തീവണ്ടി അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് പകരം ഖുര്‍ആന്‍ പാരായണം ചെയ്യുന്ന മുസ്ലിം പുരോഹിതനെന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മെറ്റയുടെ ഏറ്റവും പുതിയ സമൂഹമാധ്യമമായ ത്രെഡ്സില്‍ പങ്കുവെച്ച ചിത്രത്തില്‍ മുസ്ലിം വേഷമണിഞ്ഞ ഒരാള്‍ റെയില്‍പാളത്തിലിരുന്ന ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പശ്ചാത്തലത്തില്‍ പാളംതെറ്റിയ ഒരു തീവണ്ടിയും സമീപം ഏതാനും പൊലീസുകാരെയും കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രം നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
പ്രാഥമികമായി നടത്തിയ പരിശോധനയില്‍തന്നെ ചിത്രം AI സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാകാമെന്നതിന്റെ വ്യക്തമായ സൂചന ലഭിച്ചു. ചിത്രത്തിലെ പൊലീസുകാരില്‍ ആരുടെയും മുഖം പൂര്‍ണമല്ല. മുഖത്തിന്റെ ആകൃതി മാത്രമാണ് നല്‍കിയരിക്കുന്നത്. ഇത് നിര്‍മിതബുദ്ധി ചിത്രങ്ങളില്‍ പൊതുവില്‍ കണ്ടുവരുന്ന പ്രശ്നമാണ്. കൂടാതെ കൈവിരലുകളിലെ അപൂര്‍ണതയും ചിത്രത്തില്‍ കാണാം. ട്രെയിന്‍ പാളംതെറ്റി ഇടതുവശത്തേക്ക് തെന്നിമാറിയപോലെയാണ് ചിത്രമെങ്കിലും ട്രാക്കില്‍ അതിന്റെ ഏതെങ്കിലും അടയാളമോ കേടുപാടുകളോ ഇല്ലെന്നതും ശ്രദ്ധേയം.
ചിത്രം AI നിര്‍മിതമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇവ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ചില പ്ലാറ്റ്ഫോമുകളില്‍ പരിശോധിച്ചു. Hive Moderation, MaybeAI തുടങ്ങിയ വെബ്സൈറ്റുകളും ഇത് നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് ചിത്രത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം നടത്തി. റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ ചിത്രം വിവിധ യൂട്യൂബ് വീഡിയോകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചതായി കണ്ടെത്തി. BCA എന്ന പേരില്‍ ഒരു ഹെല്‍ത്ത് ആന്റ് ബ്യൂട്ടി പേജ് എന്ന ആമുഖത്തോടെ തയ്യാറാക്കിയ ഫെയ്സ്ബുക്ക് പേജില്‍ ഈ ചിത്രമുള്‍പ്പെടെ സമാനമായ നിരവധി ചിത്രങ്ങള്‍ കണ്ടെത്തി. എല്ലാം നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചവയാണ്.
2024 ജൂലൈ 14നാണ് ഈ ചിത്രം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. BMW വിനെക്കുറിച്ചുള്ള വിവരണത്തിനൊപ്പമാണ് ഈ ചിത്രവും സമാനമായ മറ്റുചില ചിത്രങ്ങളും നല്‍കയിരിക്കുന്നത്. ഇവയെല്ലാം AI ചിത്രങ്ങളാണ്.
ഇതോടെ പ്രചരിക്കുന്നത് യഥാര്‍ത്ഥ ചിത്രമല്ലെന്നും AI സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണെന്നും വ്യക്തമായി. അതേസമയം ഈ ചിത്രം മറ്റ് പല സമൂഹമാധ്യമങ്ങളിലും 2024 ജൂലൈ 14 ന് മുന്‍പുതന്നെ പങ്കുവെച്ചതായും കാണാം. അതിനാല്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് ഈ ചിത്രം തയ്യാറാക്കിയത് ആരെന്ന് സ്ഥിരീകരിക്കാനായില്ല.
Conclusion:
പാളം തെറ്റിയ ട്രെയിനിന് മുന്നിലില്‍ പാളത്തിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന മുസ്ലിം പുരോഹിതന്റേതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.