ 28ന് ബെത്-ലഹേമിനടുത്ത് ബെത്സഹൗര്‍ നഗരത്തിലെ ഓര്‍ത്തഡോക്സ് പള്ളിയിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ലെെങ്കിലും ഇതിന് ക്രിസ്മസ് ആഘോഷവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചു.