കേദാര്‍നാഥില്‍ മൈനസ് മൂന്ന് ഡിഗ്രി തണുപ്പില്‍ തപസ്സനുഷ്ഠിക്കുന്ന ശിവയോഗിയുടെ ചിത്രമെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത് ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രമാണ്.
കേദാര്‍നാഥിലെ കൊടുംതണുപ്പില്‍ മൈനസ് മൂന്ന് ഡിഗ്രിയില്‍ തപസ്സനുഷ്ഠിക്കുന്ന ശിവയോഗിയുടെ ചിത്രമെന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തില്‍ ഒരാള്‍ നിലത്തിരുന്ന് പ്രാര്‍ഥിക്കുന്നതിന് സമാനമായി തോന്നുന്നചിത്രമാണിത്. ഇദ്ദേഹത്തിന്‍റെ ദേഹമാസകലം വെളുത്തനിറത്തില്‍ മഞ്ഞുപോലെ തോന്നിപ്പിക്കുന്ന എന്തോ കാണാം. Hindu Way of Life എന്ന ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രം ഇതിനകം നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്.
മറ്റുചില വ്യക്തിഗത അക്കൗണ്ടുകളില്‍നിന്നും സമാന അടിക്കുറിപ്പോടെ ഇതേ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. കൂടാതെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലും ചിത്രം പ്രചരിക്കുന്നുണ്ട്.
Fact-check:
പ്രചരിക്കുന്ന ചിത്രം ബ്ലാക്ക് ആന്‍റ് വൈറ്റ് ആയതിനാല്‍തന്നെ ചിത്രം എഡിറ്റ് ചെയ്തതാകാനുള്ള സാധ്യത കൂടുതലാണെന്ന് മനസ്സിലാക്കി. ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തില്‍ വസ്തുക്കള്‍ കൃത്യമായി തിരിച്ചറിയുന്നതിന് പരിമിതിയുമുണ്ട്. വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചു.
ചിത്രത്തില്‍ ഒരാള്‍ ദേഹമാസകലം വെണ്ണീരില്‍ പൊതിഞ്ഞ് മണ്ണിലിരിക്കുന്നതാണ് കാണാനാവുന്നത്. ഇതിന്‍റെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തില്‍ മണ്ണിന് പകരം മഞ്ഞായി തോന്നുന്നതാണെന്നും വ്യക്തമാണ്.
ഇതിന് സമാനമായ മറ്റ് ചിത്രങ്ങളും ഇതേ അക്കൗണ്ടില്‍ വിവിധ ഹിന്ദി അടിക്കുറിപ്പുകളോടെ പങ്കുവെച്ചതായി കാണാം.
ഇതിലെ വീഡിയോകള്‍ പരിശോധിച്ചപ്പോള്‍ നേരത്തെ കണ്ട ചിത്രങ്ങളിലേതിന് സമാനമായ വീഡിയോകളും ലഭിച്ചു. വീഡിയോ വിശദമായി പരിശോധിച്ചതോടെ ഇത് അഗ്നിതപസ്യ എന്ന പേരില്‍ നടത്തുന്ന പ്രാര്‍ഥനയാണെന്ന് വ്യക്തമായി. വീഡിയോയില്‍ നിന്ന് ലഭിച്ച സൂചനകളും മറ്റ് കീവേഡുകളും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത് ഹരിയാനയില്‍നിന്നുള്ള ദൃശ്യങ്ങളാണെന്നും വ്യക്തമായി.
ലഭിച്ച യഥാര്‍ത്ഥ ചിത്രവും പ്രചരിക്കുന്ന ചിത്രവും തമ്മില്‍ താരതമ്യം ചെയ്താല്‍ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയതാണെന്ന് സ്ഥിരീകരിക്കാനാവും.
ഇതേ ചിത്രം സമാനമായി എഡിറ്റ് ചെയ്ത് 2022 ജനുവരിയിലും വിവിധ അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതായും കണ്ടെത്തി.
Conclusion:
കേദാര്‍നാഥില്‍ മൈനസ് മൂന്ന് ഡിഗ്രി തണുപ്പില്‍ തപസ്സനുഷ്ഠിക്കുന്ന ശിവയോഗിയെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്. ചിത്രം ഹരിയാനയില്‍നിന്നുള്ള ബാബാ ഭലേഗിരിയുടെ അഗ്നിപൂജയില്‍നിന്നുള്ളതാണെന്നും യഥാര്‍ഥ ചിത്രത്തില്‍ ഇദ്ദേഹത്തിന്‍റെ ദേഹത്തുള്ളത് വെണ്ണീരാണെന്നും ഇരിക്കുന്നത് മണ്ണിലാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ചിത്രത്തിന് കേദാര്‍നാഥുമായി യാതൊരു ബന്ധവുമില്ല.
Claim Review:Photo of Shivyogi during penance at Kedarnath in minus three degree centigrade.