Fact Check: തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയതില്‍ പാക്കിസ്ഥാന്‍ കമ്പനിയും? പ്രചാരണങ്ങളുടെ വസ്തുതയറിയാം

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംഭാവന നല്‍കിയിരിക്കുന്ന കമ്പനികളിലൊന്ന് പാക്കിസ്ഥാന്‍ കമ്പനിയാണെന്നും പുല്‍വാമ ആക്രമണത്തിന് പിന്നാലെ നടന്ന പണമിടപാട് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

By -  HABEEB RAHMAN YP |  Published on  16 March 2024 4:54 PM GMT
Fact Check: തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയതില്‍ പാക്കിസ്ഥാന്‍ കമ്പനിയും? പ്രചാരണങ്ങളുടെ വസ്തുതയറിയാം
Claim: Pakistan based Hub Power Company purchased electoral bonds soon after Pulwama attack
Fact: Foreign companies without establishments in India cannot purchase electoral bonds; the said Hub Power company seems to be registered in Delhi.

സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ SBI ലഭ്യമാക്കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇതുസംബന്ധിച്ച് നിരവധി ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍. രണ്ട് ഭാഗങ്ങളായാണ് കമ്മീഷന്‍ ബോണ്ട് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആദ്യഭാഗത്തില്‍ ബോണ്ടുകള്‍ വാങ്ങിയ കമ്പനികളുടെ വിവരങ്ങളും രണ്ടാംഭാഗത്തില്‍ അവ സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങളും കാണാം.

ഇതിന് പിന്നാലെയാണ് 2019 ഏപ്രിലില്‍ 95 ലക്ഷം രൂപയുടെ ബോണ്ടുകള്‍ വാങ്ങിയ ഹബ് പവര്‍ കമ്പനി പാക്കിസ്ഥാന്‍ കമ്പനിയാണെന്നും പുല്‍വാമ ആക്രമണത്തിന് പിന്നാലെ ബോണ്ടുകള്‍ വാങ്ങിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.


കമ്പനി BJPയ്ക്കാണ് ബോണ്ടുവഴി പണം നല്‍കിയതെന്നും ചില പോസ്റ്റുകളില്‍ ആരോപിക്കുന്നു.

‌Fact-check:

ഹബ് പവര്‍ കമ്പനിയെന്ന് ഗൂഗ്ളില്‍ തിരയുമ്പോള്‍ പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഊര്‍ജോല്‍പാദന കമ്പനിയായ ഹബ്കോയുടെ വിവരങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ച് കൂടുതല്‍ പരിശോധിച്ചതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്കോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കോ ആണ് ബോണ്ടുകള്‍ വാങ്ങാനാവുകയെന്ന് മനസ്സിലായി. തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 2018ലും 2019ലും പ്രസിദ്ധീകരിച്ച പത്രക്കുറിപ്പുകളില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.


കൂടാതെ. സാമ്പത്തികകാര്യ മന്ത്രാലയത്തിന്റ വെബ്സൈറ്റില്‍ 2018 ജനുവരി 2 ന് നല്‍കിയ പത്രക്കുറിപ്പിലും ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ പങ്കുവെച്ച വിവരങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇതോടെ പാക്കിസ്ഥാനിലെ ഹബ്കോ കമ്പനിയ്ക്ക് ഇന്ത്യയിലെ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങുന്നതിന് പരിമിതികളുണ്ടെന്ന് വ്യക്തമായി.

കമ്പനിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചതോടെ ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട് കമ്പനിയുടെ പേര് പരാമര്‍ശിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ഹബ്കോ ഇതിലുള്‍പ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കുന്ന കുറിപ്പ് പങ്കുവെച്ചതായി കണ്ടത്തി.


ഹബ് പവര്‍ കമ്പനിയെന്ന ഇന്ത്യന്‍ കമ്പനിയുമായി ബന്ധമില്ലെന്നും ഇത്തരം ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നുമാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. ഇതോടെ തെരഞ്ഞടുപ്പു ബോണ്ടുകള്‍ വാങ്ങിയത് പാക്കിസ്ഥാനിലെ ഹബ്കോ കമ്പനി അല്ലെന്നും ഇന്ത്യയില്‍ സമാനപേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാകാമെന്നും സൂചന ലഭിച്ചു.

