Fact Check: ഇന്ത്യന്‍ സ്ത്രീകളെ വെല്ലുവിളിച്ച് പാക്കിസ്ഥാന്‍ ഗുസ്തി താരം? വീഡിയോയുടെ സത്യമറിയാം

ദുബായിൽ നടന്ന വനിതാ ഗുസ്തി ചാമ്പ്യൻഷിപ്പില്‍ ജേതാവായ പാക്കിസ്ഥാന്‍ താരം ഇന്ത്യന്‍ സ്ത്രീകളെ വെല്ലുവിളിച്ചതോടെ തമിഴ്നാട്ടില്‍നിന്നുള്ള കവിതാ വിജയലക്ഷ്മി എന്ന യുവതി വെല്ലുവിളി ഏറ്റെടുത്ത് അവരെ ഗുസ്തിയില്‍ കീഴ്പ്പെടുത്തിയെന്നാണ് വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം.

By -  HABEEB RAHMAN YP |  Published on  14 April 2024 8:41 AM GMT
Fact Check: ഇന്ത്യന്‍ സ്ത്രീകളെ വെല്ലുവിളിച്ച് പാക്കിസ്ഥാന്‍ ഗുസ്തി താരം? വീഡിയോയുടെ സത്യമറിയാം
Claim: ദുബായില്‍വെച്ച് പാക്കിസ്ഥാന്‍ വനിതാ ഗുസ്തി താരത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് തമിഴ്നാട് യുവതി അവരെ കീഴ്പ്പെടുത്തുന്നു.
Fact: പ്രചാരണം അടിസ്ഥാനരഹിതം. ദൃശ്യങ്ങളിലെ രണ്ടുപേരും ഇന്ത്യക്കാര്‍. വീ‍ഡിയോ പഞ്ചാബില്‍ 2016 ല്‍ നടന്ന ഗുസ്തി ടൂര്‍ണമെന്റ് സമയത്ത് ചിത്രീകരിച്ചത്.

ഇന്ത്യന്‍ സ്ത്രീകളെ വെല്ലുവിളിച്ച പാക്കിസ്ഥാന്‍ വനിതാ ഗുസ്തി താരത്തെ കീഴടക്കിയ തമിഴ്നാട് യുവതിയുടേതെന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പാക്കിസ്ഥാനോട് പൊരുതി ഇന്ത്യയുടെ അഭിമാനം കാത്ത യുവതിയെന്ന് പ്രകീര്‍ത്തിച്ച് നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.




Fact-check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങളില്‍ കാണുന്ന രണ്ട് യുവതികളും ഇന്ത്യന്‍ ഗുസ്തി താരങ്ങളാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

ദൃശ്യങ്ങളില്‍ കാണുന്ന CWE എന്ന ബാനര്‍ സൂചനയാക്കി നടത്തിയ പരിശോധനയില്‍ ഇത് Continental Wrestling Entertainment എന്ന പഞ്ചാബ് ആസ്ഥാനമായ ഗുസ്തി പരിശീലന കേന്ദ്രമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ യൂട്യൂബ് ചാനലില്‍ പരിശോധിച്ചതോടെ പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ പതിപ്പ് കണ്ടെത്തി. 2016 ജൂണ്‍ 13നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദുബായില്‍വെച്ചല്ല, പഞ്ചാബിലെ ജലന്ധറിലായിരുന്നു മത്സരമെന്നും കണ്ടെത്തി.


ബി ബി ബുള്‍ബുളിന്റെ വെല്ലുവിളി ഏറ്റെടുത്ത് കവിത എന്നതാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2016 ലെ ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭ്യമായി.




ഡെക്കാന്‍ ക്രോണിക്ക്ള്‍ 2016 ജൂണ്‍ 17ന് നല്‍കിയ റിപ്പോര്‍ട്ടില്‍ ബുള്‍ബുളിന്റെ വെല്ലുവിളി ഏറ്റെടുത്തെത്തിയ പഞ്ചാബ് സ്വദേശിയായ കവിത ഹരിയാന പൊലീസ് ഓഫീസറായിരുന്നുവെന്നും മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരമാണെന്നും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. ദി ന്യൂസ് മിനുറ്റ് ഉള്‍പ്പെടെ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കാണാം.




തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബി ബി ബുള്‍ബുള്‍ ആദ്യ ഇന്ത്യന്‍ വനിതാ പ്രോ-റസ്ലിങ് താരമാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. സരബ്ജിത് കൗര്‍ എന്നാണ് അവരുടെ യഥാര്‍ത്ഥ പേര്.ബുള്‍ബുളിന്റെ ജീവിതം വിശദീകരിക്കുന്ന ചില വീഡിയോകളും യൂട്യൂബില്‍ ലഭ്യമാണ്.




ഓണ്‍ലൈനില്‍ ലഭ്യമായ മറ്റ് വിവരങ്ങളും അവര്‍ ഇന്ത്യക്കാരിയാണെന്ന് സ്ഥിരീകരിക്കുന്നു.



ഇതോടെ ദൃശ്യങ്ങളിലുള്ള രണ്ടുപേരും ഇന്ത്യന്‍ താരങ്ങളാണെന്ന് വ്യക്തമായി.

ഈ വീഡിയോ 2016 മുതല്‍ പലവര്‍ഷങ്ങളില്‍ തെറ്റായ വിവരണങ്ങളോടെ പ്രചരിച്ചിരുന്നതായും കണ്ടെത്തി.


Conclusion:

പാക്കിസ്ഥാന്‍ വനിതാ ഗുസ്തി താരം ഇന്ത്യന്‍ സ്ത്രീകളെ വെല്ലുവിളിച്ചുവെന്നു തമിഴ്നാട് സ്വദേശിനി തിരിച്ചടിച്ചുവെന്നും അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ഏട്ടുവര്‍ഷത്തോളം പഴയതാണ്. 2016 ജൂണില്‍ പഞ്ചാബിലെ ജലന്ധറില്‍ നടന്ന ഗുസ്തി ടൂര്‍ണമെന്റിലെ വീഡിയോയില്‍ കാണുന്ന രണ്ടുപേരും ഇന്ത്യന്‍ താരങ്ങളാണ്. ആദ്യ ഇന്ത്യന്‍ വനിതാ പ്രോ-റെസ്ലിങ് താരമെന്നറിയപ്പെടുന്ന ബി ബി ബുള്‍ബുളും മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരമായ പഞ്ചാബ് സ്വദേശി കവിതയുമാണ് ദൃശ്യങ്ങളില്‍. ‌

Claim Review:ദുബായില്‍വെച്ച് പാക്കിസ്ഥാന്‍ വനിതാ ഗുസ്തി താരത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് തമിഴ്നാട് യുവതി അവരെ കീഴ്പ്പെടുത്തുന്നു.
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം. ദൃശ്യങ്ങളിലെ രണ്ടുപേരും ഇന്ത്യക്കാര്‍. വീ‍ഡിയോ പഞ്ചാബില്‍ 2016 ല്‍ നടന്ന ഗുസ്തി ടൂര്‍ണമെന്റ് സമയത്ത് ചിത്രീകരിച്ചത്.
Next Story