ഇസ്രയേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം; സത്യത്തില്‍ ഇവ ഇസ്രയേല്‍ ഉത്പന്നങ്ങളോ?
ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫലസ്തീനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ ഉത്പന്നങ്ങളുടെ ചിത്രസഹിതം ഇസ്രയേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനമാണ് സമൂഹമാധ്യമങ്ങളില്‍.
By - HABEEB RAHMAN YP | Published on 24 Oct 2023 10:43 PM ISTഇസ്രയേല്‍ - ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകമെങ്ങും വിവിധ രാജ്യങ്ങളും സന്നദ്ധസംഘടനകളും രംഗത്തുവന്നുകഴിഞ്ഞു. ഫലസ്തീന് ഐക്യദാര്‍ഢ്യമെന്ന നിലയില്‍ ഇസ്രയേല്‍ കേരളത്തിലടക്കം ഇത്തരം ബഹിഷ്ക്കരണാഹ്വാനം സജീവമാണ്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യത്തിന് യൂനിഫോം നല്‍കുന്ന കമ്പനിയുടെ മലയാളിയായ ഉടമ ഓര്‍ഡര്‍ റദ്ദാക്കിയത് വാര്‍ത്തയായിരുന്നു. സമൂഹമാധ്യമങ്ങളിലും ഇത്തരത്തില്‍ ബഹിഷ്ക്കരണാഹ്വാനങ്ങള്‍ സജീവമാണ്. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം പ്രചരിക്കുന്ന പല ഉത്പന്നങ്ങളുടെയും പേരുകളും ചിത്രങ്ങളും ഇസ്രയേല്‍ ഉത്പന്നങ്ങളുടേതല്ല എന്നതാണ് വാസ്തവം.
Ahmed Koya എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പങ്കുവെച്ച വീഡിയോ രൂപത്തിലുള്ള ബഹിഷ്ക്കരണാഹ്വാനത്തില്‍ കാഡ്ബറി ഡയറിമില്‍ക്ക്, കെഎഫ്സി, കൊക്കക്കോള, ലെയ്സ്, കിറ്റ്കാറ്റ്, കോര്‍നെറ്റോ, മിലോ, അക്വാഫിന തുടങ്ങിയ ഉത്പന്നങ്ങളുടെ ദൃശ്യങ്ങളാണ് നല്കിയിരിക്കുന്നത്.
McDonald’s, Pizza Hut ഉള്‍പ്പെടെ കൂടുതല്‍ ഉത്പന്നങ്ങുടെ ചിത്രസഹിതമാണ് Afsal Peringadi എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് സന്ദേശം പ്രചരിക്കുന്നത്.
Fact-check:
യുദ്ധസാഹചര്യങ്ങളില്‍ വിവിധ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് നേരത്തെയും സന്ദേശങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഇവയില്‍ പരാമര്‍ശിക്കുന്ന ഉത്പന്നങ്ങള്‍ ആധികാരികമായി അതത് രാജ്യങ്ങളുടേതാണോ എന്ന് സ്ഥിരീകരിക്കാതെയാണ് പങ്കുവെയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പരാമര്‍ശിക്കുന്ന ഉത്പന്നങ്ങളുടെ കമ്പനികളുടെ രാജ്യങ്ങള്‍ ഏതെല്ലാമാണെന്ന് സ്ഥിരീകരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പരിശോധനയില്‍ നല്കിയിരിക്കുന്ന ഉത്പന്നങ്ങളുടെ ചിത്രങ്ങളില്‍ എല്ലാ ഉത്പന്നങ്ങളും ഇസ്രയേല്‍ ഇതര രാജ്യങ്ങളിലെ കമ്പനികളുടേതാണെന്ന് വ്യക്തമായി.
Cadbury Diarymilk
ബ്രിട്ടീഷ് മള്‍ട്ടിനാഷണല്‍ കമ്പനിയായ കാഡ്ബറിയുടെ ഉത്പന്നമാണ് ഡയറിമില്‍ക്ക്. 1824ല്‍ ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമിലായിരുന്നു കമ്പനിയുടെ ഉത്ഭവം. പിന്നീട് ബ്രിട്ടന്‍ ആസ്ഥാനമായ മോണ്ടെലെസ് ഇന്‍റര്‍നാഷണല്‍ കമ്പനി ഏറ്റെടുക്കുകയായിരുന്നു.
