മോദിയുടെ പഠനം ഹൈസ്കൂള്‍ വരെ മാത്രമോ? പ്രചരിക്കുന്ന വീഡിയോയുടെ വസ്തുതയറിയാം
ഒരു അഭിമുഖത്തില്‍ താന്‍ ഹൈസ്കൂള്‍ വരെയാണ് പഠനം പൂര്‍ത്തിയാക്കിയതെന്ന് നരേന്ദ്രമോദി തന്നെ പറയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP |
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പഴയ അഭിമുഖത്തില്‍ താന്‍ ഹൈസ്കൂള്‍ വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്ന് പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചര്‍ച്ചകള്‍ രാഷ്ട്രീയത്തില്‍ സജീവമായ പശ്ചാത്തലത്തിലാണ് പ്രചരണം. പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴ വിധിച്ചിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്ന് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. പ്രധാനമന്ത്രി ഹൈസ്കൂളിനപ്പുറം പഠിച്ചിട്ടില്ലെന്ന അവകാശവാദത്തോടൊപ്പം വീഡിയോ ചേര്‍ത്താണ് പ്രചരണം.
We Hate BJP എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച വീഡിയോയ്ക്കൊപ്പം ഈ അവകാശവാദങ്ങള്‍ കാണാം. അഡ്വ. ശ്രീജിത്ത് പെരുമന അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്നും ഈ വീഡിയോ പങ്കുവെച്ചതായി കാണാം.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു.
ആകെ 20 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. താങ്കള്‍ എത്രവരെ പഠിച്ചു എന്ന അവതാരകന്റെ ചോദ്യത്തിന് 17-ാം വയസ്സില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി വീടുവിട്ടിറങ്ങിയെന്ന് പറയുന്ന മോദി ഹൈസ്കൂള്‍ വരെയാണ് പഠിച്ചതെന്ന് ആവര്‍ത്തിക്കുന്നതും കാണാം. വീഡിയോയിലെ ശബ്ദശകലം ഹിന്ദി ട്രാന്‍സ്ക്രൈബ് ചെയ്ത ശേഷം ഗൂഗ്ള്‍ ട്രാന്‍സലേറ്റ് ഉപയോഗിച്ച് തര്‍ജമ ചെയ്തത് താഴെ:
എന്നാല്‍ 20 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ പൂര്‍ണ വീഡിയോ അന്വേഷിച്ചു. ചില കീവേഡുകളുപയോഗിച്ച് യൂട്യൂബില്‍ നടത്തിയ തെരച്ചിലില്‍ വിവിധ അക്കൗണ്ടുകളില്‍നിന്ന് ഈ വീഡിയോയുടെ വ്യത്യസ്ത ദൈര്‍ഘ്യമുള്ള പതിപ്പുകള്‍ പങ്കുവെച്ചതായി കണ്ടെത്തി. Ru-Ba-Ru എന്ന സീരീസില്‍ രാജീവ് ശുക്ല നരേന്ദ്രമോദിയുമായി 2001-ല്‍ നടത്തിയ അഭിമുഖമാണിതെന്ന് മനസ്സിലായി.
യൂട്യൂബില്‍നിന്ന് ലഭ്യമായ വിവിധ വീഡിയോകളില്‍ ദൈര്‍ഘ്യമേറിയ പതിപ്പ് പരിശോധിച്ചു. 23 മിനുറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 20:51 മുതല്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ലഭ്യമായി.
ഹൈസ്കൂള്‍ പഠനത്തിന് ശേഷം തുടര്‍ന്ന് വിദൂരവിദ്യാഭ്യാസം വഴി ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതായി നരേന്ദ്രമോദി വ്യക്തമാക്കുന്നുണ്ട്. ഈ ഭാഗങ്ങളുടെ തര്‍ജമ താഴെ:
സംഘപ്രവര്‍ത്തകന്‍റെ നിര്‍ബന്ധപ്രകാരം വിദൂരവിദ്യാഭ്യാസം വഴി ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദവും തുടര്‍ന്ന് ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയെന്നും എന്നാല്‍ കോളജില്‍ നേരിട്ട് പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇതോടെ പ്രചരിക്കുന്ന അവകാശവാദം തെറ്റെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയുടെ ചെറിയ ഭാഗം മാത്രമാണെന്നും വ്യക്തമായി.
Conclusion:
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചരിക്കുന്ന പഴയ അഭിമുഖത്തിന്‍റെ വീഡിയോ എഡിറ്റ് ചെയ്ത ചെറിയ ഭാഗം മാത്രമാണെന്നും ബിരുദവും ബിരുദാനന്തര ബിരുദവും വിദൂരവിദ്യാഭ്യാസ സംവിധാനത്തിലൂടെ പൂര്‍ത്തിയാക്കിയതായി നരേന്ദ്രമോദി തന്നെ ഇതേ വീഡിയോയില്‍ പറയുന്നുണ്ടെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.