Fact Check: ഫെബ്രുവരി മുതല്‍ ഡിജിറ്റല്‍ കറന്‍സി? 'പത്രവാര്‍ത്ത'കളുടെ സത്യമറിയാം

ഫെബ്രുവരി 1 മുതല്‍ രാജ്യത്ത് പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സികളിലൂടെ മാത്രമായിരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചതായി നല്‍കിയ വാര്‍ത്തയില്‍ പ്രധാനമന്ത്രിയുടെയും കേന്ദ്രധനമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയുമെല്ലാം പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

By -  HABEEB RAHMAN YP |  Published on  24 Jan 2025 7:03 PM IST
Fact Check: ഫെബ്രുവരി മുതല്‍ ഡിജിറ്റല്‍ കറന്‍സി? പത്രവാര്‍ത്തകളുടെ സത്യമറിയാം
Claim: ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് മാത്രം.
Fact: പത്രവാര്‍ത്തയുടെ രൂപത്തിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; പ്രചരിക്കുന്നത് വാര്‍ത്തയല്ലെന്നും സാങ്കല്‍പിക വാര്‍ത്തയെന്ന രൂപത്തില്‍ തയ്യാറാക്കിയ പരസ്യമാണെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

രാജ്യത്ത് പ്രിന്റ് ചെയ്ത കറന്‍സികള്‍ പൂര്‍ണമായും നിരോധിക്കുന്നുവെന്നും ഫെബ്രുവരി മുതല്‍ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ചായിരിക്കുമെന്നുമുള്ള പത്രവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിവിധ പത്രങ്ങളില്‍ 2025 ജനുവരി 24ന് മുന്‍പേജില്‍ വന്ന വാര്‍ത്തകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടിലേക്ക് പൂര്‍ണമായി നീങ്ങുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചതായി പറയുന്ന റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെയും കേന്ദ്രധനമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയുമെല്ലാം പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീക്കത്തില്‍ ആശങ്കയറിയിച്ചുകൊണ്ട് നിരവധി പേരാണ് വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.



Fact-check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന ചിത്രം പത്രവാര്‍ത്തയല്ല, മറിച്ച് വാര്‍ത്താരൂപത്തില്‍ തയ്യാറാക്കിയ പരസ്യമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

പ്രചരിക്കുന്ന പത്രവാര്‍ത്തയുടെ ഉള്ളടക്കമാണ് ആദ്യം പരിശോധിച്ചത്. ആര്‍ബിഐ ഗവര്‍ണറുടെയും പ്രതിപക്ഷ നേതാവിന്റെയും കേന്ദ്ര ധനമന്ത്രിയുടെയുമെല്ലാം പേരുകള്‍ തെറ്റാണെന്ന് കണ്ടതോടെ ഇത് യഥാര്‍ത്ഥ വാര്‍ത്തയല്ലെന്ന സൂചന ലഭിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. അരവിന്ദ് കുമാര്‍ എന്നും കേന്ദ്രധനമന്ത്രി രാജീവ് സിങ് എന്നും പ്രതിപക്ഷ നേതാവ് ഡോ. അഞ്ജലി മെഹ്റ എന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.



കൂടാതെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് രാജ്യത്ത് നടപ്പാക്കിയ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എന്ന പരാമര്‍ശവും സംശയമുളവാക്കി. ഇതോടെ പത്രത്തിന്റെ മുഴുവന്‍പേജും പരിശോധിച്ചു.

2025 ജനുവരി 24 ലെ മാതൃഭൂമി പത്രം പരിശോധിച്ചതോടെ പ്രചരിക്കുന്നത് പത്രവാര്‍ത്തയല്ലെന്നും പരസ്യമാണെന്നും വ്യക്തമായി. ഇത് സ്ഥിരീകരിക്കുന്നതിനായി പേജിന്റെ മേല്‍ഭാഗത്ത് ‘മാര്‍ക്കറ്റിങ് ഫീച്ചര്‍’ എന്ന് നല്‍കുകയും താഴെ ഇത് വാര്‍ത്തയല്ലെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.



