നടന്‍ മോഹന്‍ലാലിന് മുന്‍കാല ABVP ബന്ധമാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കോളജ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ട ചിത്രമെന്ന തരത്തില്‍ മോഹന്‍ലാലിന്റെയും മറ്റ് ചിലരുടെയും ചിത്രത്തിനൊപ്പം എബിവിപി എംജി കോളജ് യൂണിയന്‍ എന്ന് രേഖപ്പെടുത്തിയതായി കാണാം. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിരവധി പേരാണ് ഈ ചിത്രം പങ്കുവെയ്ക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചിത്രം എഡിറ്റ് ചെയ്തതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത പരിശോധനയുടെ ഭാഗമായി നടത്തിയ റിവേഴസ് ഇമേജ് പരിശോധനയില‍് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പ് 2020 ഏപ്രിലില്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചതായി കണ്ടെത്തി. ആര്‍ട്സ് ഫെസ്റ്റിവലില്‍ മികച്ച നടനുള്ള സമ്മാനം നേടിയതിന്റെ അപൂര്‍വ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ ഇംഗ്ലീഷില്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കാണാം.
കാവാലം ശ്രീകുമാറടക്കം മറ്റുള്ളവരുടെ വിവരങ്ങളും പേജില്‍ നല്‍കിയിട്ടുണ്ട്. ഇതോടെ കലാമേളയുമായി ബന്ധപ്പെട്ട അച്ചടിച്ചുവന്ന ചിത്രത്തില്‍ ‘എബിവിപി എംജി കോളജ് യൂണിയന്‍’ എന്ന് എഴുതിച്ചേര്‍ത്താണ് വ്യാജപ്രചാരണമെന്ന് വ്യക്തമായി.
മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയില്‍ അനില്‍ പി നെടുമങ്ങാട് പങ്കുവെച്ച കുറിപ്പിനെക്കുറിച്ചും വിശദമായി നല്‍കിയിട്ടുണ്ട്. ഇതോടെ പ്രചരിക്കുന്ന ചിത്രം കോളജ് മാഗസിനില്‍ കലാമേളയെക്കുറിച്ച് വന്നതാണെന്ന് വ്യക്തമായി.
Conclusion:
നടന്‍ മോഹന്‍ലാലിന്റെ കോളജ് കാല എബിവിപി ബന്ധം തെളിയിക്കുന്ന ചിത്രമെന്ന തരത്തില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ചിത്രമാണ്. യഥാര്‍ത്ഥ ചിത്രം കോളജ് മാഗസിനില്‍ കലാമേളയിലെ അദ്ദേഹത്തിന്റെ മികച്ച നടനുള്ള പുരസ്കാരനേട്ടവുമായി ബന്ധപ്പെട്ട് അച്ചടിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.