KFC
Kentucky Fried Chicken അഥവാ കെ എഫ് സി ഒരു അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് ഭക്ഷ്യശൃംഖലയാണ്. 1930 ല്‍ ആരംഭിച്ച കെഎഫ്സി ഇന്ന് 145 ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഔദ്യോഗിക വെബ്സൈറ്റില്‍ നല്കിയ വിവരങ്ങളില്‍നിന്ന് വ്യക്തമാകുന്നു.
Coca-Cola
Coca-Cola യും അമേരിക്കന്‍ കമ്പനിയാണ്. 1886 ല്‍ അറ്റ്ലാന്‍റിയയില്‍ ആരംഭിച്ച കമ്പനിയ്ക്ക് കീഴില്‍ വിവിധ സോഫ്റ്റ്-ഡ്രിങ്ക്സ് ഉല്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
Lays
അമേരിക്കന്‍ കമ്പനിയായ പെപ്സിക്കോയുടെ ഉല്പന്നമാണ് ലെയ്സ്. ഫ്രിട്ടോ ലെയ് എന്ന കമ്പനി 1965ല്‍ പെപ്സിക്കോയുമായി ചേര്‍ന്നതോടെയാണ് ലെയ്സ് എന്ന ബ്രാന്‍ഡ് നെയിമില്‍ ചിപ്സ് ഉല്പാദനം തുടങ്ങിയത്.
KitKat
ബ്രിട്ടന്‍ ആസ്ഥാനമായ Nestle കമ്പനിയുടെ ചോക്ലേറ്റ് ഉല്പന്നങ്ങളാണ് കിറ്റ്കാറ്റ് എന്ന ബ്രാന്‍ഡ് നെയിമില്‍ പുറത്തിറക്കുന്നത്. 1866 ല്‍ തുടക്കം കുറിച്ച കമ്പനി ഇന്ന് വിവിധ രാജ്യങ്ങളില്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നു.
Cornetto
ഇറ്റാലിയന്‍ കമ്പനിയായ യൂണിലിവറിന്റെ കീഴില്‍ 1959ലാണ് Cornetto എന്ന ബ്രാന്റ് നെയിമില്‍ പാക്ക് ചെയ്ത് ഐസ്ക്രീം ഉല്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. 2022 ല്‍ ബിസ്കറ്റ് ഉള്‍പ്പെടെ കൂടുതല്‍ ഉല്പന്നങ്ങള്‍ കമ്പനി പുറത്തിറക്കി.
Milo
Nestle യുടെ തന്ന ഉല്പന്നമായ മിലോ 1934ല്‍ ഓസ്ട്രേലിയയിലാണ് ഉല്പാദനം തുടങ്ങിയത്. സ്പോര്‍ട്സ് ഡ്രിങ്ക് എന്ന ലേബലില്‍ പുറത്തിറങ്ങിയ ഉല്പന്നം ഇന്ന് വിവിധ രാജ്യങ്ങളില്‍ വിപണികളില്‍ സജീവമാണ്.
Aquafina
അമേരിക്കന്‍ കമ്പനിയായ പെപ്സിക്കോയുടെ ഉല്പന്നമായ അക്വാഫിന യും ഒരു അമേരിക്കന്‍ ഉല്പന്നമാണ്. പാക്ക് ചെയ്ത കുടിവെള്ളത്തിന്റെ വിപണി സാധ്യതകള്‍ മുന്നില്‍കണ്ടാണ് 1994ല്‍ അക്വാഫിന ആരംഭിച്ചത്.
Munch / Milkybar / Milkmaid / Nido / Ideal / Cerelac
ഈ ഉല്പന്നങ്ങളെല്ലാം Nestle എന്ന കമ്പനിയുടെ വ്യത്യസ്ത ