‘മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തതെങ്ങനെ’ എന്ന വിവാദ ചോദ്യം ഉള്‍പ്പെട്ട ഗുജറാത്തിലെ സ്വകാര്യ സ്കൂളിലെ ചോദ്യപേപ്പര്‍ സംബന്ധിച്ച പത്രവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.വിവിധ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍നിന്നും വാട്സാപ്പിലും വ്യാപകമായി പങ്കുവെയ്ക്കുന്ന ചിത്രം പലരും പുതിയ വാര്‍ത്തയെന്ന് തെറ്റിദ്ധരിച്ചാണ് പങ്കുവെയ്ക്കുന്നത്.
Shameer Chelembra എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച ചിത്രത്തിനൊപ്പം ചരിത്രം തിരുത്തുന്ന തരത്തില്‍ രാജ്യത്തിന്‍റെ പോക്ക് എങ്ങോട്ടാണെന്ന ആശങ്കയും പങ്കുവെയ്ക്കുന്നു.
Fact-check:
മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തതെങ്ങനെ എന്ന വിവാദ ചോദ്യം ഉള്‍പ്പെട്ട ചോദ്യപേപ്പര്‍ സംബന്ധിച്ച പത്രവാര്‍ത്തകള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്നതായും അന്ന് വിവിധ രാഷ്ട്രീയ-വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ പ്രതിഷേധിച്ചതായും ഓര്‍ക്കുന്നു. അതുകൊണ്ടുതന്നെ പ്രചരിക്കുന്ന പത്രവാര്‍ത്ത ശരിയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച തിയ്യതി ചിത്രത്തില്‍ ഉള്‍പ്പെടുത്താത്തതിനാലും പഴയ വാര്‍ത്തയെന്ന് പരാമര്‍ശിക്കാത്തതിനാലും പലരും പുതിയ സംഭവമെന്ന തരത്തിലാണ് ചിത്രം പങ്കുവെയ്ക്കുന്നതും കമന്‍റുകള്‍ രേഖപ്പെടുത്തുന്നതും.
പ്രചരിക്കുന്ന പത്രവാര്‍ത്തയുടെ ചിത്രത്തിലെ ഫോണ്ട് പരിശോധിച്ചതോടെ ഇത് മലയാള മനോരമയില്‍ വന്ന വാര്‍ത്തയാണെന്ന് സ്ഥിരീകരിക്കാനായി. തുടര്‍ന്ന് മലയാള മനോരമയുടെ ഓണ്‍ലൈനില്‍ പരിശോധിച്ചു. കീവേഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതേ വാര്‍ത്ത 2019 ഒക്ടോബര്‍ 14 ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
ഇതോടെ ഈ പത്രവാര്‍ത്ത 2019 ഒക്ടോബര്‍ 14 നോ 15 നോ പ്രസിദ്ധീകരിച്ചതാകാമെന്ന് ഉറപ്പിക്കാനായി. അന്നേദിവസം ഫെയ്സ്ബുക്കില്‍ ആരെങ്കിലും പത്രവാര്‍ത്തയുടെ ചിത്രം പങ്കുവെച്ചിരുന്നോ എന്നും പരിശോധിച്ചു. Navaneeth Chandran Pilicode എന്ന അക്കൗണ്ടില്നിന്നും 2019 ഒക്ടോബര്‍ 14ന് പത്രവാര്‍ത്തയുടെ ചിത്രം പങ്കുവെച്ചതായി കണ്ടെത്തിയതോടെ ഇക്കാര്യം സ്ഥിരീകരിക്കാനായി.
ദേശീയ മാധ്യമങ്ങളും ഇക്കാര്യം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ‘സുഫലാം ശാല വികാസ് സങ്കുല്‍’ എന്ന സംഘടനയ്ക്കു കീഴില്‍ ഗവണ്മെന്‍റ് സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്കൂളിലാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒന്‍പതാം ക്ലാസിലെ ഇന്‍റേണല്‍ പരീക്ഷാ പേപ്പറില്‍ ചോദിച്ച ഈ ചോദ്യത്തിനൊപ്പം മറ്റു ചില ചോദ്യങ്ങളും വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം പ്രഖ്യാപിച്ചതായി പിടിഐ യെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യാ ടുഡേ, ദി ഹിന്ദു തുടങ്ങിയ ദേശീയ മാധ്യമങ്ങളും 2019 ഒക്ടോബര്‍ 13-14 തിയതികളില്‍ ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്. മലയാളത്തില്‍ മാതൃഭൂമി, മാധ്യമം, ഡൂള്‍ന്യൂസ് തുടങ്ങിയവയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും 2019 ഒക്ടോബര്‍ 13ന് തന്നെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്ന പത്രവാര്‍ത്ത മൂന്ന് വര്‍ഷം പഴക്കമുള്ളതാണെന്ന് വ്യക്തമായി.
Conclusion:
മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തതെങ്ങനെ എന്ന വിവാദ ചോദ്യം ഉള്‍പ്പെട്ട ചോദ്യപേപ്പര്‍ സംബന്ധിച്ച് പ്രചരിക്കുന്ന പത്രവാര്‍ത്ത മൂന്ന് വര്‍ഷം പഴയതാണെന്ന് ന്യൂസ്മീറ്റര്‍ വസ്തുതാ പരിശോധനയില്‍ വ്യക്തമായി. 2019 ഒക്ടോബറില്‍ ഗുജറാത്തിലെ സ്കൂളില്‍ നടന്ന സംഭവത്തെക്കുറിച്ച് വന്ന പത്രവാര്‍ത്തയാണ് പഴയതെന്ന് പരാമര്‍ശിക്കാതെയോ പുതിയതെന്ന് തെറ്റിദ്ധരിച്ചോ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നത്.