Fact Check: ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ ലാഭം കൊയ്യാമെന്ന് പ്രമുഖരുടെ പ്രതികരണമടക്കം വാര്‍ത്ത - വീഡിയോയുടെ സത്യമറിയാം
മാതൃഭൂമി ന്യൂസിന്റെ ലോഗോ സഹിതം പങ്കുവെച്ചിരിക്കുന്ന ഇംഗ്ലീഷ് വാര്‍ത്തയില്‍ വി കെ ശ്രീകണ്ഠന്‍ എംപി ഉള്‍പ്പെടെ ചിലരുടെ ഇംഗ്ലീഷിലുള്ള പ്രതികരണവും ചേര്‍ത്തിട്ടുണ്ട്.
By - HABEEB RAHMAN YP | Published on 31 May 2024 7:25 AM GMTClaim: ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ച് പ്രമുഖരുടെ പ്രതികരണമടക്കം മാതൃഭൂമി ന്യൂസില്‍ വാര്‍ത്ത.
Fact: പ്രചരിക്കുന്നത് ഡീപ് ഫേക്ക് വീഡിയോ; നിര്‍മിതബുദ്ധിയുടെ സഹായത്താല്‍ സൃഷ്ടിച്ചെടുത്ത ഇംഗ്ലീഷ് ശബ്ദം മറ്റ് ദൃശ്യങ്ങള്‍ക്കൊപ്പം ചേര്‍ത്താണ് അവതാരകയുടെയും പ്രതികരിക്കുന്ന ഓരോരുത്തരുടെയും ദൃശ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ ലാഭം കൊയ്യാമെന്ന തരത്തില്‍ മാതൃഭൂമി ന്യൂസിന്റെ ലോഗോ സഹിതം വീഡിയോ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ക്യാഷ് ക്ലബ് ഈജിപ്ത് എന്ന പേരിലുള്ള ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ചാണ് ഇംഗ്ലീഷില്‍ വാര്‍ത്താവീഡിയോ പ്രചരിക്കുന്നത്. ഇതുവഴി കേരളത്തില്‍ നിരവധി പേര്‍ സാമ്പത്തികമായ നേട്ടം കൊയ്തുവെന്നും ജോലി ഉപേക്ഷിച്ചുവെന്നും അവതാരക പറയുന്നുണ്ട്. ആദ്യ 30 മിനുറ്റില്‍ സാമ്പത്തികനേട്ടം ഉറപ്പാണെന്നും ഇതുവഴി നിരവധി പേര്‍ ചികിത്സയ്ക്കും ഭവനനിര്‍മാണത്തിനും പണം കണ്ടെത്തിയെന്നുമാണ് അവതാരക പറയുന്നത്. തുടര്‍ന്ന് വി കെ ശ്രീകണ്ഠന്‍ എംപി ഉള്‍പ്പെടെ ചിലരുടെ പ്രതികരണവും കാണാം. ഓരോരുത്തരും ഓണ്‍ലൈന്‍ ഗെയിമിലൂടെ സമ്പാദിച്ചതിനെക്കുറിച്ചാണ് ഇംഗ്ലീഷില്‍ പറയുന്നത്.
പരിശോധനയില്‍ ഇത് കേവലം ഫെയ്സ്ബുക്ക് പോസ്റ്റ് അല്ലെന്നും പരസ്യമായാണ് പങ്കുവെച്ചിരിക്കുന്നതെന്നും വ്യക്തമായി. 2024 മെയ് 27 ന് നിര്‍മിച്ച App Dream എന്ന പേജില്‍നിന്നാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഗെയിം കളിക്കാനാവുന്ന തരത്തിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സമാനമായ മറ്റൊരു വീഡിയോയും ഇതുപോലെ നല്‍കിയിരിക്കുന്നതായി കാണാം.
Fact-check:
പ്രചരിക്കുന്നത് നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നിര്‍മിച്ച ഡീപ്ഫേക്ക് വീഡിയോയാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
മാതൃഭൂമി ന്യൂസിന്റെ ലോഗോ സഹിതം ഇംഗ്ലീഷില്‍ നല്‍കിയ വാര്‍ത്തയും, അവതാരകയുടെ പശ്ചാത്തലത്തില്‍ നല്‍കിയ മനോരമ ന്യൂസിന്റെ പരസ്യവും മലയാളത്തില്‍ നല്‍കിയ പരിഭാഷയിലെ ഘടനാപരമായ പ്രശ്നങ്ങളുമെല്ലാം ഇത് എഡിറ്റ് ചെയ്ത് നിര്‍മിച്ച വ്യാജവീഡിയോ ആകാമെന്നതിന്റെ വ്യക്തമായ സൂചനകളായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാതൃഭൂമിയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ദൃശ്യങ്ങളിലെ അവതാരക മനോരമ ന്യൂസിലെ ജിഷയാണെന്ന് വ്യക്തമായി. 2024 മെയ് 28ന് രാവിലെ 8.30ന് മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത നാട്ടുവാര്‍ത്തയില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി.
നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരാളുടെ ശബ്ദശകലം മാതൃകയായി നല്‍കി ഏതു ഭാഷയിലും നല്‍കുന്ന ഉള്ളടക്കത്തെ ആ ശബ്ദത്തില്‍ നിര്‍മിച്ചെടുക്കാം. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്യാഷ് ക്ലബ് ഈജിപ്തിനെക്കുറിച്ചുള്ള ഉള്ളടക്കം മനോരമ ന്യൂസ് അവതാരക വായിക്കുന്നതായി ദൃശ്യങ്ങള്‍ സൃഷ്ടിച്ചെടുത്തത്. സമാനമായ രീതിയിലാണ് വീഡിയോയില്‍ ഓരോരുത്തരുടെയും പ്രതികരണവും സൃഷ്ടിച്ചതെന്ന് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യക്തമായി.
വീഡിയോയിലെ ആദ്യ പ്രതികരണത്തിന്റെ വീഡിയോയുടെ യഥാര്‍ത്ഥ പതിപ്പ് മാതൃഭൂമിന്യൂസ് ഇതേ തിയതിയില്‍ യൂട്യൂബില്‍ പങ്കുവെച്ചതായി കണ്ടെത്തി. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് മയണൈസ് ഉള്‍പ്പെടെ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുന്നത് കോന്നിയിലെ ഭക്ഷ്യസുരക്ഷാ ലാബ് മുന്‍ ഡയറക്ടര്‍ എം. കെ.മുകുന്ദനാണ്. ഈ ദൃശ്യങ്ങളാണ് അദ്ദേഹത്തിന്റെ അതേ ശബ്ദത്തില്‍ പുതിയ ഉള്ളടക്കം ചേര്‍ത്ത് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തം.
വീഡിയോയില്‍ പിന്നീട് നല്‍കിയിരിക്കുന്നത് പാലക്കാട് മണ്ഡലം ലോക്സഭ എംപിയും ഡിസിസി പ്രസിഡന്റുമായ വി കെ ശ്രീകണ്ഠന്‍ എംപിയുടെ പ്രതികരണമാണ്. ഇദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ യഥാര്‍ത്ഥ പതിപ്പും ഇതേ ദിവസം മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്തതാണന്ന് കണ്ടെത്തി. അട്ടപ്പാടിയില്‍ ആംബുലന്‍സ് വൈകി നവജാതശിശു മരണപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വീഡിയോയില്‍ തുടര്‍ന്ന് കാണുന്ന വ്യക്തിയുടെ വീഡിയോയും ഇതേ ദിവസം മാതൃഭൂമി ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതാണെന്ന് കണ്ടെത്തി.
തൃശൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ പിതാവാണ് ദൃശ്യങ്ങളിലുള്ളത്. സായൂജ് കൃഷ്ണയെന്ന ഇദ്ദേഹം നേരിട്ടും ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തതായി കാണാം.
ഇതോടെ പ്രചരിക്കുന്ന വീഡിയോ പൂര്‍ണമായും നിര്‍മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത ഡീപ്ഫേക്ക് വീഡിയോ ആണെന്ന് വ്യക്തമായി. ശബ്ദശകലങ്ങളുടെ മാതൃക നല്‍കി അതേ ശബ്ദത്തില്‍ ആവശ്യമുള്ള ഉള്ളടക്കം എത് ഭാഷയിലും തയ്യാറാക്കാനും അതിനനുസരിച്ച് ദൃശ്യങ്ങളിലെ ചുണ്ടനക്കം പോലും കൃത്യമായി മാറ്റിയെടുക്കാനും സാധിക്കുന്ന സാങ്കേതികവിദ്യ നിര്‍മിതബുദ്ധിയുടെ അടിസ്ഥാനത്തില്‍ നിലവിലുണ്ട് (ദുരുപയോഗിക്കപ്പെട്ടേക്കാം എന്നതിനാല്‍ അവയുടെ വിശദാംശങ്ങള്‍ വസ്തുതാപരിശോധനയില്‍ ഉള്‍പ്പെടുത്തുന്നില്ല).
വീഡിയോയുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് ഇതിനകം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Conclusion:
ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ പണം സമ്പാദിക്കാമെന്ന തരത്തില്‍ ആളുകളുടെ പ്രതികരണം ഉള്‍പ്പെടെ ചേര്‍ത്ത് മാതൃഭൂമി ന്യൂസില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയെന്ന തരത്തില്‍ പ്രചരിക്കുന്നത് ഡീപ് ഫേക്ക് വീഡിയോയാണ്. നിര്‍മിതബുദ്ധിയുടെ സഹായത്താല്‍ സൃഷ്ടിച്ചെടുത്ത ശബ്ദമാണ് ഇതിലുടനീളം ഉപയോഗിച്ചിരിക്കുന്നത്.