മണിപ്പൂര്‍: മതസ്പര്‍ധ പടര്‍ത്തുന്ന വര്‍ഗീയ പ്രചരണങ്ങളെ അറിയാം, ചെറുക്കാം
കുകി വംശജരായ യുവതികളെ നഗ്നരാക്കി നടത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവം രാജ്യത്തെ നടുക്കിയ വേളയില്‍ കേസുമായി ബന്ധപ്പെട്ട് വര്‍ഗീയ ലക്ഷ്യങ്ങളോടെ ചില മുസ്ലിം പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു.
By - HABEEB RAHMAN YP | Published on 22 July 2023 1:49 AM ISTമണിപ്പൂരിലെ സംഘര്‍ഷം രണ്ട് മാസത്തിലധികമായി തുടരുകയാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന ആരോപണങ്ങളും ശക്തമാണ്. മണിപ്പൂരിലെ മെയ്തി, കുകി വംശജര്‍ക്കിടയില്‍ മെയ് ആദ്യവാരം രൂക്ഷമായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെ നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും സംഘര്‍ഷത്തിന് അയവുണ്ടായില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മെയ് ആദ്യവാരം സംഭവിച്ച ഒരു ഹീനകൃത്യം രാജ്യമറിയുന്നത്. കുകി വംശജരായ രണ്ട് യുവതികളെ നഗ്നരാക്കി പൊതുവഴിയില്‍ നടത്തുന്ന ദൃശ്യങ്ങള്‍ 2023 ജൂലൈ 19 ന് പുറത്തുവന്നത് രാജ്യത്തെ ഒന്നടങ്കം നടുക്കി. സംഘര്‍ഷം തുടങ്ങിയശേഷം ആദ്യമായി പ്രധാനമന്ത്രി ഈ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതിന് പിന്നാലെ അന്വേഷണത്തിന് വേഗം കൂടി. സംഭവത്തില്‍ 2023 ജൂലൈ 20 ന് രാവിലെ മുഖ്യപ്രതിയെയും വൈകീട്ടോടെ മറ്റ് മൂന്ന് പേരെയും മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനുശേഷമാണ് അറസ്റ്റിലായവര്‍ മുസ്ലിം നാമധാരികളാണെന്ന അവകാശവാദത്തോടെ ചില സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
അഘോരി എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച മുഖ്യപ്രതിയുടെ ചിത്രത്തിനൊപ്പം അയാളുടെ പേര് ഷെറാബാസ് എന്നാണെന്നും, റോഹിങ്ക്യനാണെന്നും അവകാശപ്പെടുന്നതായി കാണാം. ബിജെപി പിടവൂര്‍ എന്ന പേജില്‍നിന്നും ഇതേ സന്ദേശം പങ്കുവെച്ചതായി കാണാം.
East Coast Daily വെരിഫൈഡ് ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച വാര്‍ത്തയില്‍ മുഖ്യപ്രതിയുടെ വീടിന് തീയിട്ടുവെന്ന വാര്‍ത്തയ്ക്കൊപ്പം PREPAK നേതാവായ അബ്ദുല്‍ ഹിലീമും അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
Fact-check:
രണ്ട് പേരുകളാണ് പ്രചരിക്കുന്ന സന്ദേശങ്ങളില്‍ കാണാനാവുന്നത്. മുഖ്യപ്രതിയുടെ പേര് ഷെറാബാസ് എന്നാണെന്നും, അയാള്‍ റോഹിങ്ക്യനാണെന്നും അവകാശപ്പെടുന്ന സന്ദേശങ്ങള്‍ മിക്കതും ജൂണ്‍ 20ന് പങ്കുവെച്ചതാണെന്ന് കാണാം. രണ്ടാമതായി അബ്ദുല്‍ ഹിലീം എന്ന പേര് ഉപയോഗിച്ച സന്ദേശങ്ങള്‍ മിക്കതും ജൂലൈ 21 നാണ് പങ്കുവെച്ചിരിക്കുന്നത്.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. ഇതിനായി മണിപ്പൂര്‍ പൊലീസിന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പരിശോധിച്ചു.
ജൂലൈ 20 ന് വൈകീട്ട് പങ്കുവെച്ച സന്ദേശത്തില്‍ കേസുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കുന്നു. എന്നാല്‍ പ്രതികളുടെ പേരുവിവരങ്ങള്‍ പൊലീസിന്‍റെ കുറിപ്പിലില്ല. തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു.
ഹിന്ദുസ്ഥാന്‍ ടൈംസ് ജൂലൈ 21 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആദ്യം അറസ്റ്റിലായ വ്യക്തിയുടെ പേര് ഹെയ്റം ഹീര ദാസ് എന്ന് നല്‍കിയതായി കാണാം.
