Fact-check: ഇത് സരയൂ തീരത്തെ 823 അടി ഉയരമുള്ള ശ്രീരാമപ്രതിമയോ? പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചറിയാം

3000 കോടി രൂപ ചെലവില്‍ 13000 ടണ്‍ ഭാരവും 823 അടി ഉയരവുമുള്ള സരയൂ തീരത്തെ ശ്രീരാമപ്രതിമ എന്ന വിവരണത്തോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  1 Feb 2024 11:57 PM IST
Fact-check: ഇത് സരയൂ തീരത്തെ 823 അടി ഉയരമുള്ള ശ്രീരാമപ്രതിമയോ? പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചറിയാം

സരയൂതീരത്തെ പുതിയ ശ്രീരാമപ്രതിമയുടേതെന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 13000 ടണ്‍ ഭാരവും 823 അടി ഉയരവുമുള്ള പ്രതിമ 3000 കോടി രൂപ ചെലവിലാണ് നിര്‍മിച്ചതെന്നാണ് അവകാശവാദം. ചില പോസ്റ്റുകള്‍ നിര്‍മിക്കാനിരിക്കുന്ന പ്രതിമയെന്ന രീതിയിലും ഇതേ ചിത്രം പങ്കുവെച്ചതായി കാണാം.




Fact-check:

അയോധ്യയില്‍ വരാനിരിക്കുന്ന ശ്രീരാമപ്രതിമയെക്കുറിച്ച് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പ്രചരിക്കുന്ന ചിത്രം ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ നിര്‍മിക്കുന്ന ശ്രീരാമപ്രതിമയുടേതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ നടത്തിയ കീവേഡ് പരിശോധനയില്‍ ജനം ടിവി 2023 ജനുവരി 30ന് ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്ത ലഭിച്ചു.പ്രചരിക്കുന്ന സന്ദേശങ്ങളുടെ അതേ വാക്യഘടനയിലാണ് തലക്കെട്ട്.


ജനം ടിവി ഫെയ്സ്ബുക്ക് പേജിലും ഇത് പങ്കുവെച്ചതായി കാണാം. തുടര്‍ന്ന് ഇതിലുപയോഗിച്ച ചിത്രം റിവേഴ്സ് ഇമേജ് പരിശോധന നടത്തിയതോടെ ഇത് 2023 ജൂലൈയില്‍ ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ തറക്കല്ലിട്ട ശ്രീരാമപ്രതിമയുടെ രൂപരേഖയാണെന്ന് വ്യക്തമായി.

2023 ജൂലൈ 23ന് ഓണ്‍ലൈനായി തറക്കല്ലിടല്‍ നിര്‍വഹിച്ച അമിത്ഷാ ഈ ചിത്രം അദ്ദേഹത്തിന്റെ എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്.


108 അടി ഉയരമുള്ള പ്രതിമ ആന്ധ്രയിലെ കുര്‍ണൂലില്‍ നിര്‍മിക്കുന്നത് രാഘവേന്ദ്രസ്വാമി എന്ന വ്യക്തിയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിശദമായ പത്രക്കുറിപ്പ് അന്നേദിവസം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നല്‍കിയതായി കണ്ടെത്തി. ഈ ചിത്രം ഉള്‍പ്പെടെ പ്രതിമയുടെ രണ്ട് രൂപരേഖാ ചിത്രങ്ങളും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പത്രക്കുറിപ്പിലുണ്ട്.




NDTV യും ഹിന്ദുസ്ഥാന്‍ ടൈംസും ഉള്‍പ്പെടെ നല്‍കിയ റിപ്പോര്‍ട്ടുകളിലും ഇതേ ചിത്രങ്ങളും വിശദാംശങ്ങളും നല്‍കിയതായി കാണാം. ഇതോടെ പ്രചരിക്കുന്ന ചിത്രം ആന്ധ്രയിലെ കുര്‍ണൂലില്‍ നിര്‍മിക്കുന്ന 108 അടി ഉയരമുള്ള ശ്രീരാമപ്രതിമയുടെ രൂപരേഖയാണെന്നും ചിത്രം 2023 ജൂലൈയിലേതാണെന്നും വ്യക്തമായി.

തുടര്‍ന്ന് പ്രചരിക്കുന്ന സന്ദേശത്തിലെ മറ്റ് വിവരങ്ങള്‍ അടിസ്ഥാനമാക്കി പരിശോധിച്ചു. 823 അടി ഉയരം, 13,000 ടണ്‍ ഭാരം തുടങ്ങിയ വിവരങ്ങള്‍ നല്‍കി നടത്തിയ പരിശോധനയില്‍ ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.


DNA എന്ന വെബ്സൈറ്റില്‍ 2024 ജനുവരി 3 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 823 അടി ഉയരത്തില്‍ പ്രതിമയുടെ നിര്‍മാണം ഹരിയാനയില്‍ നടക്കുമെന്നാണ് വിവരം. നരേഷ് കുമാവത് എന്ന ശില്പിയാണിത് നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രതിമയ്ക്ക് 13,000 ടണ്‍ ഭാരം വരുമെന്നും ബജറ്റ് സംബന്ധിച്ച് അനുമതി ലഭിച്ചാല്‍ ഇത് ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമയാകുമെന്നുമാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ വിവര്‍ത്തനമാണ് ജനം ടി വി നല്‍കിയതെന്ന് ഇതോടെ വ്യക്തമായി. മറ്റ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സമാനമായ റിപ്പോര്‍ട്ട് നല്‍കിയതായി കണ്ടു. എന്നാല്‍ ഇതിലൊന്നും പ്രചരിക്കുന്ന ചിത്രം ഉപയോഗിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പ്രതീകാത്മകമായി മറ്റ് ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ രൂപരേഖ പോലും തയ്യാറായില്ലെന്ന് അനുമാനിക്കാം.

സരയൂ തീരത്ത് നിര്‍മിക്കാനിരിക്കുന്ന ശ്രീരാമപ്രതിമ സംബന്ധിച്ച് പ്രചരിക്കുന്ന സന്ദേശങ്ങളിലെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന മറ്റ് ഔദ്യോഗിക റിപ്പോര്‍ട്ടുകളും ലഭ്യമായില്ല.


Conclusion:

സരയൂതീരത്തെ ശ്രീരാമപ്രതിമയുടെ ചിത്രമെന്ന തരത്തില്‍ പ്രചരിക്കുന്നത് ആന്ധ്രയിലെ കുര്‍ണൂലില്‍ 2023 ജൂലൈ 23ന് അമിത്ഷാ തറക്കല്ലിട്ട 108 അടി ശ്രീരാമപ്രതിമയുടെ രൂപരേഖാ ചിത്രമാണ്. ചില മാധ്യമങ്ങള്‍ ഇത് പ്രതീകാത്മകമായി ഉപയോഗിച്ചതാകാമെങ്കിലും അത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. അയോധ്യയില്‍ നിര്‍മിക്കാനിരിക്കുന്ന 823 അടി ഉയരമുള്ള ശ്രീരാമപ്രതിമയെക്കുറിച്ച് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അതിന്റെ രൂപരേഖ പോലും പുറത്തുവന്നിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:Photo of 823 Feet statue of Lord Ram in Sarayu Shores at Ayodhya
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story