ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധത്തില്‍ സാമുദായിക സ്പര്‍ധ പടര്‍ത്തുന്ന വ്യാജപ്രചരണവുമായി 'ഓര്‍ഗനൈസര്‍' വാരിക

2019 ല്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീര്‍ കൊല്ലപ്പെടാനിടയായ വാഹനാപകടത്തില്‍ മദ്യപിച്ച് വാഹനമോടിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചിന്‍റെ ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്.

By HABEEB RAHMAN YP  Published on  3 Aug 2022 10:34 AM GMT
ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധത്തില്‍ സാമുദായിക സ്പര്‍ധ പടര്‍ത്തുന്ന വ്യാജപ്രചരണവുമായി ഓര്‍ഗനൈസര്‍ വാരിക

സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ മേധാവിയായിരുന്ന കെ. എം. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കേരള മുസ്ലീം ജമാഅത്ത് നടത്തിയ പ്രതിഷേധത്തെ വക്രീകരിച്ച് 'ഓര്‍ഗനൈസര്‍' വാരിക. ഹിന്ദു ബ്രാഹ്മണനായ ജില്ലാ കലക്ടറുടെ നിയമനത്തെ എതിര്‍ത്ത് മുസ്ലീംകള്‍ കൂട്ടപ്രദക്ഷിണം നടത്തുന്നു എന്ന തലക്കെട്ടോടെ 'ഓര്‍ഗനൈസറി'ന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് മലപ്പുറത്ത് നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സാമുദായിക സ്പര്‍ധ വളര്‍ത്താനിടയാക്കുന്ന ഈ പ്രചരണം വ്യാജമാണെന്നും തെറ്റിദ്ധാരണാജനകമാണെന്നും ന്യൂസ്മീറ്ററിന്റെ ഫാക്ട്-ചെക്കില്‍ വ്യക്തമായി. നിരവധി പേരാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ അടിക്കുറിപ്പോടെ ഇതിനകം പങ്കുവെച്ചിരിക്കുന്നത്.

വ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസം കലക്ടര്‍ പദവിയില്‍നിന്ന് സര്‍ക്കാര്‍ മാറ്റിയിരുന്നു.

"ഹിന്ദു ബ്രാഹ്മണനായ ജില്ലാ കലക്ടറുടെ നിയമനത്തെ എതിര്‍ത്ത് മുസ്ലിംകളുടെ കൂട്ടപ്രദക്ഷിണം" എന്ന തലക്കെട്ടോടെ ഓര്‍ഗനൈസര്‍ വാരിക ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ:

Fact-check/ ഫാക്ട്-ചെക്ക്:

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ആരോപണവിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥന് ഒരു ജില്ലയുടെ മുഴുവന്‍ അധികാരവും നല്‍കുന്ന പദവി നല്‍കിയതിലാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധമുയര്‍ന്നത്. അപകടത്തില്‍ മരണപ്പെട്ടത് കേരളത്തിലെ പ്രമുഖ മുസ്ലിം സംഘടനയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന സിറാജ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായിരുന്നതിനാലാണ് കേരള മുസ്ലിം ജമാഅത്ത് എന്ന സംഘടന പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയതെന്നും ഇതിന് പിന്നില്‍ മതപരമായ യാതൊരു കാരണങ്ങളുമില്ലെന്നും സിറാജ് അധികൃതര്‍ ന്യൂസ് മീറ്ററിനോട് വ്യക്തമാക്കി. പ്രതിഷേധം സംബന്ധിച്ച് സിറാജ് ദിനപത്രത്തില്‍ ജൂലൈ 30 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയും ഇത് വ്യക്തമാക്കുന്നു.

കേരള മുസ്ലിം ജമാഅത്തിന്‍റെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 'സിറാജ്' ദിനപത്രത്തില്‍ ജൂലൈ 30 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത:


തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കലക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് വാര്‍ത്തയില്‍ വിശദമാക്കിയിട്ടുണ്ട്.

ന്യൂസ്മീറ്റര്‍ നടത്തിയ കീ-ഫ്രെയിം പരിശോധനയില്‍ 'ഓര്‍ഗനൈസര്‍' പങ്കുവെച്ച വീഡിയോ മലപ്പുറം കലക്ടറേറ്റിലേക്ക് നടന്ന പ്രതിഷേധത്തിന്‍റേതാണെന്ന് വ്യക്തമായി.

പ്രചരിക്കുന്ന വീഡിയോ മലപ്പുറത്ത് നടന്നതാണെന്ന് തെളിയിക്കുന്ന കീ-ഫ്രെയിം ഇമേജ്:


ഇതുമായി ബന്ധപ്പെട്ട് മലപ്പുറം DySP ഓഫീസില്‍ ന്യൂസ്മീറ്റര്‍ ബന്ധപ്പെടുകയും പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും മതസ്പര്‍ധ വളര്‍ത്തുന്നതോ സാമുദായിക ധ്രുവീകരണം ലക്ഷ്യമിടുന്നതോ ആയ മുദ്രാവാക്യങ്ങളൊന്നും പ്രതിഷേധത്തില്‍ ഇല്ലായിരുന്നുവെന്നും അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ‌

പ്രസ്തുത ട്വീറ്റിന് താഴെ നിരവധിപേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകള്‍ രേഖപ്പെടുത്തുന്നുണ്ട്. "ആലപ്പുഴയിലെ ജനസംഖ്യ കേവലം 24 ശതമാനം മാത്രമായിരുന്നിട്ടും കലക്ടറെ മാറ്റേണ്ടിവന്നുവെങ്കില്‍ അത് ഭീകരവാദത്തിന്‍റെ ശക്തിയാണെ"ന്ന് ഒരാള്‍ ട്വീറ്റിന് താഴെ പ്രതികരിച്ചു. വീഡിയോ മലപ്പുറത്ത് നടന്ന പ്രതിഷേധത്തിന്‍റേതാണെന്നിരിക്കെ ഇത്തരം കമന്‍റുകളും തെറ്റിദ്ധാരണാജനകമാണ്.

