ഗോധ്രയിലെ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി റഫീഖ് ഹുസൈന്‍ ഭട്ടുകിന്റേതെന്ന തരത്തില്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുസ്ലീം നേതാവും ഗോധ്രയിലെ രണ്ട് പെട്രോൾ പമ്പുകളുടെ ഉടമയുമായ ഇദ്ദേഹം പതിനാല് വര്‍ഷം ഒളിവിലായിരുന്നുവെന്നും ഒടുവില്‍ കോടതിയില്‍ കുറ്റം സമ്മതിച്ചുവെന്നുമാണ് ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന വിവരണം. കാറിലിരിക്കുന്ന ഒരു മധ്യവയസ്കന്റ ചിത്രമാണ് ഇതിനൊപ്പം നല്‍കിയിരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രത്തിലുള്ളത് ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി റഫീഖ് ഹുസൈന്‍ ഭട്ടുകല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രത്തിനൊപ്പം നല്‍കിയ വിവരണത്തിലെ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ പ്രതിയായ റഫീഖ് ഹുസൈന്‍ ഭട്ടുകിന് 2022 ല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതായി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. ഗോധ്ര സെഷന്‍സ് കോടതി 2022 ജൂലൈ 2-നാണ് ശിക്ഷ വിധിച്ചത്. ഇതുമായി ബന്ധപ്പെട്ട നിരവധി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതിയുടെ ചിത്രം നല്‍കിയതായി കണ്ടെത്തി.
ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ വാര്‍ത്തയിലെ പ്രതിയുടെ ചിത്രവും പ്രചരിക്കുന്ന സമൂഹമാധ്യമ പോസ്റ്റിലെ പ്രതിയുടെ ചിത്രവും വ്യത്യസ്തമാണെന്ന് കാണാം. ഇതോടെ പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചു. ഇതോടെ ANI ഉള്‍പ്പെടെ ചില മാധ്യമങ്ങളില്‍ ഈ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി.
2022 ജൂലൈ രണ്ടിന്, അതായത് ഗോധ്ര കേസില്‍ ശിക്ഷാവിധി വന്ന അതേദിവസം ANI എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ച ചിത്രമാണിത്. പ്രതിയായ റഫീഖ് ഹുസൈന്‍ ഭട്ടുകിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍സി കൊഡേക്കര്‍ പറഞ്ഞതായാണ് വാര്‍ത്ത. നല്‍കിയിരിക്കുന്ന ചിത്രം പ്രതിയുടേതാണോ പബ്ലിക് പ്രോസിക്യൂട്ടറുടേതാണോ എന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിധത്തിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2022 ജൂലൈ 3ന് ANI Bharat യൂട്യൂബ് ചാനലില്‍ കേസുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതികരണം പങ്കുവെച്ചതായി കണ്ടെത്തി. ഇതോടെ പ്രചരിക്കുന്ന ചിത്രം പ്രതിയുടേതല്ല, പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍സി കൊഡേക്കറുടേതാണെന്ന് വ്യക്തമായി.
കൂടാതെ 2024 ഫെബ്രുവരിയില്‍ ഈ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിച്ച സമയത്ത് ANI നല്‍കിയ വിശദീകരണവും ലഭിച്ചു. ചിത്രം പബ്ലിക് പ്രോസിക്യൂട്ടറുടേതാണെന്ന് വ്യക്തമാക്കിക്കൊണ്ട് 2024 ഫെബ്രുവരി 16-നാണ് ANI വിശദീകരണം നല്‍കിയത്.
തനിക്കെതിരായ തെറ്റായ പ്രചാരണത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍സി കൊഡേക്കര്‍ പരാതി നല്‍കിയതായും മാധ്യമവാര്‍ത്തകളുണ്ട്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രത്തിലുള്ളത് കേസിലെ പ്രതിയല്ലെന്നും വ്യക്തമായി.
Conclusion:
ഗോധ്ര ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി റഫീഖ് ഹുസൈന്‍ ഭട്ടുകിന്റേതെന്ന വിവരണത്തോടെ പ്രചരിക്കുന്ന ചിത്രം കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സി കൊഡേക്കറുടേതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.