വന്ദേഭാരതിനെ കൊണ്ടുപോകാന്‍ പഴയ എന്‍ജിനോ? വീഡിയോയുടെ വസ്തുതയറിയാം
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ കോച്ചുകള്‍ ഒരു പഴയ എന്‍ജിനുപയോഗിച്ച് കൊണ്ടുപോകുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 4 July 2023 11:25 PM IST
ഇന്ത്യന്‍ റെയില്‍വേ അത്യാധുനിക സൗകര്യങ്ങളോടെ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് ട്രെയിനുകളുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ വിവാദങ്ങള്‍ നിലവിലുണ്ട്. വന്ദേഭാരത് എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറുകളും ട്രാക്കില്‍ കാലികളെ തട്ടിയുണ്ടായ അപകടങ്ങളുമെല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വന്ദേഭാരത് ട്രെയിന്‍ കോച്ചുകള്‍ പഴയ എന്‍ജിനില്‍ ബന്ധിപ്പിച്ച് പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വന്ദേഭാരത് എക്സ്പ്രസിന് റെയില്‍വേ പ്രഖ്യാപിച്ച തരത്തിലുള്ള ഗുണനിലവാരമില്ലെന്ന അര്‍ഥത്തിലാണ് പോസ്റ്റുകള്‍.
Vinod Mekoth എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച വീഡിയോയ്ക്കൊപ്പം എത്രവലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും അവസാനം വന്ദേഭാരതിനുപോലും ഇത്രയേ ആയുസ്സുള്ളൂ എന്ന അടിക്കുറിപ്പാണ് നല്‍കിയിരിക്കുന്നത്. തകരാറിലായ വന്ദേഭാരത് എക്സ്പ്രസിനെ പഴയ എന്‍ജിനുപയോഗിച്ച് മാറ്റുന്നതാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റ്. (Archive)
Fact-check:
വീഡിയോയ്ക്ക് വ്യക്തതയും ദൈര്‍ഘ്യവും കുറവായതിനാല്‍ എവിടെനിന്ന് എപ്പോള്‍ ചിത്രീകരിച്ചതാണെന്ന വിശദാംശങ്ങള്‍ പ്രാഥമികമായി കണ്ടെത്താനായില്ല. തുടര്‍ന്ന് ഏതാനും കീവേഡുകള്‍ ഉപയോഗിച്ച് വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പരിശോധിച്ചു. ഇതോടെ ട്വിറ്ററില്‍ വിവിധ ഭാഷകളിലായി നിരവധി പേര്‍ ഇതേ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. ഇതില്‍ വ്യക്തതയുള്ള ഒരു വീഡിയോയില്‍ ig: railwala_18 എന്ന വാട്ടര്‍മാര്‍ക്ക് കണ്ടെത്തി.
ഇത് ഇന്‍സ്റ്റഗ്രാം പേജിലേക്കെത്താനുള്ള സൂചനയായി. ഷാശങ്ക് ജെയ്സ്വാള്‍ എന്നയാളുടെ Railwala_18 എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ 2023 ജൂണ്‍ 22ന് ഇതേ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.
വീഡിയോയുടെ കമന്‍റ് ബോക്സില്‍ വന്ദേഭാരത് റേക്കുകള്‍ പാട്നയിലേക്ക് കൊണ്ടുപോകുന്നതാണെന്ന സൂചനയുമുണ്ട്. അക്കൗണ്ടിലെ മറ്റ് വീഡിയോകള്‍ പരിശോധിച്ചതോടെ നിലവില്‍ പ്രചരിക്കുന്ന തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ അക്കൗണ്ട് ഉടമ നേരിട്ട് വിശദീകരണ വീഡിയോ പങ്കുവെച്ചതായും കണ്ടെത്തി.
വന്ദേഭാരത് തകരാറിലായതല്ലെന്നും, പുതിയ കോച്ചുകള്‍ ഉത്തര്‍പ്രദേശിലെ ദീന്‍ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പാട്നയിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളാണിതെന്നും അദ്ദേഹം പറയുന്നു. ട്രയല്‍റണ്ണും കമ്മീഷനിങും കഴിയുന്നതിന് മുന്‍പ് കോച്ചുകള്‍ ഒരു സ്റ്റേഷനില്‍നിന്ന് മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റുന്നതിന് പഴയ എന്‍ജിനുകളാണ് ഉപയോഗിക്കുകയെന്നും ഇതിനെ ട്രാന്‍സിറ്റ് എന്നാണ് സാങ്കേതികമായി വിശേഷിപ്പിക്കുകയെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.
തുടര്‍ന്ന് ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സമാനമായ വേറെയും ദൃശ്യങ്ങള്‍ കണ്ടെത്തി. Kaustubham Sharma എന്ന യൂട്യൂബ് അക്കൗണ്ടില്‍നിന്ന് 2019 മെയ് മാസത്തില്‍ പങ്കുവെച്ച മറ്റൊരു സമാനവീഡിയോ കാണാം.
ചെന്നൈയിലെ ഇന്‍റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ റേക്കുകള്‍ ന്യൂഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ വന്ദേഭാരത് കോച്ചുകള്‍ പഴയ എന്‍ജിന്‍ ഉപയോഗിച്ച് കൊണ്ടുപോകുന്നത് അസാധാരണ നടപടിയല്ലെന്ന് വ്യക്തമായി.
ഔദ്യോഗിക സ്ഥിരീകരണത്തിനായി റെയില്‍വേയുടെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും നേരിട്ടുള്ള വിവരങ്ങള്‍ ലഭിച്ചില്ല. എന്നാല്‍ ഇത്തരത്തില്‍ പ്രചരിച്ച ഒരു വീഡിയോയ്ക്ക് താഴെ East Central Railway യുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് നല്കിയ മറുപടി ലഭ്യമായി.
കാലി കോച്ചുകളുടെ റേക്ക് കമ്മീഷനിങ്ങിനായി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണിതെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.
ഇതോടെ നിലവില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വന്ദേഭാരത് ട്രെയിന്‍ എന്തെങ്കിലും തകരാറുകള്‍ മൂലം സാധാരണ എന്‍ജിനുപയോഗിച്ച് കൊണ്ടുപോകുന്നതല്ലെന്ന് വ്യക്തമായി.
Conclusion:
വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് പഴയ എന്‍ജിന്‍ ഉപയോഗിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. കമ്മീഷനിങിന് മുന്‍പ് പുതിയ കോച്ചുകള്‍ പഴയ എന്‍ജിന്‍ ഉപയോഗിച്ച് മാറ്റുന്നത് പതിവ് രീതിയാണെന്നും ഇത്തരത്തില്‍ പാട്നയിലേക്ക് കൊണ്ടുപോയ വന്ദേഭാരത് റേക്കിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെനന്നും ന്യൂസ്മീറ്റര്‍ കണ്ടെത്തി.