തുടര്‍ന്ന് ഈ കീവേഡ് ഉപയോഗിച്ച് ട്വിറ്ററില്‍ നടത്തിയ തെരച്ചിലില്‍ ജൂലൈ 20 ന് വൈകീട്ട് ANI പങ്കുവെച്ച ട്വീറ്റില്‍ സമാനമായ പേര് നല്കിയതായി കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയില്‍ പച്ച ടീഷര്‍ട്ട് ധരിച്ച മുഖ്യപ്രതി ഹുയിറെം ഹെറോദാസ് മെയ്തെയ് (32) ആണ് ചിത്രത്തിലുള്ളതെന്ന് ANI റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഈ ഫോട്ടോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന “ഷെറാബാസ്” എന്ന പേര് വ്യാജമാണെന്ന് വ്യക്തമായി. ഇയാള്‍ റോഹിങ്ക്യനല്ലെന്നും മെയ്തെയ് വിഭാഗത്തില്‍പെട്ടയാളാണെന്നും ANI, PTI റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുഖ്യപ്രതിയായ ഇയാളുടെ വീടിന് നാട്ടുകാര്‍ തീയിട്ടതായി മലയാളമാധ്യമങ്ങള്‍ ഉള്‍പ്പെടെ ജൂലൈ 21 ന് റിപ്പോര്‍ട്ട് ചെയ്തു.
വസ്തുത പരിശോധനയുടെ രണ്ടാം ഘട്ടത്തില്‍ പിന്നീട് അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ട മുസ്ലിം നാമധാരിയായി അബ്ദുല്‍ ഹിലീം എന്ന പേര് അവകാശപ്പെട്ടതായി കാണാം. PREPAK നേതാവായ ഇദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മണിപ്പൂര്‍ പൊലീസിന്റെ ട്വീറ്റ് കണ്ടെത്തി.
ജൂലൈ 20 ന് വൈകീട്ട് 9.41 ന് പങ്കുവെച്ച ഈ ട്വീറ്റ് ഇതിന് തൊട്ടുമുന്‍പ് പങ്കുവെച്ച ട്വീറ്റുകളോട് ചേര്‍ന്നുള്ളതല്ലെന്ന് വ്യക്തമാണ്. കൂടാതെ, വീഡിയോയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ട്വീറ്റില്‍ ഇല്ലെന്നതും ഇംഫാല്‍ ഈസ്റ്റ് ജില്ലാ പൊലീസ് പരിധിയിലെ അറസ്റ്റെന്ന പരാമര്‍ശവും ഇത് മറ്റൊരു കേസാണെന്ന് വ്യക്തമാക്കുന്നു.
തുടര്‍ന്ന് മണിപ്പൂര്‍ പൊലീസ് ഇതേദിവസം പുറത്തിറക്കിയ പത്രക്കുറിപ്പ് പരിശോധിച്ചു. ഇതിലും നേരത്തെ റിപ്പോര്‍ട്ട് ചെയ്ത നാല് പേരുടെ അറസ്റ്റും അബ്ദുല്‍ ഹിലീം എന്ന വ്യക്തിയുടെ അറസ്റ്റും വെവ്വേറെ നല്കിയതായി കാണാം.
സമാന കീവേഡുകള്‍ ഉപയോഗിച്ച് ട്വിറ്ററില്‍ നടത്തിയ പരിശോധനയില്‍ ANI ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത നല്കിയതിന് ക്ഷമാപണം നടത്തിയതായും കണ്ടെത്താനായി.
ഇതോടെ അബ്ദുല്‍ ഹിലീം എന്ന വ്യക്തിയുടെ അറസ്റ്റിന് സ്ത്രീകള്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമ കേസുമായി ബന്ധമില്ലെന്ന് വ്യക്തമായി. ANI നല്കിയ തെറ്റായ വാര്‍ത്തയാണ് നിരവധി പേര്‍ പങ്കുവെച്ചത്. ഇതുസംബന്ധിച്ച് മീഡിയവണ്‍ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ നടത്തിയ ചര്‍ച്ചയും ലഭ്യമായി.
ഇതോടെ മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തി വീഡിയോ പ്രചരിപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന മുസ്ലിം പേരുകളും മതസ്പര്‍ധ പടര്‍ത്തുന്ന സന്ദേശങ്ങളും വ്യാജമാണെന്ന് വ്യക്തമായി.
Conclusion:
മണിപ്പൂരില്‍ മെയ് നാലിന് കുകി വംശജരായ യുവതികളെ നഗ്നരാക്കി പൊതുവഴിയില്‍ നടത്തുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പിന്നീട് കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ മുസ്ലിം പേരുകള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നും മതസ്പര്‍ധ ലക്ഷ്യമിട്ടുള്ളതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. മെയ്തെയ് വിഭാഗത്തില്‍പെട്ട മുഖ്യപ്രതിയുടെ പേര് ഹുയിറെം ഹെറോദാസ് മെയ്തെയ് എന്നാണ്. അബ്ദുല്‍ ഹിലീം എന്നയാളുടെ അറസ്റ്റിന് ഈ കേസുമായി ബന്ധമില്ല. അറസ്റ്റിലായ മറ്റ് പ്രതികളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ കണ്ടെത്തി.
മതസ്പര്‍ധ പടര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വര്‍ഗീയ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് വായനക്കാരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.