കൊച്ചിയിലെ ജെയന്‍ ഡീംഡ് ടു ബി യൂനിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 പരിപാടിയുടെ പരസ്യത്തിന്റെ ഭാഗമായാണ് സാങ്കല്‍പിക വാര്‍ത്തകള്‍ നല്‍കിയത്. 2050-ല്‍ പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തില്‍ വരാന്‍ സാധ്യതയുള്ള വാര്‍ത്തകളെന്ന നിലയില്‍ സാങ്കല്‍പിക വാര്‍ത്തകളാണ് പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ ഒന്നാമത്തെ വാര്‍ത്തയാണ് ഡിജിറ്റല്‍ കറന്‍സിയുടേത്. ആഴക്കടലിലെ മനുഷ്യവാസം, റോബോട്ട് മന്ത്രി, ചൊവ്വയും ഭൂമിയും തമ്മില്‍ ഗോളാന്തര കിരീടം തുടങ്ങി സാങ്കല്‍പിക വാര്‍ത്തകള്‍ പേജില്‍ കാണാം.




പരസ്യത്തില്‍ പരാമര്‍ശിക്കുന്ന പരിപാടിയെക്കുറിച്ചാണ് തുടര്‍ന്ന് അന്വേഷിച്ചത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 1 വരെ കൊച്ചിയിലെ ജെയ്ന്‍ ഡീംഡ് ടു ബി യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന പരിപാടിയെക്കുറിച്ച് സ്ഥാപനത്തിന്റെ വെബ്സൈറ്റിലടക്കം വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.



സമ്മിറ്റിന്റെ വെബ്സൈറ്റ് പരിശോധിച്ചതോടെ ഭാവിയിലെ സാങ്കേതികവിദ്യകള്‍ സംബന്ധിച്ചും മറ്റും ചര്‍ച്ചകളും അവതരണങ്ങളും നടക്കുന്ന പരിപാടിയാണിതെന്ന് വ്യക്തമായി. ഇതോടെ വാര്‍ത്താരൂപേണ നല്‍കുന്ന പരസ്യമാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചതെന്ന് വ്യക്തമായി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് പത്രവാര്‍ത്തയല്ലെന്ന് വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയതായും കണ്ടെത്തി.



കൂടാതെ വിഷയത്തില്‍ ജെയ്ന്‍ ഡീംഡ് ടു ബീ യൂനിവേഴ്സിറ്റിയുടെ ഔദ്യോഗിക പ്രതികരണവും ലഭ്യമായി.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

പത്രങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പരസ്യം നല്‍കിയതിനെതിരെ മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.



Conclusion:

ഫെബ്രുവരി 1 മുതല്‍ പ്രിന്റ് ചെയ്ത നോട്ടുകള്‍ പിന്‍വലിക്കുമെന്നും പൂര്‍ണമായി ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുമെന്നുമുള്ള പത്രവാര്‍ത്തയുടെ ചിത്രം യഥാര്‍ത്ഥത്തില്‍ വാര്‍ത്തയല്ലെന്നും സാങ്കല്‍പിക വാര്‍ത്തകള്‍ സമന്വയിപ്പിച്ച് തയ്യാറാക്കിയ പരസ്യമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. അഡ്വെര്‍ട്ടോറിയല്‍ എന്നപേരില്‍ അറിയപ്പെടുന്ന ഇത്തരം പരസ്യങ്ങള്‍ വാര്‍ത്തയ്ക്ക് സമാനമായാണ് രൂപകല്‍പന ചെയ്യുന്നത്. കൊച്ചിയില്‍ നടക്കുന്ന സ്വകാര്യസ്ഥാപനത്തിന്റെ പരിപാടിയുമായി ബന്ധപ്പെട്ടാണ് പരസ്യമെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

Claim Review:ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് മാത്രം.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പത്രവാര്‍ത്തയുടെ രൂപത്തിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; പ്രചരിക്കുന്നത് വാര്‍ത്തയല്ലെന്നും സാങ്കല്‍പിക വാര്‍ത്തയെന്ന രൂപത്തില്‍ തയ്യാറാക്കിയ പരസ്യമാണെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
Next Story