പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ കരുണയ്ക്കായി കേഴുന്ന ഹിന്ദു എംപിയുടെ ദൃശ്യങ്ങളെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഹൈന്ദവ വിഭാഗങ്ങളോടും ഹിന്ദു പെണ്‍കുട്ടികളോടും കരുണ കാണിക്കണമെന്ന് കേണപേക്ഷിക്കുന്ന എംപിയുടെ ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെ വികാരാധീനനാകുന്ന ഒരാളെയും കാണാം.
Fact-check:
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ദൃശ്യങ്ങളിലുള്ളത് ഹിന്ദു എംപിയല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ പതിപ്പ് കണ്ടെത്തി. പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ 2022 ഓഗസ്റ്റ് 11 ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ 38-ാം മിനുറ്റില്‍ പ്രചരിക്കുന്ന ഭാഗം കാണാം. പാര്‍ലമെെന്റ് നടപടിക്രമങ്ങളുടെ തല്‍സമയ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ നല്‍കിയിരിക്കുന്നത്.
സഭാധ്യക്ഷന്‍ അദ്ദേഹത്തെ പ്രസംഗത്തിനായി വിളിക്കുന്ന ഭാഗത്ത് അദ്ദേഹത്തിന്റെ പേര് വിളിക്കുന്നത് ജനാബ് താരിഖ് മസീഹ് ഗില്‍സ് സാഹെബ് എന്നാണ്. തുടര്‍ന്ന് ഈ പേര് സൂചനയായി എടുത്ത് നടത്തിയ പരിശോധനയില്‍ അദ്ദേഹം എംപിയല്ലെന്നും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ അംഗം (ഇന്ത്യയില്‍ എംഎല്‍എയ്ക്ക് സമാനമായ പദവി) ആണെന്നും വ്യക്തമായി. അദ്ദേഹം ക്രിസ്തുമത വിശ്വാസിയാണെന്നും ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഇതോടെ ഹിന്ദു എംപിയാണ് ദൃശ്യങ്ങളില്‍ സംസാരിക്കുന്നതെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. വിശദമായ പരിശോധനയില്‍ ക്രിസ്ത്യന്‍ ജനതയുടെ അവകാശങ്ങളെക്കുറിച്ചും ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ മതപരിവര്‍ത്തനം സംബന്ധിച്ചുമാണ് അദ്ദേഹം പ്രസംഗിക്കുന്നതെന്നും വ്യക്തമായി.
തുടര്‍ന്ന് 2022 ഓഗസ്റ്റില്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പരിശോധിച്ചു. പ്രചരിക്കുന്ന തരത്തില്‍ ഒരു സംഭവത്തെക്കുറിച്ച് മാധ്യമറിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. വിശദമായ പരിശോധനയില്‍ ഇക്കാലയളവില്‍ നടന്ന ന്യൂനപക്ഷ കണ്‍ലവെന്‍ഷനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
മുഹമ്മദലി ജിന്ന നടത്തിയ ന്യൂനപക്ഷ സ്വാതന്ത്ര്യവും തുല്യതയും സംബന്ധിച്ച പ്രസംഗം അനുസ്മരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വിവരങ്ങളും ലഭിച്ചു.
ഇതോടെ താരിഖ് മസീഹ് ഗില്‍ പ്രസംഗിച്ചത് ന്യൂനപക്ഷ കണ്‍വെന്‍ഷനിലാണെന്ന് വ്യക്തമായി.
Conclusion:
പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ ഹിന്ദു എംപി ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി കേണപേക്ഷിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വസ്തുതാവിരുദ്ധമാണ്. ദൃശ്യങ്ങളിലുള്ളത് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ അംഗമായ താരിഖ് മസീഹി ഗില്‍ ആണെന്നും അദ്ദേഹം ക്രൈസ്തവ മതവിശ്വാസിയാണെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.