ലോക്സഭ തിരഞ്ഞെടുപ്പ് അവസാനഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഇതിനകം തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും പ്രചാരണങ്ങളും നടന്നുകഴിഞ്ഞു. ഇതില്‍ പലതും വ്യാജമാണെന്ന സ്ഥിരീകരണവുമുണ്ടായി. ഇന്ത്യന്‍ സൈന്യം തങ്ങളുടെ വാഹനത്തില്‍ കള്ളവോട്ടുചെയ്യാന്‍ ആളുകളെ ബൂത്തിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്സാപ്പില്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇത് പങ്കുവെയ്ക്കുന്നത്. (Archive)
ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നുവെന്നും അതിനായി സൈന്യത്തെപ്പോലും ഉപയോഗിക്കുന്നുവെന്നും വിമര്‍ശനത്തോടെ നിരവധി പേര്‍ ഇത് ഫെയ്സ്ബുക്കിലും പങ്കുവെച്ചതായി കണ്ടെത്തി. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ 2019-ലേതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങള്‍ 2019 മുതല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതായി കണ്ടെത്തി. യൂട്യൂബിലും ഫെയ്സ്ബുക്കിലും ഉള്‍പ്പെടെ ഈ ദൃശ്യങ്ങള്‍ 2019 മെയ് ആദ്യവാരമാണ് പങ്കുവെച്ചിരിക്കുന്നത്. (Archive - YouTube, Archive - Facebook)
ഇതോടെ ഈ വീഡിയോ നിലവിലെ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമായി. വീഡിയോയില്‍ സംസാരിക്കുന്ന വ്യക്തി കന്റോണ്‍മെന്റ് വിധാന്‍സഭ, ബൂത്ത് നമ്പര്‍ 146 തുടങ്ങിയ കാര്യങ്ങള്‍ പറയുന്നതായി കേള്‍ക്കാം. ഈ സൂചനകള്‍ക്കൊപ്പം തിയതി ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ IBC 24 ചാനലിന്റെ എന്ന യൂട്യൂബ് അക്കൗണ്ടില്‍ ഇതേ ദൃശ്യങ്ങള്‍ 2019 മെയ് 5 ന് പങ്കുവെച്ചതായി കണ്ടെത്തി.
ഇതോടെ ഈ ദൃശ്യങ്ങള്‍ 2019ല്‍ ജബല്‍പൂരില്‍നിന്നുള്ളതാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജബല്‍പൂരില്‍ സൈനികരുടെ കുടുംബാംഗങ്ങളെ വോട്ട് രേഖപ്പെടുത്താന്‍ കൊണ്ടുപോകവെ ഒരു സംഘം പേര്‍ വാഹനം തടഞ്ഞുവെന്നും ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നുമാണ് ഇന്ത്യന്‍ സേനയുടെ വിശദീകരണം. സംഭവത്തില്‍ സൈന്യം പരാതി നല്‍കിയതായും കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.
ANI വെബ്സൈറ്റില്‍ നല്കിയിരിക്കുന്ന റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ കാണാം. ജബല്‍പൂരിലെ 146-ാം നമ്പര്‍ ബൂത്തായ സ്വാമി വിവേകാനന്ദ ഹയര്‍സെക്കന്ററി സ്കൂളിലേക്ക് പോകാന്‍ ഔദ്യോഗിക അനുമതിയോടെയാണ് വാഹനം ഉപയോഗിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ആരോപണത്തില്‍ അന്വേഷണം നടത്തിയതായോ പരാതിയില്‍ കേസെടുത്തതായോ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ലഭ്യമായില്ല.
Conclusion:
സൈനിക വാഹനത്തില്‍ ആളുകളെ കള്ളവോട്ട് ചെയ്യാന്‍ കൊണ്ടുപോകുന്നുവെന്ന അവകാശവാദത്തോടെ പങ്കുവെയ്ക്കുന്ന വീഡിയോ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 2019 മെയ് മാസത്തില്‍ സൈന്യത്തിനെതിരെ ആരോപണവുമായി പ്രചരിച്ച വീഡിയോയാണിതെന്ന് ന്യൂസ്മീറ്റര്‍ പരിശോധനയില്‍ കണ്ടെത്തി.