ലുലു മാളിലെ പാക്കിസ്ഥാന്‍ പതാക: വസ്തുതയറിയാം
കൊച്ചി ലുലു മാളില്‍ ഇന്ത്യന്‍ പതാകയെക്കാള്‍ ഉയരത്തില്‍ പാക്കിസ്ഥാന്‍ പതാക സ്ഥാപിച്ചുവെന്ന ആരോപണത്തോടെയാണ് ചിത്രസഹിതം പോസ്റ്റുകള്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 13 Oct 2023 5:40 PM GMTകൊച്ചി ലുലു മാളില്‍ ഇന്ത്യന്‍ പതാകയെക്കാള്‍ ഉയരത്തിലും വലിപ്പത്തിലും പാക്കിസ്ഥാന്‍ പതാക സ്ഥാപിച്ചതായി പ്രചരണം. ഐസിസി ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പശ്ചാത്തലത്തില്‍ സ്ഥാപിച്ച വിവിധ രാജ്യങ്ങളുടെ പതാകകള്‍ക്കിടയില്‍ ഇന്ത്യന്‍ പതാക ചെറുതായും പാക്കിസ്ഥാന്‍ പതാക വലുതായും സ്ഥാപിച്ചുവെന്നാണ് പ്രചരണം. ഇത്തരത്തില്‍ കാണിക്കുന്ന ചിത്രവും സന്ദേശത്തോടൊപ്പം പ്രചരിക്കുന്നുണ്ട്. വിവിധ ഫെയ്സ്ബുക്ക്, എക്സ് പ്ലാറ്റ്ഫോമുകളില്‍ ചിത്രം വ്യാപകമായി പ്രചരിക്കുന്നു.
Fact-check:
പ്രചരിക്കുന്ന സന്ദേശങ്ങളില്‍ മിക്കതും വര്‍ഗീയ - മതസ്പര്‍ധ പടര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായി. ലുലു ഗ്രൂപ്പിന് നേരെ മുന്‍പും ഇത്തരം വര്‍ഗീയ പ്രചരണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍തന്നെ പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കാമെന്ന സൂചന ലഭിച്ചു.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചു. പാക്കിസ്ഥാന്‍ പതാകയ്ക്ക് താഴെ കാണാവുന്ന ഫ്രാന്‍സിന്റെ പതാകയ്ക്കാണ് ചിത്രത്തില്‍ കൂടുതല്‍ വീതി. ഈ പതാക ക്യാമറയോട് കൂടുതല്‍ അടുത്താണെന്നും ചിത്രത്തില്‍നിന്ന് വ്യക്തമാണ്.
ക്യാമറയില്‍നിന്നുള്ള അകലം കണക്കാക്കിയാല്‍ ഏറ്റവുമടുത്ത് ഫ്രാന്‍സിന്റേതും പിന്നീട് പാക്കിസ്ഥാന്‍റെയും പിന്നീട് അമേരിക്കയുടെയും അവസാനം ഇന്ത്യയുടെയും പതാകകളാണ് നല്‍കിയിരിക്കുന്നത്. ഇതോടെ പതാകകള്‍ എല്ലാം ഒരു നേര്‍രേഖയിലല്ല സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യക്തമായി.
പതാകകളുടെ വലിപ്പവുമായി ബന്ധപ്പെട്ട കൂടുതല്‍ സ്ഥിരീകരണത്തിനായി ലുലു ഗ്രൂപ്പിന്‍റെ മീഡിയവിഭാഗം മേധാവിയുമായി സംസാരിച്ചു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ:
“ക്രിക്കറ്റ് ലോകകപ്പ് ഉദ്ഘാടനമത്സരവുമായി ബന്ധപ്പെട്ടാണ് ലുലുമാളിന്‍റെ കൊച്ചി ശാഖയില്‍ വിവിധ രാജ്യങ്ങളുടെ പതാകകള്‍ സ്ഥാപിച്ചത്. ഇത് മാളിന്റെ നടുത്തളത്തിലേക്ക് തൂങ്ങി നില്‍ക്കുന്നവിധം വൃത്താകൃതിയില്‍ സജ്ജീകരിച്ച സ്പെയ്സില്‍ ഒരേ അളവിലും ഉയരത്തിലുമാണ് സ്ഥാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പെട്ടിരുന്നു. പ്രചരിക്കുന്ന ചിത്രത്തില്‍ ഫോട്ടോ എടുത്തിരിക്കുന്ന ആംഗിളിന്റെ പ്രത്യേകതകൊണ്ടാണ് പാക്കിസ്ഥാന്‍ പതാക വലുതായും ഉയരത്തിലും തോന്നുന്നത്. ”
വിവിധ ആംഗിളുകളില്‍നിന്ന് ചിത്രമെടുക്കുമ്പോള്‍ ക്യാമറയോട് ഏറ്റവും അടുത്തുവരുന്ന പതാക വലുതായും ഉയരത്തില്‍ സ്ഥാപിച്ചതായും തോന്നുന്നു. പതാകകള്‍ വൃത്താകൃതിയില്‍ സജ്ജീകരിച്ചതുകൊണ്ടാണിത്. ഇത്തരത്തില്‍ വ്യത്യസ്ത രാജ്യങ്ങളുടെ പതാകകള്‍ വലുതായി തോന്നുന്ന ചില ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
മാളില്‍ സ്ഥാപിച്ച പതാകകളുടെ താഴെനിലയില്‍നിന്ന്പകര്‍ത്തിയ ചിത്രവും അദ്ദേഹം പങ്കുവെച്ചു. ഇതില്‍ എല്ലാ പതാകകളുടെയും ഉയരവും വലിപ്പവും തുല്യമാണെന്ന് വ്യക്തമാണ്.
ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വ്യക്തമായി
Conclusion:
ലുലുമാളില്‍ പാക്കിസ്ഥാന്‍ പതാക ഇന്ത്യന്‍ പതാകയെക്കാള്‍ ഉയരത്തിലും വലിപ്പത്തിലും സ്ഥാപിച്ചുവെന്ന പ്രചരണം തെറ്റാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് സ്ഥാപിച്ച വിവിധ രാജ്യങ്ങളുടെ പതാകകള്‍ ഒരേ വലിപ്പത്തിലും ഉയരത്തിലുമാണെന്നും സ്ഥിരീകരിച്ചു.