മണിപ്പൂരില്‍ ബിജെപി പതാക കത്തിച്ചതാര്? പ്രചരിക്കുന്ന ദൃശ്യങ്ങളുടെ പശ്ചാത്തലമറിയാം

ഏതാനും പേര്‍ ബിജെപിയുടെ പതാകകള്‍ കൂട്ടിയിട്ട് കത്തിക്കുന്ന ദൃശ്യങ്ങളാണ് മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  23 July 2023 1:18 AM IST
മണിപ്പൂരില്‍ ബിജെപി പതാക കത്തിച്ചതാര്? പ്രചരിക്കുന്ന ദൃശ്യങ്ങളുടെ പശ്ചാത്തലമറിയാം

മണിപ്പൂരില്‍ രണ്ടുമാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങളുടെ ഭാഗമായി നടന്ന വിവിധ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങളും വിവരങ്ങളും പുറത്തുവന്നതോടെ പ്രതിഷേധങ്ങളും കനക്കുകയാണ്. മെയ്തെയ് - കുകി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമായ മെയ് മാസത്തിലെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ വിഷയത്തില്‍ മണിപ്പൂര്‍ സര്‍ക്കാറിനും കേന്ദ്രഗവണ്മെന്റിനുമെതിരെ വലിയരീതിയില്‍ പ്രതിഷേധങ്ങളുയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മണിപ്പൂരില്‍ ജനങ്ങള്‍ ബിജെപി പതാകകള്‍ കൂട്ടിയിട്ട് കത്തിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.




Arun Pulimath എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് മണിപ്പൂരിലെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യബോധം വന്നുതുടങ്ങി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവധ അക്കൗണ്ടുകളില്‍നിന്ന് സമാന അടിക്കുറിപ്പുകളോടെ റീലുകളായും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.


Fact-check:

മണിപ്പൂരിലെ സംഘര്‍ഷത്തിന്‍റെ ഭാഗമായി നടന്ന രാജ്യത്തെ നടുക്കുന്ന അക്രമസംഭവങ്ങളുടെ ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവന്നതോടെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഭരിക്കുന്ന ബിജെപിയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയരുന്നുണ്ട്. എങ്കിലും പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിക്കുന്നതിനായാണ് വസ്തുത പരിശോധന നടത്താന്‍ തീരുമാനിച്ചത്.

വീഡിയോയ്ക്ക് വ്യക്തത കുറവായതിനാല്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് സംവിധാനത്തില്‍ പരിശോധിച്ചപ്പോള്‍ കൃത്യമായ ഫലങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്ന് ദൃശ്യങ്ങളിലെ സൂചനകളുപയോഗിച്ച് വിവിധ പ്ലാറ്റ്ഫോമുകളില്‍ കീവേഡ് പരിശോധന നടത്തി.

BJP, Flag, Burn, Manipur തുടങ്ങിയ ലളിതമായ കീവേഡുകളുപയോഗിച്ച് നടത്തിയ ഗൂഗ്ള്‍ സെര്‍ച്ചില്‍ 2022 ലെ ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.


Scroll 2022 ജനുവരി 30ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മണിപ്പൂരിലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ എതിര്‍പ്പുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെക്കുറിച്ചാണ് വാര്‍ത്ത. പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപി പതാക കത്തിച്ചതായും പ്രധാനമന്ത്രിയുടെയും മണിപ്പൂര്‍ മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിലുപയോഗിച്ചിരിക്കുന്ന ചിത്രം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അധ്യാപകനായ Thongkholal Haokip ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍നിന്നുള്ളതാണ്. എന്നാല്‍ ഈ വീഡിയോ പ്രചരിക്കുന്ന വീഡിയോയില്‍നിന്ന് വ്യത്യസ്തമാണ്.

പ്രചരിക്കുന്ന വീഡിയോയുടെ സാഹചര്യം ഇതുതന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനായി മാധ്യമറിപ്പോര്‍ട്ടുകളില്‍നിന്ന് ലഭിച്ച സൂചനകള്‍കൂടി പ്രയോജനപ്പെടുത്തി ട്വിറ്ററില്‍ കീവേഡ് പരിശോധന നടത്തി. T. Mangcha Haokip എന്ന ഐഡിയില്‍നിന്ന് നിലവില്‍ പ്രചരിക്കുന്ന അതേ ദൃശ്യങ്ങള്‍ 2022 ജനുവരി 30 ന് പങ്കുവെച്ചതായി കണ്ടെത്തി.


പന്ത്രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ പ്രചരിക്കുന്ന വീഡിയോ 2022 ലെ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഉള്ളതാണെന്ന് വ്യക്തമായി.

അഡ്വാന്‍സ്ഡ് സെര്‍ച്ച് സംവിധാനമുപയോഗിച്ച് തീയതി ഉള്‍പ്പെടെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ Congress Sevadal വെരിഫൈഡ് ട്വിറ്റര്‍ ഹാന്‍ഡിലി‍ല്‍നിന്ന് ഇതേ ദിവസം ഇതേ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.


തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട വിവിധ മാധ്യമറിപ്പോര്‍ട്ടുകളും ലഭിച്ചു. ഇന്ത്യാ ടുഡേ, എ‍ന്‍ഡി ടിവി, ദി ഹിന്ദു ഉള്‍പ്പെടെ മാധ്യമങ്ങള്‍ സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്.




ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് നിലവിലെ മണിപ്പൂര്‍ സംഘര്‍ഷങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. അതേസമയം, മണിപ്പൂരില്‍ നിലവിലെ സംഘര്‍ഷങ്ങളില്‍ ബിജെപിയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

Conclusion:

മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെയും ബിജെപിക്കെതിരായ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ ആളുകള്‍ ബിജെപി പതാക കൂട്ടിയിട്ട് കത്തിക്കുന്നതായി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പഴയതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തില്‍ അതൃപ്തരായ പാര്‍ട്ടിപ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളാണ് ഇതെന്ന് സ്ഥിരീകരിച്ചു. 2022 ജനുവരിയില്‍ നടന്ന ഈ സംഭവത്തിന് നിലവിലെ മണിപ്പൂര്‍ സംഘര്‍ഷത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രതിഷേധനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.

Claim Review:People in Manipur protest against the government by burning BJP flags
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Next Story