നരബലിയ്ക്ക് തെരഞ്ഞെടുത്ത പെണ്‍കുട്ടിയെ നെഹ്റുവിന്‍റെ ഇടപെടല്‍ രക്ഷിച്ചുവോ? പഞ്ചദ് അണക്കെട്ട് ഉദ്ഘാടനം ചെയ്ത പെണ്‍കുട്ടി ആരെന്നറിയാം

ഝാര്‍ഖണ്ഡ് ധന്‍ബാദിലെ ദാമോദര്‍ നദിയില്‍ നിര്‍മിച്ച പഞ്ചദ് അണക്കെട്ട് 1959-ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സാന്നിധ്യത്തിലാണ് സാന്താള്‍ വംശജയായ ബുധിനി ഉദ്ഘാടനം ചെയ്തത്.

By -  HABEEB RAHMAN YP |  Published on  14 Oct 2022 10:19 AM GMT
നരബലിയ്ക്ക് തെരഞ്ഞെടുത്ത പെണ്‍കുട്ടിയെ നെഹ്റുവിന്‍റെ ഇടപെടല്‍ രക്ഷിച്ചുവോ? പഞ്ചദ് അണക്കെട്ട് ഉദ്ഘാടനം ചെയ്ത പെണ്‍കുട്ടി ആരെന്നറിയാം


കേരളത്തില്‍ പത്തനംതിട്ടയില്‍ നടന്ന ഇരട്ട നരബലി മലയാളക്കരയെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പുരോഗതിയും വികസനവും അവകാശപ്പെടുമ്പോഴും മലയാളി ലജ്ജിക്കേണ്ടിവരുന്ന ഈ വാര്‍ത്തയ്ക്കൊപ്പം നിരവധി വ്യാജവാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍‌ ഏറ്റവുമൊടുവില്‍ വന്നത് നരബലിയ്ക്ക് ഇരയാകാന്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഇടപെടല്‍ രക്ഷപ്പെടുത്തിയെന്ന അവകാശവാദത്തോടയാണ്.

CB Arun Chalakkudy എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പില്‍ പണ്ഡിറ്റ് ജി യുടെ അവസരോചിതമായ ഇടപെടലിലൂടെ നരബലിക്ക് തെരഞ്ഞെടുക്കപ്പെട്ട ആദിവാസി പെണ്‍കുട്ടി കുരുതിക്കളത്തില്‍നിന്ന് രക്ഷപ്പെട്ടതായും നെഹ്റു ആ പെണ്‍കുട്ടിയെക്കൊണ്ട് അണക്കെട്ട് ഉദ്ഘാടനം ചെയ്യിച്ചതായും പറയുന്നു.


അയ്യായിരത്തോളം പേരാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.


Fact-check:

ചിത്രത്തിനൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ അണക്കെട്ടിനെക്കുറിച്ചോ പെണ്‍കുട്ടിയുടെ പേരിനെക്കുറിച്ചോ സംഭവം നടന്ന സമയത്തെക്കുറിച്ചോ സൂചനകളില്ല. വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചു. വസ്തുതാ പരിശോധന ഉള്‍പ്പെടെ നിരവധി വാര്‍ത്താ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇതില്‍നിന്നും ചിത്രത്തിനാസ്പദമായ സംഭവം ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ ദാമോദര്‍ നദിയില്‍ 1959-ല്‍ ഉദ്ഘാടനം ചെയ്ത പഞ്ചദ് അണക്കെട്ടുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമായി.

തുടര്‍ന്ന് നടത്തിയ കീവേഡ് സെര്‍ച്ചില്‍ ഇത് സ്ഥിരീകരിക്കുന്ന ഏതാനും വിവരങ്ങള്‍ ലഭ്യമായി. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് 2017 ഏപ്രില്‍ 30ന് ഈ ചിത്രം ശരിയായ അടിക്കുറിപ്പോടെ പങ്കുവെച്ചതായി കണ്ടെത്തി.


പഞ്ചദ് അണക്കെട്ട് നിര്‍മാണത്തിന്‍റെ ഭാഗമായ ആദിവാസി പെണ്‍കുട്ടി ബുധിനി മെഹ്ജാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം അണക്കെട്ടിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രമാണിത്. The Statesman ഉള്‍പ്പെടെ വിവിധ പത്രമാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.




