അച്ഛന്റെ ജോലിസ്ഥലം കാണാനാഗ്രഹിച്ച പെണ്‍മക്കളെ സുപ്രീംകോടതിയിലേക്ക് കൊണ്ടുവന്ന ചീഫ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഢിന്‍റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീല്‍ചെയറിലിരിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം അദ്ദേഹവും ഭാര്യയും നില്‍ക്കുന്ന ചിത്രസഹിതമാണ് വികാരനിര്‍ഭരമായ ഉള്ളടക്കം. ദത്തുപുത്രിമാരായ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സുപ്രീംകോടതിയ്ക്ക് മുന്നില്‍നിന്നെടുത്ത ചിത്രമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.
ഇടതുപക്ഷ രാഷ്ട്രീയം എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച ചിത്രത്തില്‍ വീല്‍ചെയറിലിരിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ഭാര്യയെയും കാണാം.
നിരവധി വ്യക്തിഗത പ്രൊഫൈലുകളില്‍നിന്നും പേജുകളില്‍നിന്നും സമാന വിവരണങ്ങളോടെ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
Fact-check:
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് സംവിധാനത്തില്‍ പരിശോധിച്ചതോടെ ഇതേ ചിത്രം ഉള്‍പ്പെട്ട ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
രാഷ്ട്രപതിയുടെ ക്ഷണപ്രകാരം രാഷ്ട്രപതിഭവനിലെ അമൃത് ഉദ്യാനം സന്ദര്‍ശിക്കാനാണ് ചിഫ് ജസ്റ്റിസും മറ്റ് സുപ്രീംകോടതി ജഡ്ജിമാരും എത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 2023 ഫെബ്രുവരി 5 ഞായറാഴ്ചയായിരുന്നു സന്ദര്‍ശനം.
സ്ഥിരീകരണത്തിനായി ഇതേ ദിവസത്തെ രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റുകള്‍ പരിശോധിച്ചു. ഇതോടെ ഈ ചിത്രം രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും കണ്ടെത്തി.
2023 ഫെബ്രുവരി 5ന് പങ്കുവെച്ച ചിത്രത്തില്‍ രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ചീഫ് ജസ്റ്റിസും മറ്റ് സുപ്രീംകോടതി ജഡ്ജിമാരും അമൃത് ഉദ്യാന്‍ സന്ദര്‍ശിച്ചുവെന്ന വിവരണവും കാണാം.
ഇതോടെ പ്രചരിക്കുന്ന ചിത്രം ചീഫ് ജസ്റ്റിസ് കുടുംബത്തിനൊപ്പം സുപ്രീംകോടതി സന്ദര്‍ശിച്ചതിന്റേതല്ലെന്നും മറിച്ച് 2023 ഫെബ്രുവരി 5 ന് രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം സന്ദര്‍ശിച്ചതിന്‍റേതാണെന്നും വ്യക്തമായി.
തുടര്‍ന്ന് അദ്ദേഹം എപ്പോഴെങ്കിലും മക്കള്‍ക്കൊപ്പം സുപ്രീംകോടതിയില്‍ എത്തിയിരുന്നോ എന്നതുള്‍പ്പെടെ പ്രചരിക്കുന്ന പോസ്റ്റിലെ മറ്റ് അവകാശവാദങ്ങള്‍ പരിശോധിച്ചു. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2023 ജനുവരിയില്‍ മക്കള്‍ക്കൊപ്പം അദ്ദേഹം സുപ്രീംകോടതി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലഭിച്ചു.
2023 ജനുവരി 6 ന് ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്റെ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സുപ്രീംകോടതിയിലെത്തിയതായി വ്യക്തമാക്കുന്നു. ഭിന്നശേഷിക്കാരായ ദത്തുപുത്രിമാര്‍ക്കോപ്പം അദ്ദേഹം കോടതിയിലെത്തിയതായാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ തന്‍റെ ദത്തുപുത്രിമാര്‍ക്കൊപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് കോടതിയിലെത്തിയെന്ന വിവരണം വസ്തുതാപരമാണെന്ന് വ്യക്തമായി. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ മാധ്യമറിപ്പോര്‍ട്ടുകളില്‍ കണ്ടെത്താനായില്ല. പ്രചരിക്കുന്ന ചിത്രത്തിന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
Conclusion:
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് തന്റെ പെണ്‍മക്കള്‍ക്കൊപ്പം സുപ്രീംകോടതിയിലെത്തിയതിന്‍റെ ചിത്രം എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ചിത്രം 2023 ഫെബ്രുവരിയില്‍ രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം സന്ദര്‍ശിച്ച സമയത്തെടുത്ത ചിത്രമാണെന്ന്ന ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. തന്‍റെ ദത്തുപുത്രിമാര്‍ക്കൊപ്പം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് 2023 ജനുവരിയില്‍ സുപ്രീംകോടതിയിലെത്തിയിരുന്നുവെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.