ബസ്സില്‍ ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ഭാര്യയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രമെന്ന തരത്തില്‍ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തമിഴില്‍ പ്രചരിക്കുന്ന ചിത്രത്തിനൊപ്പം സുന്ദരിയായ ഭാര്യയും നല്ലൊരു ജീവിതവുമുണ്ടായിട്ടും വിധി അദ്ദേഹത്തിന് എല്ലാം നഷ്ടപ്പെടുത്തിയെന്ന തരത്തിലാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
അതേസമയം ഫെയ്സ്ബുക്കില്‍ ഈ ചിത്രം മറ്റൊരു അടിക്കുറിപ്പോടെയും പ്രചരിക്കുന്നുണ്ട്. മലയാളത്തില്‍ പ്രചരിക്കുന്ന പോസ്റ്റില്‍ ബസ്സില്‍ അദ്ദേഹത്തിനൊപ്പം നേരത്തെ യാത്രചെയ്ത മറ്റൊരു കുട്ടിയുടെ അനുഭവം എന്ന നിലയില്‍ അദ്ദേഹത്തെ ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ കാണുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് നല്‍കിയിരിക്കുന്നത്.
Fact-check:
പ്രചാരണം വസ്തുതാവിരുദ്ധമാണന്നും ചിത്രത്തിലുള്ളത് ആത്മഹത്യ ചെയ്ത ദീപകിന്റെ ഭാര്യയല്ലെന്നും ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഒരേ ചിത്രം രണ്ട് വ്യത്യസ്ത അടിക്കുറിപ്പുകളോടെ കണ്ടതോടെ ചിത്രം വ്യാജമാകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചിത്രത്തില്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തി. ചിത്രത്തിലെ ബസ്സിന്റെ നമ്പറിലും മറ്റും കാണുന്ന അവ്യക്തമായ അക്കങ്ങള്‍ ചിത്രം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാകാമെന്ന സൂചന നല്‍കി. തുടര്‍ന്ന് ചിത്രം ചില എഐ ഡിറ്റക്ഷന്‍ പ്ലാറ്റ്ഫോമുകളുപയോഗിച്ച് പരിശോധിച്ചു.
ഹൈവ് മോഡറേഷന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചിത്രം 99.8 ശതമാനവും എഐ നിര്‍മിതമാകാമെന്ന ഫലമാണ് ലഭിച്ചത്.
തുടര്‍ന്ന് സൈറ്റ് എന്‍ജിന്‍ എന്ന മറ്റൊരു പ്ലാറ്റ്ഫോമിലും പരിശോധിച്ചു. 90 ശതമാനത്തോളം എഐ നിര്‍മിതമാകാമെന്ന ഫലമാണ് ലഭിച്ചത്.
ഇതോടെ ചിത്രം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന് ഏറെക്കുറെ വ്യക്തമായി. തുടര്‍ന്ന് ചിത്രത്തിലുള്ളത് അദ്ദേഹത്തിന്റെ ഭാര്യയാണോ എന്നത് സംബന്ധിച്ച് വ്യക്തതയ്ക്കായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കോഴിക്കോട് സ്വദേശി അസ്ഗര്‍ അലിയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം:
“ചിത്രത്തിലുള്ളത് അദ്ദേഹത്തിന്റെ ഭാര്യയല്ല. അദ്ദേഹം വിവാഹിതനായിരുന്നെങ്കിലും രണ്ടുവര്‍ഷം മുന്‍പ് പരസ്പരധാരണയില്‍ ബന്ധം വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. ചിത്രം യഥാര്‍ത്ഥ ചിത്രമാണെന്ന് തോന്നുന്നില്ല. മലയാളത്തില്‍ പ്രചരിക്കുന്ന കഥയിലെ സത്യാവസ്ഥയും അറിയില്ല. അദ്ദേഹത്തിന്റെ ഈ രൂപം ഏറെ പഴയതാണ്. പഴയ ചിത്രമുപയോഗിച്ച് വ്യാജമായി നിര്‍മിച്ച ചിത്രമാകാം പ്രചരിക്കുന്നത്.”
ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.
Conclusion:
ബസ്സിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക് അദ്ദേഹത്തിന്റെ ഭാര്യയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രമെന്ന തരത്തില്‍ പ്രചരിക്കുന്നത് എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രമാണെന്ന് വ്യക്തമായി.