‘ഒഡീഷ ട്രെയിനപകടത്തിന് പിന്നില്‍ മുസ്ലിം സ്റ്റേഷന്‍ മാസ്റ്റര്‍’ - വര്‍ഗീയ പ്രചരണത്തിന്റെ സത്യമറിയാം
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തിന് പിന്നില്‍ ഷെരീഫ് അഹമ്മദ് എന്ന സ്റ്റേഷന്‍ മാസ്റ്ററാണെന്നും അദ്ദേഹം മനപൂര്‍വം അപകടമുണ്ടാക്കിയതാണെന്നുമാണ് അവകാശവാദം. സ്റ്റേഷന്‍ മാസ്റ്റര്‍ ഒളിവിലാണെന്നും സന്ദേശത്തില്‍ പറയുന്നു.
By - HABEEB RAHMAN YP | Published on 10 Jun 2023 7:59 PM ISTരാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിനപകടത്തിന് പിന്നില്‍ മുസ്ലിം നാമധാരിയായ സ്റ്റേഷന്‍ മാസ്റ്ററാണെന്നും ഇദ്ദേഹം ഒളിവിലാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരണം..
മഹാഭാരത് തൃശൂര്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച സന്ദേശത്തിനൊപ്പം യൂണിഫോമണിഞ്ഞ ഒരു സ്റ്റേഷന്‍ മാസ്റ്ററുടെ ചിത്രവുമുണ്ട്. ട്രെയിനപകടം മനപൂര്‍വം ഉണ്ടാക്കിയതാണന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോസ്റ്റില്‍ അവകാശപ്പെടുന്നു.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ കീവേഡുകള്‍ ഉപയോഗിച്ച് ട്രെയിനപകടത്തിന്‍റെ തുടര്‍വാര്‍ത്തകള്‍ പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരും ഒളിവിലുള്ളതായോ പ്രചരിക്കുന്ന സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മുസ്ലിം പേരോ ഒരു റിപ്പോര്‍ട്ടിലും കണ്ടെത്താനായില്ല. Economic Times പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സിഗ്നലില്‍ വന്ന തകരാറോ പിഴവോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അധികൃതര്‍ വ്യക്തമാക്കിയതായി കാണാം.
തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ഒഡീഷയിലെ പ്രാദേശിക മാധ്യമങ്ങള്‍ പരിശോധിച്ചു. ഗൂഗ്ള്‍ ട്രാന്‍സലേറ്റ് ഉപയോഗിച്ച് തര്‍ജമ ചെയ്തതോടെ പല റിപ്പോര്‍ട്ടുകളിലും അപകടദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററുടെ പേര് എസ് ബി മൊഹന്തി ആണെന്ന് കണ്ടെത്തി.
Odisha Sampad എന്ന ന്യൂസ് വെബ്സൈറ്റില്‍ ഇത് വ്യക്തമാക്കുന് തരത്തില്‍ റിപ്പോര്‍ട്ട് കാണാം. കൂടാതെ ഒഡീഷ ന്യൂസ് ഏജന്‍സി വെബ്സൈറ്റിലും മറ്റ് ചില പ്രാദേശിക ന്യൂസ് പോര്‍ട്ടലുകളിലും ഇതേ പേര് കണ്ടെത്താനായി. ഇതില്‍ ചില റിപ്പോര്‍ട്ടുകളില്‍ ഇയാള്‍ ഒളിവില്‍ പോയതായും സൂചനയുണ്ട്. എന്നാല്‍ പ്രചരിക്കുന്ന സന്ദേശത്തിലെ ഷരീഫ് അഹമ്മദ് എന്ന പേര് എവിടെയും കണ്ടെത്താനായില്ല.
കൂടുതല്‍ വ്യക്തതയ്ക്കായി കീവേഡുകള്‍ ഉപയോഗിച്ച് യൂട്യൂബിലും പരിശോധിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററെ മാറ്റി നിര്‍ത്തിയതായി India Today നല്‍കിയ വീഡിയോ റിപ്പോര്‍ട്ട് ലഭിച്ചു. ഇതിലും സ്റ്റേഷന്‍ മാസ്റ്ററുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത് എസ് ബി മൊഹന്തി എന്നാണ്.
ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ വാര്‍ത്തയില്‍ അന്വേഷണത്തിന്‍റെ ഭാഗമായി ഏതാനും ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിലും അസിസ്റ്റന്‍റ് സ്റ്റേഷന്‍ മാസ്റ്റര്‍ (അപകടദിവസം ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍) എസ് ബി മൊഹന്തി എന്ന് നല്‍കിയിട്ടുണ്ട്.
ഇതോടെ അന്നത്തെ ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ എസ് ബി മൊഹന്തി ആയിരുന്നെന്ന് വ്യക്തമായി.
തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം പരിശോധിച്ചു. ഗൂഗ്ള്‍ റിവേഴ്സ് ഇമേജ് പരിശോധനയില്‍ vikaschander.com എന്ന വെബ്സൈറ്റില്‍ ബ്ലോഗ് രൂപേണ നല്‍കിയ യാത്രാവിവരണത്തില്‍ ഈ ചിത്രം ഉള്‍പ്പെടുത്തിയതായി കണ്ടെത്തി.
2004 മാര്‍ച്ചില്‍ ആന്ധ്രാപ്രദേശിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലൂടെ നടത്തിയ യാത്രയെക്കുറിച്ചാണ് വിവരണം. Borra Guhalu എന്ന റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍മാസ്റ്റര്‍ക്കൊപ്പം പ്രാതല്‍ കഴിച്ചുവെന്ന് വിവരണത്തില്‍ കാണാം. ഈ സ്റ്റേഷന്‍റെ പേര് ചിത്രത്തിലെ യന്ത്രസംവിധാനങ്ങളില്‍നിന്നും സ്ഥിരീകരിക്കാനായി.
2004 ലെ ചിത്രമായതിനാല്‍ ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായില്ല. എന്നാലും ഇദ്ദേഹത്തിന് നിലവിലെ ഒഡീഷ ട്രെയിനപകടവുമായി ബന്ധമില്ലെന്ന് വ്യക്തം.
Conlcusion:
ഒഡീഷ ട്രെയിനപകടത്തിന് കാരണക്കാരനായ സ്റ്റേഷന്‍ മാസ്റ്റര്‍ ഷെരീഫ് അഹമ്മദിന്‍റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. അപകടദിവസം ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ എസ് ബി മൊഹന്തി ആയിരുന്നുവെന്നും, പ്രചരിക്കുന്ന ചിത്രം 2004 മാര്‍ച്ചില്‍ ആന്ധ്രാപ്രദേശിലെ Borra Guhalu റെയില്‍വേ സ്റ്റേഷനിലേതാണെന്നും വ്യക്തമായി.