അടയ്ക്കയും നിപയും: പ്രചരിക്കുന്ന സന്ദേശങ്ങളുടെ വസ്തുതയെന്ത്?

കോഴിക്കോട്ടെ നിപ വൈറസ് ബാധ അടയ്ക്കയില്‍നിന്നാണെന്നും അടയ്ക്ക കൈകൊണ്ട് സ്പര്‍ശിക്കരുതെന്നും ഉള്ളടക്കത്തോടെ ഒരു അടയ്ക്കയുടെ ചിത്രസഹിതമാണ് പ്രചരണം.

By -  HABEEB RAHMAN YP |  Published on  22 Sep 2023 6:28 PM GMT
അടയ്ക്കയും നിപയും: പ്രചരിക്കുന്ന സന്ദേശങ്ങളുടെ വസ്തുതയെന്ത്?

കോഴിക്കോട് ജില്ലയില്‍ നിപ ജാഗ്രത തുടരുകയാണ്. മൂന്നാം തവണയാണ് കോഴിക്കോട്ട് നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ഒരേ സ്ഥലത്ത് വൈറസ്ബാധ ആവര്‍ത്തിച്ചുവരുന്നതിന്റെ കാരണങ്ങള്‍ പഠനവിധേയമാക്കുന്നുണ്ട്. വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠനങ്ങള്‍ വിവിധ കേന്ദ്രസംഘങ്ങളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രാദേശികതലത്തില്‍ വിവിധ വ്യാജ പ്രചരണങ്ങളും സജീവമായിരുന്നു.

എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്സാപ്പില്‍ ഉള്‍പ്പെടെ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്ന ഒരു സന്ദേശം അടയ്ക്കയില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നതാണ്. വിവിധ ഫെയ്സ്ബുക്ക് പേജുകളില്‍നിന്നും ഇതേ സന്ദേശം പങ്കുവെച്ചതായി കാണാം.


നിപ ബാധിച്ച് മരിച്ച മരുതോംകര സ്വദേശിയുടെ വീടിനു സമീപത്തെ അടയ്ക്കയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നും അടയ്ക്ക കൈകൊണ്ട് സ്പര്‍ശിക്കരുതെന്നുമാണ് അവകാശവാദം.


Fact-check:

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഔദ്യോഗികവും സ്ഥിരീകരിച്ചതുമായ വിവരങ്ങള്‍ മാത്രമേ നല്‍കാവൂ എന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ കര്‍ശന നിര്‍ദേശമുള്ള സാഹചര്യത്തില്‍ പ്രചരിക്കുന്ന സന്ദേശവുമായി ബന്ധപ്പെട്ട് സ്ഥിരീകരണത്തിന് ശ്രമിച്ചു. പ്രാഥമികഘട്ടത്തില്‍ പ്രചരിക്കുന്ന സന്ദേശത്തിലെ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അടയ്ക്കയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല.

തുടര്‍ന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാമിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍നിന്ന്:

“വൈറസിന്റെ ഉറവിടം സംബന്ധിച്ച പരിശോധനകള്‍ നടന്നുവരികയാണ്. ഇതിനായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ചെന്നൈ ഐസിഎംആറിലെയും സംഘങ്ങള്‍ കോഴിക്കോട്ടെത്തിയിരുന്നു. വവ്വാല്‍ സര്‍വേ ഉള്‍പ്പെടെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വിശദമായ പരിശോധനകള്‍ക്കുശേഷം മാത്രമേ ഉറവിടം സംബന്ധിച്ച് സ്ഥിരീകരണത്തില്‍ എത്താനാവൂ. നിലവില്‍ അടക്കയിലോ വവ്വാലിലോ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനയ്ക്കായി പ്രദേശത്തുനിന്നും വിവിധ ഫലങ്ങളുടെ അടക്കം സാംപിളുകള്‍ ശേഖരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരിക്കാം തെറ്റായ പ്രചരണം. എങ്കിലും പ്രദേശത്തുനിന്ന് അടയ്ക്ക ഉള്‍പ്പെടെ കായ്ഫലങ്ങള്‍ ശേഖരിക്കുന്നവര്‍ കൃത്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശം നല്കിയിട്ടുമുണ്ട്.”

ഇതോടെ അടയ്ക്കയില്‍ വൈറസ് ബാധ കണ്ടെത്തിയെന്ന വാദം തെറ്റാണെന്ന് ബോധ്യമായി. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകള്‍ പരിശോധിച്ചു. ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലുകളുടെയും മൃഗങ്ങളുടെയും സാംപിള്‍ ശേഖരണം തുടരുമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.


കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടതോടെ കേന്ദ്രസംഘം പ്രദേശത്ത് വവ്വാല്‍ സര്‍വേ നടത്തുന്ന ചിത്രങ്ങളും ലഭ്യമായി.
തുടര്‍ന്ന് ജില്ലാ കലക്ടറുടെ വെരിഫൈ ചെയ്ത ഫെയ്സ്ബുക്ക് പേജും പരിശോധിച്ചു. പ്രദേശത്തുനിന്ന് ഫലങ്ങള്‍ ശേഖരിക്കുന്നവര്‍ കൈയ്യുറ ഉള്‍പ്പെടെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന അറിയിപ്പൊഴികെ അടയ്ക്കയില്‍ വൈറസ്ബാധ കണ്ടെത്തിയ തരത്തില്‍ യാതൊരു വിവരവും ലഭിച്ചില്ല.
ഇതോടെ അടയ്ക്കയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. നിപയുമായി ബന്ധപ്പെട്ട് വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ജില്ലാഭരണകൂടം നേരത്തെ അറിയിപ്പ് നല്കിയിരുന്നു.


Conclusion:

കോഴിക്കോട് നിപ വൈറസ് ബാധയുടെ ഉറവിടം അടയ്ക്കയാണെന്നും പ്രദേശത്തുനിന്നും ശേഖരിച്ച അടയ്ക്കയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നും അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. പ്രദേശത്തുനിന്നും അടയ്ക്ക ഉള്‍പ്പെടെ ഫലങ്ങള്‍ ശേഖരിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. എന്നാല്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായി ശേഖരിച്ച സാംപിളുകളുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:Nipah virus source has been found to be arecanut in Kerala’s Kozhikode
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story