മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട്ടെ തൃക്കരിപ്പൂരില്‍ വീടുകയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവെന്നതിന് പിന്നാലെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പച്ച നിറത്തില്‍ മുസ്‍ലിം ലീഗിന്റെ ചിഹ്നങ്ങളടങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍ ചെറിയൊരു വീടിന് മുന്നില്‍ വടികളുമായി എത്തി ആക്രോശിക്കുന്നതും ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ അഞ്ചുവര്‍ഷം പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പഴയ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. മാതൃഭൂമി ഇംഗ്ലീഷില്‍ 2020 ഡിസംബര്‍ 21ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സംഭവം കാഞ്ഞങ്ങാട് പഞ്ചായത്തിലെ കല്ലരുവി വാര്‍ഡിലാണെന്ന് നല്‍കിയിട്ടുണ്ട്. 2020-ലെ തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം മുസ്‍ലിം ലീഗിന് വോട്ട് ചെയ്തില്ലെന്നാരോപിച്ചായിരുന്നു ആക്രമണമമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ന്ന് ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ദി ന്യൂസ് മിനുറ്റ് ഉള്‍പ്പെടെ ചില ദേശീയമാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 2020 ഡിസംബര്‍ 22 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തതായും വിവരമുണ്ട്.
ദി ന്യൂസ്മിനുറ്റില്‍ ഉപയോഗിച്ചിരിക്കുന്ന സ്ക്രീന്‍ഷോട്ടിലെ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന വീഡിയോ സഹിതം ന്യൂസ് 18 മലയാളം യൂട്യൂബില്‍ പങ്കിട്ട റിപ്പോര്‍ട്ട് ലഭിച്ചു.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പഴയതാണെന്നും 2025 -ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും വ്യക്തമായി.
Conclusion:
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് വീടുകള്‍ കയറി ആക്രമണം അഴിച്ചുവിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങള്‍ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തേതാണെന്നും നിലവിലെ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.