വയനാട്ടിലെ ദുരന്തമുഖത്ത് കര്‍മനിരതരായി മലയാളികള്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് മാത്രമല്ല, അവശ്യസാധനങ്ങളെത്തിക്കാനും മറ്റെല്ലാ ആവശ്യങ്ങള്‍ക്കും സന്നദ്ധരായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെയാണ് ഇടുക്കിയില്‍നിന്ന് വ്യത്യസ്തമായ ഒരു വാര്‍ത്ത വന്നത്. കട്ടപ്പന ഉപ്പുതറ സ്വദേശികളായ സജിന്‍ വര്‍ഗീസിന്റെ ഭാര്യ ഭാവന ദുരന്തത്തില്‍ അനാഥരായ നവജാത ശിശുക്കളെ മുലയൂട്ടാന്‍ സന്നദ്ധത അറിയിക്കുന്നു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്തയ്ക്ക് വലിയ പ്രശംസയാണ് ലഭിച്ചത്.
എന്നാല്‍ ഇക്കൂട്ടത്തില്‍ വളരെ മോശമായ ചില കമന്റുകളും വന്നു. ഇത്തരത്തില്‍ അശ്ലീല കമന്റിട്ട George Kt എന്ന പ്രൊഫൈലിലുള്ള വ്യക്തിയെ പ്രദേശവാസികള്‍ കൈകാര്യം ചെയ്തതായി ഒരു ചിത്ര 2024 ആഗസ്റ്റ് 2 മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടുന്നതെന്ന അവകാശവാദത്തോടെ മറ്റൊരു ചിത്രവും പ്രചരിച്ചു.
ഫെയ്സ്ബുക്കിന് പുറമെ ഇന്‍സ്റ്റഗ്രാമിലും ത്രെഡ്സിലുമെല്ലാം ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആശുപത്രിയില്‍ കഴിയുന്നതെന്ന അവകാശവാദത്തോടെ രണ്ടാമത് പ്രചരിച്ച ചിത്രം അശ്ലീല കമന്റിട്ട വ്യക്തിയുടേതല്ലെന്നും വ്യക്തമായി.
ആദ്യം പ്രചരിച്ച ചിത്രവും ആശുപത്രിയിലേതെന്ന അവകാശവാദത്തോടെ പ്രചരിച്ച ചിത്രവും തമ്മില്‍ ചില പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് ചിത്രങ്ങള്‍ വസ്തുത പരിശോധനയ്ക്ക് വിധേയമാക്കിയത്.
രണ്ട് ചിത്രങ്ങളിലും മുഖത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാം. ആദ്യത്തെ ചിത്രത്തില്‍ ക്ലീന്‍ ഷേവും രണ്ടാമത്തെ ചിത്രത്തില്‍ താടിയുള്ള രീതിയിലുമാണ്. ആശുപത്രിയിലെത്തി ചികിത്സ തേടിയ അതേദിവസം ഇത്രയും മാറ്റത്തിന് സാധ്യതയില്ല. കൂടാതെ, ആദ്യത്തെ ചിത്രത്തിലെ കണ്ണിന് താഴെയുള്ള പാടുകള്‍ രണ്ടാമത്തെ ചിത്രത്തിലില്ല എന്നും കാണാം.
ഇതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ഏതാനും പേര്‍ കമന്റുകളില്‍ ആശുപത്രിയിലെ ചിത്രത്തില്‍ കാണുന്നത് ജോര്‍ജ് അല്ലെന്നും തിരുവനന്തപുരം സ്വദേശി രഞ്ജിത്ത് ആണെന്നും സൂചിപ്പിക്കുന്നതായി കണ്ടു. തുടര്‍ന്ന് പ്രസ്തുത കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇക്കാര്യം വിശദീകരിക്കുന്ന ഒരു പോസ്റ്റ് Anju Parvathy Prabheesh എന്ന പ്രൊഫൈലില്‍നിന്ന് 2024 ആഗസ്റ്റ് 3 ന് പങ്കുവെച്ചതായും കണ്ടെത്തി.
പിന്നീട് നടത്തിയ പരിശോധനയില്‍ 2024 ആഗസ്റ്റ് 4ന് മനോരമ ന്യൂസ് ഇദ്ദേഹത്തിന്റെ ബൈറ്റ് സഹിതം വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. ചിത്രത്തിലുള്ളത് തിരുവനന്തപുരം അരുവിക്കര മൈലം സ്വദേശി വിശ്വാസ് എന്ന രഞ്ജിത്ത് ആണെന്നും ഒരു വാഹനാപകടത്തെ തുടര്‍ന്ന ഇദ്ദേഹം തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം.
“എന്റെ പേര് വിശ്വാസ് രഞ്ജിത്ത്. രഞ്ജിത്ത് എന്നാണ് വിളിക്കാറ്. ഒരു വാഹനാപകടത്തെത്തുടര്‍ന്ന് കൈക്ക് പരി്ക്കേറ്റ് ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് എന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്സിബിഷനുകള്‍ നടത്തുന്ന തൊഴിലാളിയാണ് ഞാന്‍. കേരളത്തിലെ എക്സിബിഷന്‍ തൊഴിലാളികളുടെ സംഘത്തിലെ അഗംവുമാണ്. പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സാസഹായത്തിന് വേണ്ടിയാണ് ഈ ഫോട്ടോ ഞാന്‍ സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. ഇത് ആരോ പങ്കുവെച്ചതോടെയാണ് വ്യാപകമായി പ്രചരിച്ചത്. പിന്നാലെ പലരും കാര്യങ്ങളന്വേഷിച്ച് വിളിച്ചിരുന്നു. ഈ സംഭവവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. വലിയ മാനസിക പ്രയാസത്തിലാണ് ഞാന്‍. ആദ്യം പ്രചരിച്ചുവെന്ന് പറയുന്ന ചിത്രം ഞാന്‍ പിന്നീട് കണ്ടിരുന്നു. അതിലുള്ള വ്യക്തിയെക്കുറിച്ചും എനിക്കറിയില്ല.”
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലും വിശ്വാസ് പങ്കുവെച്ചു. ആദ്യംപ്രചരിച്ച ചിത്രത്തിലെ വ്യക്തയുമായി പ്രകടമായ വ്യത്യാസങ്ങള്‍ ഈ പ്രൊഫൈല്‍ ചിത്രത്തിലും കാണാം.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു.
അതേസമയം ആദ്യം പ്രചരിച്ച ചിത്രം ഈ സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റയാളുടേതാണോ എന്ന് സ്ഥിരീകരിക്കാനായില്ല.