വസ്തുത പരിശോധനയുടെ രണ്ടാം ഘട്ടത്തില്‍ ബോണ്ട് യഥാര്‍ത്ഥത്തില്‍ വാങ്ങിയ കമ്പനിയെക്കുറിച്ച് അന്വേഷിച്ചു. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഡല്‍ഹി ആസ്ഥാനമായി ഹബ് പവര്‍ കമ്പനി എന്ന പേരില്‍‍ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നതായി IndiaMart വെബ്സൈറ്റില്‍ കണ്ടെത്തി. LED ബള്‍ബുകളും മറ്റും വില്‍ക്കുന്ന ഒരു സ്ഥാപനമെന്ന രീതിയിലാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. 07BWNPM0985J1ZX എന്ന GST നമ്പറും നല്‍കിയതായി കാണാം.


ഇതേ GST നമ്പരും സമാന വിവരങ്ങളും ഉള്‍പ്പെടെ Trade India എന്ന വെബ്സൈറ്റിലും കാണാം. ഡല്‍ഹിയിലെ ഗീതാ കോളനിയാണ് കമ്പനിയുടെ വിലാസമായി നല്‍കിയിരിക്കുന്നത്. മനീഷ് എന്ന വ്യക്തിയാണ് മാനേജിങ് ഡയറക്ടര്‍ എന്നാണ് നല്‍കിയിരിക്കുന്ന വിവരം.




ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ കമ്പനി നിലവിലുണ്ടെന്ന് പോലും സ്ഥിരീകരിക്കാനാവാത്ത സാഹചര്യത്തില്‍ GST വിവരങ്ങള്‍ പരിശോധിച്ചു. ഔദ്യോഗിക ചരക്കുസേവന നികുതി വെബ്സൈറ്റില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം രവി മെഹ്റ എന്നയാളുടെ പേരിലാണ് GST നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹബ് പവര്‍ കമ്പനിയെന്ന പേരും ഡല്‍ഹിയിലാണ് സ്ഥിതിചെയ്യുന്നതെന്ന വിവരവും കാണാം. എന്നാല്‍ GST സ്റ്റാസ്റ്റസ് എന്ന ഭാഗത്ത് കമ്പനിയുടെ GST മുന്‍കാലപ്രാബല്യത്തോടെ രജിസ്റ്റര്‍ ചെയ്ത തിയതിയായ 2018 നവംബര്‍ 12 മുതല്‍ പിന്നീട് റദ്ദാക്കിയതായി വ്യക്തമാക്കുന്നു. ഇതോടെ വ്യാജ മേല്‍വിലാസമുപയോഗിച്ചോ മറ്റോ സംഘടിപ്പിച്ച GST നമ്പര്‍ ആയിരിക്കാം ഇതെന്ന അനുമാനത്തിലെത്തി.




ഇതുസംബന്ധിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ ഇത് വ്യാജകമ്പനിയാണെന്ന് കണ്ടെത്തിയതായി ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ദി ന്യൂസ്മിനുറ്റ്, ന്യൂസ്-ലോന്‍ഡ്റി, ദി സ്ക്രോള്‍ എന്നീ മാധ്യമസ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് GST രജിസ്ട്രേഷന്‍ പ്രകാരമുള്ള വ്യക്തിയെ പ്രസ്തുത വിലാസത്തില്‍ കണ്ടെത്താനായില്ലെന്നും, GST രജിസ്ട്രേഷന്‍ വ്യാജമാണെന്ന് ഡല്‍ഹി GST വിഭാഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നത്.




Conclusion:

ഹബ് പവര്‍ കമ്പനിയെന്ന പേരില്‍ 95 ലക്ഷം രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിയത് പാക്കിസ്ഥാനിലെ ഹബ്കോ ആണെന്ന പ്രചാരണം തെറ്റാണെന്ന് ലഭ്യമായ വിവരങ്ങളില്‍നിന്ന് അനുമാനിക്കാം. ഇതേ പേരില്‍ ഡല്‍ഹിയില്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുണ്ടെന്ന് കണ്ടെത്തിയെങ്കിലും അവരാണോ ബോണ്ട് വാങ്ങിയതെന്ന് വ്യക്തമല്ല. SBI തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിവരങ്ങള്‍ അപൂര്‍ണമായതിനാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിന് പരിമിതിയുണ്ട്. ഏത് പാ‍ര്‍ട്ടിയാണ് ബോണ്ട് സ്വീകരിച്ചതെന്നത് ഉള്‍പ്പെടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കൂടുതല്‍ വ്യക്തമായ ബോണ്ട് വിവരങ്ങള്‍ എസ്ബിഐ ലഭ്യമാക്കേണ്ടതുണ്ട്.

Claim Review:Pakistan based Hub Power Company purchased electoral bonds soon after Pulwama attack
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story