വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ റാലിയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. മുസ്ലിം ലീഗിന്റെ കൊടി ഉപയോഗിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയില്‍ തുറന്ന വാഹനത്തില്‍ പ്രിയങ്കഗാന്ധിയെയും കാണാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് - ലീഗ് സംഘര്‍ഷമല്ല വീഡിയോയിലുള്ളതെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത് മാതൃഭൂമി ന്യൂസിന്റെ ദൃശ്യങ്ങളാണ്. ലോഗോയ്ക്കടുത്ത് താഴെയായി 2024 നവംബര്‍ 11 എന്ന തിയതിയും കാണാം. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മാതൃഭൂമി ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ 2024 നവംബര്‍ 11 ന് ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്ക ഗാന്ധിയുടെ സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ കയ്യാങ്കളിയുണ്ടായതായാണ് റിപ്പോര്‍ട്ട്. നവംബര്‍ 10ന് വൈകിട്ട് വയനാട് വടുവന്‍ചാലില്‍ നടന്ന പ്രകടനത്തിനിടെ പ്രിയങ്ക ഗാന്ധിയുടെ തുറന്ന വാഹനത്തിന് മുന്നില്‍ പ്രകടനം നടത്തവെ വാഹനത്തിന് മുന്നില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ നീക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഇതേ റിപ്പോര്‍ട്ട് മാതൃഭൂമി ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചതായി കാണാം.
ഇതേ ദൃശ്യങ്ങള്‍ സഹിതം ANI പങ്കുവെച്ച വീഡിയോയിലും സംഘര്‍ഷമുണ്ടായത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും CRPF ഉദ്യോഗസ്ഥരും തമ്മിലാണെന്ന് സ്ഥിരീകരിക്കുന്നു.
ഇതോടെ ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷം എന്ന അടിക്കുറിപ്പോടെയുള്ള പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.
Conclusion:
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ റാലിയ്ക്കിടെ മുസ്ലിം ലീഗിന്റെ പതാക ഉപയോഗിച്ചതിന്റെ പേരില്‍ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രിയങ്ക ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.