"ആലപ്പുഴയിലെ ജനസംഖ്യ കേവലം 24 ശതമാനം മാത്രമായിരുന്നിട്ടും കലക്ടറെ മാറ്റേണ്ടിവന്നുവെങ്കില്‍ അത് ഭീകരവാദത്തിന്‍റെ ശക്തിയാണെ"ന്ന് കാണിച്ച് ഒരാളുടെ പ്രതികരണം:

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആലപ്പുഴ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് 'ദി ഹിന്ദു' ജൂലൈ 25ന് പ്രസിദ്ധീകരിച്ച വാര്‍ത്ത:

https://www.thehindu.com/news/national/kerala/congress-intensifies-stir-against-sriram-venkitaramans-appointment-as-alappuzha-collector/article65681174.ece

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം പങ്കെടുക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ യോഗം കോണ്‍ഗ്രസും മുസ്ലീം ലീഗും ബഹിഷ്ക്കരിച്ചതുമായി ബന്ധപ്പെട്ട് 'മാതൃഭൂമി' ജൂലൈ 29ന് പ്രസിദ്ധീകരിച്ച വാര്‍ത്ത:

https://www.mathrubhumi.com/news/kerala/nehru-trophy-vallam-kali-alappuzha-collector-sreeram-venkitaraman-attend-meeting-1.7738807

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രവര്‍ത്തക യൂണിയന്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് 'ഏഷ്യാനെറ്റ് ന്യൂസ്' ജൂലൈ 27 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത:

https://www.asianetnews.com/kerala-news/kuwj-protest-march-against-sreeram-venkataramans-appointment-as-alapuzha-collector-rfo4o1

Conclusion/നിഗമനം

മദ്യപിച്ച് വാഹനമോടിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ കേസില്‍ വിചാരണ നേരിടുന്ന വ്യക്തിയ്ക്ക് ഒരു ജില്ലയുടെ മുഴുവന്‍ അധികാരവുമുള്ള പദവി നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേരള മുസ്ലിം ജമാഅത്ത് ഉള്‍പ്പെടെ സംഘടനകള്‍ പ്രതിഷേധം നടത്തിയത്. തങ്ങളുടെ സംഘടനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രത്തിലെ ജീവനക്കാരന്‍റെ മരണത്തിന് കാരണമായ അപകടത്തില്‍ പ്രതിഷേധം എന്ന നിലയ്ക്കാണ് കേരള മുസ്ലിം ജമാഅത്ത് എന്ന സംഘടന സമരത്തിനിറങ്ങിയതെന്നും സമരം സമാധാനപൂര്‍ണമായിരുന്നുവെന്നും ന്യൂസ്മീറ്ററിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. ഇതില്‍ മതപരമോ സാമുദായികമോ ആയ മറ്റൊരു കാരണവുമില്ല എന്നും സ്ഥിരീകരിക്കാന്‍ സാധിച്ചു.. പ്രതിഷേധ വീഡിയോ തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത് മതസ്പര്‍ധയും സാമുദായിക ധ്രുവീകരണവും മാത്രം ലക്ഷ്യമിട്ടാണെന്നും ആയതിനാല്‍ പ്രസ്തുത വീഡിയോ പങ്കുവെയ്ക്കരുതെന്നും അഭ്യര്‍ഥിക്കുന്നു.

    ശ്രീറാം വെങ്കിട്ടരാമനെ ജില്ലാകലക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ചത് കേരള മുസ്ലീം ജമാഅത്ത് മാത്രമല്ലെന്നും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് തുടങ്ങിയ രാഷ്ട്രീയ-യുവജന പ്രസ്ഥാനങ്ങളും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) ഉള്‍പ്പെടെ സംഘടനകളും വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ടെന്നും ന്യൂസ്മീറ്ററിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. വിവിധ പ്രാദേശിക - ദേശീയ മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതുമാണ്.

    • അവകാശവാദം: കേരളത്തില്‍ ഹിന്ദു ബ്രാഹ്മണനായ ജില്ലാ കലക്ടറുടെ നിയമനത്തില്‍ പ്രതിഷേധിച്ച് മുസ്ലിംകള്‍ കൂട്ടപ്രദക്ഷിണം നടത്തി.
    • അവകാശവാദം ഉന്നയിച്ചത്: ഓര്‍ഗനൈസര്‍ വാരിക ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ
    • അവകാശവാദം പരിശോധിച്ചത്: ന്യൂസ്മീറ്റര്‍
    • ഫാക്ട് ചെക്ക് ഫലം: അവകാശവാദം വ്യാജവും തെറ്റിദ്ധാരണാജനകവുമാണ്.
    Claim Review:Muslims in large numbers took out a procession opposing the appointment of a new IAS collector, who is a Hindu Brahmin.
    Claimed By:Twitter Users
    Claim Reviewed By:Newsmeter
    Claim Source:Twitter
    Claim Fact Check:False
    Next Story