തൊഴിലാളികള്‍ക്കൊപ്പം പ്രധാനമന്ത്രി: പ്രചരിക്കുന്ന ചിത്രം ഫോട്ടോഷൂട്ടോ?
ഏതാനും തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്ന ചിത്രം ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില്‍ ചിത്രീകരിച്ചതാണെന്ന അവകാശവാദത്തോടെയാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം.
By - HABEEB RAHMAN YP | Published on 23 Sept 2023 11:56 PM ISTപ്രധാനമന്ത്രി നരേന്ദ്രമോദി ഏതാനും തൊഴിലാളികളുമായി സംസാരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില്‍ സെറ്റിട്ട് കൃത്രിമമായി തയ്യാറാക്കിയ ചിത്രങ്ങളാണ് ഇതെന്ന അവകാശവാദത്തോടെയാണ് ഇടത്, കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍നിന്ന് ചിത്രം പങ്കുവെയ്ക്കുന്നത്.
കമ്മ്യൂണിസ്റ്റ് കേരളം എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച ചിത്രത്തില്‍ പ്രധാനമന്ത്രി ഏതാനും തൊഴിലാളികളോട് സംസാരിക്കുന്നതും പശ്ചാത്തലത്തില്‍ ചില നിര്‍മിതികളും കാണാം. ഫ്രെയിമില്‍ ഒരു ക്യാമറയും നിലത്ത് കാര്‍പ്പെറ്റുമുണ്ട്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അവകാശവാദങ്ങള്‍ പരിശോധിച്ചു. ചിത്രത്തിലെ കാര്‍പ്പെറ്റും ക്യാമറയും ഇത് സ്വാഭാവിക തൊഴിലിടമല്ലെന്ന് വ്യക്തമാക്കുന്നു. ചിത്രത്തിന്റെ സാഹചര്യം മനസ്സിലാക്കുന്നതിനായി കൂടുതല്‍ പങ്കുവെച്ച ചിത്രം റിവേഴ്സ് ഇമേജ് സംവിധാനമുപയോഗിച്ച് പരിശോധിച്ചു. ഇതോടെ ചിത്രം 2023 സെപ്തംബര്‍ 17 ന് ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയുടേതാണന്ന സൂചനലഭിച്ചു.
തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വെരിഫൈഡ് ഫെയ്സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതോടെ ഈ ദിവസം അദ്ദേഹം പങ്കുവെച്ച നിരവധി ചിത്രങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന ചിത്രവും കണ്ടെത്തി. “ഇന്ത്യയുടെ കരകൗശല വൈവിധ്യം യശോഭൂമിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍” എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഈ സൂചന ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനല്‍ പരിശോധിച്ചതോടെ വീഡിയോ ദൃശ്യങ്ങളും ലഭ്യമായി. ചിത്രത്തില്‍ കാണുന്ന ക്യാമറയില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണിവ.
വിശ്വകര്‍മ ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ യശോഭൂമിയില്‍ സംഘടിപ്പിച്ച കരകൗശല പ്രദര്‍ശനം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി കരകൗശല വിദഗ്ധരുമായി സംവദിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളുമാണിതെന്ന് ഇതോടെ സ്ഥിരീകരിക്കാനായി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും മറ്റ് ഔദ്യോഗിക ഗവണ്മെന്റ് പേജുകളിലും ഈ വീഡിയോ കാണാം.
വിശ്വകര്‍മ ദിനത്തില്‍ യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ചില മെട്രോ ലെയിനുകളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. ഇതിനോടനുബന്ധിച്ചാണ് പ്രദര്‍ശനം കാണാനും തൊഴിലാളികളുമായി സംവദിക്കാനും പ്രധാനമന്ത്രി എത്തിയത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പും ലഭ്യമായി.
കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലും ഈ പരിപാടിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പങ്കുവെച്ചതായി കാണാം.
ദേശീയ മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ഡെക്കാന്‍ ഹെരാള്‍ഡ്, മലയാളത്തില്‍ മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണാം.
ഇതോടെ പ്രചരിക്കുന്ന അവകാശവാദം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി.
Conclusion:
പ്രധാനമന്ത്രി നരേന്ദ്രമോദി ഏതാനും തൊഴിലാളികളുമായി സംവദിക്കുന്ന ചിത്രം ഹൈദരാബാദിലെ ഫിലിംസിറ്റിയില്‍ കൃത്രിമമായി ചിത്രീകരിച്ചതാണെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2023 സെപ്തംബര്‍ 17 ന് ന്യൂഡല്‍ഹിയില്‍ വിശ്വകര്‍മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരകൗശല പ്രദര്‍ശനം സന്ദര്‍ശിക്കവേ പ്രധാനമന്ത്രി കരകൗശലവിദഗ്ധരുമായി ആശയവിനിമയം നടത്തുന്ന ചിത്രങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നത്.