കുംഭമേളയ്ക്ക് ഭക്തര്‍ യാത്ര ചെയ്ത ട്രെയിന്‍ മുസ്ലിം തീവ്രവാദികള്‍ ചേര്‍ന്ന് ആക്രമിച്ചുവെന്ന സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഒരുകൂട്ടം ആളുകള്‍ യാത്രക്കാരുള്ള ട്രെയിന്‍ ആക്രമിക്കുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്യുന്ന ദൃശ്യം സഹിതമാണ് പ്രചാരണം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുസ്ലിം തീവ്രവാദികളല്ല ട്രെയിന്‍ ആക്രമിച്ചതെന്നും സംഭവത്തിന് യാതൊരു വര്‍ഗീയമാനവുമില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ദൃശ്യങ്ങളിലുള്ളത് ജയനഗര്‍ - ന്യൂഡല്‍ഹി ട്രെയിനാണെന്ന് മനസ്സിലായി. തുടര്‍ന്ന് ഈ കീവേഡുകള്‍ സഹിതം നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇന്ത്യന്‍ എക്സ്പ്രസ് പങ്കുവെച്ച യൂട്യൂബ് വീഡിയോ ലഭിച്ചു.
ജനത്തിരക്കിനെത്തുടര്‍ന്ന് മഹാകുംഭമേള തീര്‍ത്ഥാടകര്‍ ട്രെയിന്‍ തകര്‍ത്തുവെന്നാണ് വിവരണം നല്‍കിയിരിക്കുന്നത്. പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള അതേ ട്രെയിനിന്റെ വീഡിയോയാണ് ഇന്ത്യന്‍ എക്സ്പ്രസ് നല്‍കിയിരിക്കുന്നതെന്നും കണ്ടെത്തി. വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിശദാംശങ്ങളില്‍ ബീഹാറിലെ മധുബാനി റെയില്‍വേ സ്റ്റേഷനില്‍ സ്വതന്ത്രതസേനാനി എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായതെന്നും മനസ്സിലാക്കാനായി.
ന്യൂസ് 18 രാജസ്ഥാന്‍ ഇതുസംബന്ധിച്ച് യൂട്യൂബില്‍ പങ്കുവെച്ച വാര്‍ത്താറിപ്പോര്‍ട്ടും ലഭിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഈ റിപ്പോര്‍ട്ടിലും കാണാം. ബീഹാറിലെ മധുബാനി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവമെന്ന് ഇതോടെ വ്യക്തമായി.
തുടര്‍ന്ന് കൂടുതല്‍ സ്ഥിരീകരണത്തിനായി ഈ സൂചനകള്‍കൂടി ഉള്‍പ്പെടുത്തി നടത്തിയ വിശദമായ കീവേഡ് പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. ദി ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ്, എന്‍ഡിടിവി തുടങ്ങിയ മുന്‍നിര മാധ്യമങ്ങളും സംഭവവുമായി ബന്ധപ്പെട്ട് വെബ്സൈറ്റില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
എബിപി ന്യൂസ് വെബ്സൈറ്റിലും വീഡിയോ സഹിതം വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ഈ റിപ്പോര്‍ട്ടുകളിലെല്ലാം പറയുന്നത് പ്രകാരം 2025 ജനുവരി 10ന് രാത്രി ബീഹാറിലെ മധുബാനി റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയിനില്‍ കയറാന്‍പോലും സ്ഥലമില്ലാത്തതില്‍ പ്രകോപിതരായ ഭക്തര്‍ ട്രെയിനിന്റെ എസി കോച്ചുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ട്രെയിനില്‍ കയറാനെത്തിയവര്‍ തന്നെയാണ് പ്രകോപിതരായി ട്രെയിന്‍ ആക്രമിച്ചതെന്ന് എല്ലാ റിപ്പോര്‍ട്ടുകളും ഒരുപോലെ വ്യക്തമാക്കുന്നു.
Conclusion:
കുംഭമേളയ്ക്ക് പോവുകയായിരുന്ന ട്രെയിന്‍ മുസ്ലിം തീവ്രവാദികള്‍ തകര്‍ത്തുവെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബീഹാറിലെ മധുബാനിയില്‍ നടന്ന സംഭവത്തില്‍ ജനത്തിരക്കുമൂലം പ്രകോപിതരായ ഭക്തര്‍ തന്നെയാണ് ട്രെയിനിന്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തതെന്ന് സ്ഥിരീകരിച്ചു. സംഭവത്തിന് വര്‍ഗീയ മാനങ്ങളില്ലെന്നും വ്യക്തമായി.