ഉത്തരേന്ത്യയില്‍ ‘ആടുകളെ മോഷ്ടിക്കുന്ന’ ഉദ്യോഗസ്ഥര്‍; വീഡിയോയുടെ വസ്തുതയറിയാം
ഉത്തരേന്ത്യയില്‍ മുസ്ലിം വീടുകളില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ ആടുകളെ മോഷ്ടിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 27 Jun 2023 10:22 PM ISTClaim: ഉത്തരേന്ത്യയില്‍ മുസ്ലിം വീടുകളില്‍ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ ആടുകളെ മോഷ്ടിക്കുന്നു
Fact: നിശ്ചിത ഫീ നല്‍കാതെ മാര്‍ക്കറ്റിലെത്തിതച്ച ആടുകളെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതിന് പിന്നാലെ അവയെ തിരിച്ചിറക്കുന്ന ഉടമസ്ഥന്‍റെ ദൃശ്യങ്ങല്‍ മുംബൈയിലേത്.
ഉത്തരേന്ത്യയില്‍ മുസ്ലിം വീടുകളില്‍ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ ആടുകളെ മോഷ്ടിക്കുന്നു എന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒരു വാനില്‍ ഏതാനും ആടുകളെ കയറ്റിയതായി വീഡിയോയില്‍ കാണാം. ദൃശ്യങ്ങളില്‍ ക്യാമറയ്ക്ക് മുന്നില്‍ തന്‍റെ ആടുകളെ മോഷ്ടിക്കുന്നു എന്ന് വിളിച്ചുപറയുന്ന ഒരാളെയും വാഹനത്തിലിരിക്കുന്ന ഉദ്യോഗസ്ഥനെയും കാണാം.
Unais Thayal എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന റീലിന് മേലെ ഉത്തരേന്ത്യന്‍ വീടുകളില്‍ പരിശോധനയ്ക്കെന്നു പറഞ്ഞ് എത്തുന്ന ഉദ്യോഗസ്ഥര്‍ ആടുകളെ മോഷ്ടിക്കുന്നു എന്നെഴുതിയതായി കാണാം. മുസ്ലിം വീടുകളില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തുന്ന ‘സംഘികള്‍’ ആടുകളെ തട്ടിയെടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് Shaji S Cochin എന്ന അക്കൗണ്ടില്‍നിന്ന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു. കീഫ്രെയിമുകള്‍ ഉപയോഗിച്ച് ട്വിറ്ററില്‍നിന്ന് വ്യക്തതയുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു. വീഡിയോയില്‍ വാഹനത്തിന്‍റെ പിന്‍വശത്ത് MCGM എന്ന് എഴുതിയതായി കാണാം.
ഇത് ഗൂഗ്ളില്‍ പരിശോധിച്ചപ്പോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ മുംബൈ എന്നതിന്‍റെ ചുരുക്കമാണെന്ന് മനസ്സിലായി. തുടര്‍ന്ന് മുംബൈ ഉള്‍പ്പെടെ ഏതാനും കീവേഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചു.2023 ജൂണ്‍ 21ന് PTI പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു.
താല്‍ക്കാലിക മാര്‍ക്കറ്റുകളിലേക്ക് നിയമങ്ങള്‍ പാലിക്കാതെ കൊണ്ടുവന്ന ആടുകളെ പിടിച്ചെടുക്കുന്നത് തടഞ്ഞ വ്യക്തിയ്ക്കെതിരെ പൊലീസ് കേസെടുത്തതുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. സബര്‍ബന്‍ കുര്‍ളയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചുവെന്നും BMC വാനില്‍നിന്ന് ബലംപ്രയോഗിച്ച് ആടുകളെ തിരിച്ചിറക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സെക്ഷന്‍ 186 പ്രകാരമാണ് കേസെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മനോജ് പാട്ടീല്‍ അറിയിച്ചതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതേ വാര്‍ത്ത The Print വെബ്സൈറ്റിലും ജൂണ്‍ 21ന് പ്രസിദ്ധീകരിച്ചാതായി കാണാം. .
മുംബൈയിലെ നഗരപരിസരത്തെ ദിയനറിലെ അറവുശാലയിലേക്ക് കൊണ്ടുവരുന്ന ആടുകള്‍ക്ക് നിയമപരമായി അടക്കേണ്ട 169 രൂപ ഫീ അടക്കാത്തവരുടെ കാലികളെ പിടിച്ചെടുക്കുമെന്നും ഇത്തരത്തില്‍ നാലു ദിവസത്തിനിടെ 134 ആടുകളെ പിടിച്ചെടുത്തതായും BMC ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അനധികൃതമായി കാലികളെ മാര്‍ക്കറ്റിലെത്തിക്കുന്നവര്‍ക്കതിരെ നടപടി കര്‍ശനമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്സ്പ്രസ് ജൂണ്‍ 22ന് പ്രസിദ്ധീകരിച്ച വാര്‍ത്തയും ലഭിച്ചു.
ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് (BMC) കീഴിലെ അറവുശാലയിലേക്ക് ബക്രീദ് സമയത്ത് കൊണ്ടുവരുന്ന മൃഗങ്ങള്‍ക്ക് പ്രവേശനഫീ മുന്‍പുതന്നെ നിലവിലുള്ളതായും ആടുകള്‍ക്ക് 2018ല്‍ ഫീ ഏര്‍പ്പെടുത്തിയതായും വ്യക്തമാക്കുന്ന 2018 ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടും ലഭിച്ചു.
ഇതോടെ അനധികൃതമായി മാര്‍ക്കറ്റിലെത്തിച്ച ആടുകളെ പിടിച്ചെടുത്ത ഉദ്യോഗസ്ഥരെ ഉടമസ്ഥന്‍ തടയുന്നതിന്‍റെ ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി.
Conclusion:
ഉത്തരേന്ത്യയിലെ വീടുകളില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ ആടുകളെ മോഷ്ടിക്കുന്നു എന്ന വിവരണത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മുംബൈയിലെ കന്നുകാലി മാര്‍ക്കറ്റിലേതാണ്. നിശ്ചിത ഫീ നല്‍കാതെ മാര്‍ക്കറ്റിലെത്തിതച്ച ആടുകളെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതിന് പിന്നാലെ അവയെ തിരിച്ചിറക്കുന്ന ഉടമസ്ഥന്‍റെ ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.