ലഭ്യമായ വിവരങ്ങളുപയോഗിച്ച് നടത്തിയ കൂടുതല്‍ പരിശോധനയിലൊന്നും നരബലിയുമായി ബന്ധപ്പെട്ട യാതൊരു സൂചനകളും ലഭിച്ചില്ല. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട വിശദമായ നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇതില്‍ പ്രധാനം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി ശ്രീമതി സാറാ ജോസഫിന്‍റെ 'ബുധിനി' എന്ന കൃതിയാണ്.




ഡിസി ബുക്സ് പുറത്തിറക്കിയ പുസ്തകത്തില്‍‌ പ്രസ്തുത പഞ്ചദ് അണക്കെട്ടിന്‍റെ ഉദ്ഘാടനത്തിനു ശേഷം ബുധിനി എന്ന ആദിവാസി പെണ്‍കുട്ടിയുടെ ജീവിതവും സാന്താള്‍ വംശജരുടെ ജീവിതത്തില്‍ അണക്കെട്ട് വികസനം കൊണ്ടുവന്ന പ്രത്യാഘാതങ്ങളുമാണ് പ്രമേയം.

2019-ല്‍ പ്രസിദ്ധീകരിച്ച 'ബുധിനി'യെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ വിവിധ മാധ്യമവാര്‍ത്തകളില്‍നിന്ന് ലഭിച്ചു. The New Indian Express 2021-ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പുസ്തകത്തിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനത്തെ ആധാരമാക്കി പ്രമേയത്തെക്കുറിച്ചും പ്രസ്തുത സംഭവത്തിനുശേഷം ബുധിനിയുടെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.



The HIndu 2021-ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും പ്രസ്തുത സംഭവത്തെക്കുറിച്ചും അണക്കെട്ട് വികസനം സാന്താള്‍ വംശജരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. .




വിവിധ റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാക്കിയ വസ്തുത ഇപ്രകാരമാണ്.

നിര്‍മാണം പൂര്‍ത്തിയാക്കിയ പഞ്ചദ് അണക്കെട്ടിന്‍റെ ഉദ്ഘാടനവേളയില്‍‌ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സ്വീകരിക്കാന്‍ പൂച്ചെണ്ടുകളും പൂമാലയുമായി തയ്യാറായി നിന്ന ആദിവാസി പെണ്‍കുട്ടിയായിരുന്നു ബുധിനി മെഹ്ജാന്‍. നെഹ്റുവിനെ പൂമാലയിട്ട് സ്വീകരിച്ച ബുധിനിയോട് അണക്കെട്ടിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ നെഹ്റു ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം പഞ്ചദ് അണക്കെട്ട് ബുധിനി ഉദ്ഘാടനം ചെയ്യുകയും തുടര്‍ന്ന് അവരുടെ പ്രാദേശിക ഭാഷയില്‍ ജനങ്ങളോട് സംസാരിക്കുകയും ചെയ്തു.

ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യത്തിന്‍റെ വലിയ സന്തോഷം പക്ഷേ പെട്ടെന്നവസാനിച്ചു. സാന്താള്‍ വംശജയായ ബുധിനി ഇതര ഗോത്രത്തില്‍പെട്ട ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കഴുത്തില്‍ മാലയണിയിച്ചത് വിവാഹത്തിന് തുല്യമായി കാണുകയും അവളെ ഗോത്രം ഒന്നടങ്കം ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ക്രൂരമായ മര്‍ദനത്തിനും ഒറ്റപ്പെടുത്തലുകള്‍ക്കും ബുധിനി ഇരയാകുന്നു.

കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ (1) (2) (3) ഇവിടെ വായിക്കാം.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ എവിടെയും നരബലിയുമായി ബന്ധപ്പെട്ട യാതൊന്നും പരാമര്‍ശിച്ചതായി കണ്ടില്ല. പഞ്ചദ് അണക്കെട്ടിന്‍റെ നിര്‍മാണവും ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോഴും ഇത്തരത്തില്‍ ഒരു പരാമര്‍ശം പോലും എവിടെയും കണ്ടെത്താനായില്ല. കൂടുതല്‍ ആഴത്തിലുള്ള വിവരങ്ങള്‍ സാറാ ജോസഫിന്‍റെ 'ബുധിനി' യെക്കുറിച്ചുള്ള ലേഖനങ്ങളില്‍നിന്ന് ലഭിച്ചു.


