പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും സൈനികാഭ്യാസങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മോക്ഡ്രില്ലിനിടെ പാക്കിസ്ഥാന്‍ സൈനികവാഹനം അപകടത്തില്‍പെടുന്നതിന്റെ ദൃശ്യങ്ങളെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബസ്സിനുമുന്നില്‍ കുറുകെയിടാന്‍ ശ്രമിക്കുന്ന മറ്റൊരു വാഹനം റോഡില്‍ മറിയുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മുകളില്‍ ഒരു ഹെലികോപ്റ്റര്‍ പറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള വീഡിയോയാണെന്നും ഇത് പാക്കിസ്ഥാനിലേതല്ലെന്നും കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതായി കണ്ടെത്തി. അറബി ഭാഷയില്‍ അടിക്കുറിപ്പോടെ ഫെയ്സ്ബുക്കില്‍ 2020 ജനുവരിയില്‍ പങ്കുവെച്ച വീഡിയോ ലഭ്യമായി. ഗൂഗ്ള്‍ ട്രാന്‍സലേറ്റ് ഉപയോഗിച്ച് അടിക്കുറിപ്പ് പരിഭാഷപ്പെടുത്തിയതോടെ സൗദിയില്‍ പരേഡിനിടെ സൈനിക വാഹനം മറിഞ്ഞു എന്ന തരത്തിലാണ് വിവരണമെന്ന് മനസ്സിലാക്കാനായി.
സമാന കീവേഡുകള്‍ അറബി ഭാഷയില്‍ നല്‍കി യൂട്യൂബില്‍ പരിശോധിച്ചതോടെ ഏതാനും യൂട്യൂബ് ചാനലുകളില്‍ 2019ല്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തി. സമാന വിവരണം തന്നെയാണ് നല്‍കിയിരിക്കുന്നത്.
ഇതോടെ വീഡിയോ പഴയതാണെന്നും നിലവിലെ ഇന്ത്യ-പാക് സാഹചര്യങ്ങളുമായി ബന്ധമില്ലെന്നും വ്യക്തമായി. സംഭവത്തിന്റെ വിശദാംശങ്ങള്‍ക്കായി മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ ഒരു സൗദി മാധ്യമത്തില്‍ 2018 ഡിസംബര്‍ 2 ന് നല്‍കിയ വാര്‍ത്ത ലഭിച്ചു.
ഭീകരവിരുദ്ധ പരിശീലനത്തിനിടെ സൗദി സൈനിക വാഹനമാണ് അപകടത്തില്‍ പെട്ടത്. ബസ്സിന് കുറുകെ നിര്‍ത്താന്‍ ശ്രമിക്കുന്ന സൈനികവാഹനം മറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് സമൂഹമാധ്യമങ്ങളില്‍ സൈന്യത്തിനെതിരെ പരിഹാസമുയരാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സൗദിയില്‍നിന്നുള്ളതാണെന്നും പാക്കിസ്ഥാനുമായി ബന്ധമില്ലെന്നും സ്ഥിരീകരിക്കാനായി.
Conclusion:
പാക്കിസ്ഥാന്‍ സൈനികവാഹനം മോക് ഡ്രില്ലിനിടെ അപകടത്തില്‍ പെടുന്നതിന്റെ ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ 2018 ല്‍ സൗദി സൈനികവാഹനം അപകടത്തില്‍പെട്ടതിന്റെയാണ്. ഇതിന് നിലവിലെ സാഹചര്യങ്ങളുമായോ പാക്കിസ്ഥാനുമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.