മധ്യപ്രദേശില്‍ ഒരു കഫേയില്‍ നടത്തിയ പൊലീസ് റെയ്ഡ് ലവ് ജിഹാദ് വ്യക്തമാക്കുന്നുവെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സെപ്തംബര്‍ 15 ന് ഉണ്ടായ സംഭവമെന്ന അവകാശവാദത്തോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൊലീസ് ഒരു കഫേയുടെ താഴെ നിലയില്‍ പ്രവേശിക്കുന്നതും ഏതാനും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് കണ്ടെത്തുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
Vinod Menon എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്കൊപ്പം നല്കിയിരിക്കുന്ന കുറിപ്പില്‍ പിടിക്കപ്പെട്ടത് പതിനഞ്ച് മുസ്ലിം ആണ്‍കുട്ടികളും പതിനഞ്ച് ഹിന്ദു പെണ്‍കുട്ടികളുമാണെന്ന് അവകാശപ്പെടുന്നു.
Fact-check:
പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് സംവിധാനമുപയോഗിച്ച് പരിശോധിച്ചതോടെ വീഡിയോയിലെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച ഏതാനും മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ദൈനിക് ഭാസ്കര്‍ എന്ന ഹിന്ദി വാര്‍ത്താ പോര്‍ട്ടല്‍ ഒരുവര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇത് ആഗ്രയില്‍ നടന്ന സംഭവമാണെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് കൂടുതല്‍ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത് 2022 ജൂലൈയില്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന സംഭവമാണെന്ന് വ്യക്തമായി. പൊലീസ് റെയ്ഡിനിടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തതായി വാര്‍ത്തകള്‍ ലഭിച്ചു.
2022 ആഗസ്റ്റ് 12 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് 2022 ജൂലൈ അവസാനവാരം ആഗ്രയില്‍ നടന്ന സംഭവമാണെന്ന് സ്ഥിരീകരിക്കാനായി.
തുടര്‍ന്ന് പ്രചരിക്കുന്ന സന്ദേശത്തിലെ സാമുദായിക അവകാശവാദത്തെക്കുറിച്ച് പരിശോധിച്ചു. റിപ്പോര്‍ട്ടുകളില്‍ എവിടെയും പിടിക്കപ്പെട്ട വ്യക്തികളുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയതായി കണ്ടെത്താനായില്ല. തുടര്‍ന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചതോടെ ഈ അവകാശവാദം തെറ്റാണെന്ന് കണ്ടെത്താനായി.
തുടര്‍ന്ന് ആഗ്ര പൊലീസ് ഉദ്യോഗസ്ഥരുമായി ന്യൂസ്മീറ്റര്‍ ഫോണില്‍ ബന്ധപ്പെട്ടു. ആഗ്ര സിറ്റി പൊലീസ് കമ്മീഷണറുടെ പ്രതികരണം:
“ഇത് ഒരുവര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. ഇതില്‍ സാമുദായികപരമായ ഒന്നുമില്ല. വിഷയത്തില്‍ ആ കഫേ നടത്തിപ്പുകാര്‍ക്കെതിരെയാണ് കേസെടുത്തത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേക മതക്കാരാണോ എന്നതില്‍ പൊലീസ് അന്വേഷിക്കേണ്ട കാര്യമില്ല. അത്തരത്തില്‍ സാമുദായിക സ്പര്‍ധ പടര്‍ത്തുന്ന പ്രചരണങ്ങള്‍ മുന്‍പും ഉണ്ടായിരുന്നു. അത് ശരിയല്ല.”
സംഭവത്തില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. ഇതോടെ പ്രചരിക്കുന്ന സന്ദേശം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
മധ്യപ്രദേശിലെ ഹൂക്ക ബാറില്‍ നടന്ന പൊലീസ് റെയ്ഡില്‍ 15 മുസ്ലിം ആണ്‍കുട്ടികളെയും 15 ഹിന്ദു പെണ്‍കുട്ടികളെയും പിടികൂടിയെന്ന കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണ്. സംഭവം 2022 ജൂലൈയില്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇതില്‍ സാമുദായികപരമായ ഒന്നും ഉള്‍പ്പെട്ടിട്ടില്ലെന്നും സ്ഥിരീകരിച്ചു.