ബുധിനി എന്ന രചനയെ വിശകലനം ചെയ്തുകൊണ്ട് എന്‍ ഇ സുധീര്‍ ഏഷ്യാവിലില്‍ പ്രസിദ്ധീകരിച്ച ലേഖനം പുസ്തകത്തിന്‍റെ ഉള്ളടക്കത്തെ സംക്ഷിപ്ത രൂപത്തില്‍ അവതരിപ്പിക്കുന്നു. ബുധിനിയെന്ന പെണ്‍കുട്ടി ഗോത്ര വിശ്വാസങ്ങളുടെ പേരില്‍ അനുഭവിച്ച ദുരിതത്തെക്കുറിച്ചും ഒപ്പം ആധുനിക സമൂഹത്തിന്‍റെ വികസന കാഴ്ചപ്പാടുകള്‍ അരികുവല്‍ക്കരിക്കപ്പെട്ട ഗോത്ര-ആദിവാസി വിഭാഗങ്ങളുടെ ജീവിതം തകര്‍ക്കുന്നതിനെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നതായി ലേഖനം വിശദീകരിക്കുന്നു.

സമാന കാഴ്ചപ്പാടുകള്‍ ബുധിനിയുടെ ജീവിതവുമായും സാന്താള്‍ വംശജരുമായും ബന്ധപ്പെടുത്തി വിശദീകരിക്കുന്ന നിരവധി ലേഖനങ്ങള്‍ ലഭിച്ചു. Frontline പ്രസിദ്ധീകരിച്ച ലേഖനവും പ്രസ്തുത വിഷയത്തിലെ ഗവേഷണ പ്രബന്ധവും ഇത്തരം കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യുന്നു.

വസ്തുതാ പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ ഇതേ ചിത്രം ഇതിന് മുന്‍പും പലരീതിയില്‍ തെറ്റായ അടിക്കുറിപ്പുകളോടെ പ്രചരിച്ചതായി കണ്ടെത്തി. ഭാഭാ അറ്റോമിക പ്ലാന്‍റിന്‍റെ ഉദ്ഘാടനമെന്ന അടിക്കുറിപ്പോടെയും 2022 മെയ് മാസം ഇതേ ചിത്രം പ്രചരിച്ചിരുന്നു.

ഇതോടെ ചിത്രമോ ഇതില്‍ സൂചിപ്പിക്കുന്ന സംഭവമോ നരബലിയുമായി യാതൊരുവിധത്തിലും ബന്ധപ്പെട്ടതല്ലെന്ന് ബോധ്യമായി.


Conclusion:

ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഇടപെടല്‍ നരബലിയ്ക്ക് വിധേയയാകാന്‍ തെരഞ്ഞെടുക്കപ്പെട്ട ആദിവാസി പെണ്‍കുട്ടിയെ രക്ഷിച്ചെന്ന പ്രചരണം തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. പ്രചരിക്കുന്ന ചിത്രം 1959-ല്‍ പഞ്ചദ് അണക്കെട്ടിന്‍റെ ഉദ്ഘാടനത്തിന്‍റേതാണെന്നും ഇതിലുള്ള പെണ്‍കുട്ടി സാന്താള്‍ വംശജയായ ബുധിനിയാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. സാറാജോസഫ് രചിച്ച 'ബുധിനി' എന്ന കൃതിയില്‍ പ്രസ്തുത സംഭവത്തിന് ശേഷം ആ പെണ്‍കുട്ടി നേരിട്ട പ്രതിസന്ധികളെക്കുറിച്ചും വികസനം ആദിവാസി വിഭാഗങ്ങളെ എങ്ങനെ ബാധിച്ചുവെന്നും വിശകലനം ചെയ്യുന്നതായും വ്യക്തമായി. എന്നാല്‍ സംഭവത്തില്‍ നരബലിയുമായി ബന്ധപ്പെട്ട യാതൊന്നും ലഭ്യമായ മാധ്യമ റിപ്പോര്‍ട്ടുകളില്‍ എവിടെയും പരാമര്‍ശിക്കുന്നില്ല.

Claim Review:Nehru’s intervention helps tribal girl escape from human sacrifice
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story