കുംഭമേള നടക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജിലേക്ക് ഹൈദരാബാദില്‍നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനില്‍ ചില മുസ്ലിം യുവാക്കള്‍ തീവെച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. തത്വമയി എന്ന ഓണ്‍ലൈന്‍ ചാനലാണ് മതസ്പര്‍ധ പടര്‍ത്തുന്ന വിവരണത്തോടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന വീഡിയോ ഒന്നര വര്‍ഷത്തിലേറെ പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ യൂട്യൂബ് ചാനലില്‍ ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. 2022 ജൂണ്‍ 23ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ തെലങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടിയില്‍ യുവാക്കള്‍ തീയിട്ടതായാണ് വാര്‍ത്ത.
2023 ജൂണ്‍ 17-നായിരുന്നു സംഭവം. അഗ്നിപഥ് പദ്ധതിയ്ക്കെതിരെ പ്രതിഷേധവുമായെത്തിയ യുവാക്കള്‍ ട്രെയിനിന് തീവെച്ചുവെന്നും സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് കുംഭമേളയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
തീവെച്ചത് മുസ്ലിം യുവാക്കളാണെന്ന വീഡിയോയിലെ രണ്ടാം അവകാശവാദമാണ് തുടര്‍ന്ന് പരിശോധിച്ചത്. ഇതിനായി കീവേഡുകള്‍ ഉപയോഗിച്ച് എക്സ് ഉള്‍പ്പെടെ പ്ലാറ്റ്ഫോമുകളില്‍ പരിശോധന നടത്തി. ആര്‍എസ്എസ് അനുകൂല മാസികയായ ഓര്‍ഗനൈസര്‍ 2023 ജൂണ്‍ 22 ന് ഇതേ ദൃശ്യങ്ങള്‍ സഹിതം പങ്കുവെച്ച ട്വീറ്റില്‍ ആദിലാബാദ് സ്വദേശി പൃഥ്വിരാജാണ് ട്രെയിനിന് ആദ്യം തീവെച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് വ്യക്തമാക്കുന്നു.
ഇ-ടിവി ഭാരത് ഉള്‍പ്പെടെ വിവിധ ദേശീയമാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. സന്തോഷ്, പൃഥ്വിരാജ് എന്നിവരാണ് പെട്രോളുമായി ട്രെയിനിനകത്ത് കയറി തീവെച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇ-ടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ പ്രചാരണത്തിലെ രണ്ടാം അവകാശവാദവും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
കുംഭമേളയ്ക്കായി ഹൈദരാബാദില്‍നിന്ന് പ്രയാഗ്‍രാജിലേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനില്‍ മുസ്ലിം യുവാക്കള്‍ തീയിട്ടുവെന്ന് പ്രചാരണം വാസ്തവവിരുദ്ധമാണ്. 2023ല്‍ അഗ്നിപഥ് പദ്ധതിയ്ക്കെതിരെ നടന്ന പ്രതിഷേധത്തില്‍നിന്നുള്ള ദൃശ്യങ്ങളാണിതെന്നും ഇതിലെ പ്രതികള്‍ മുസ്ലിം യുവാക്കളല്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.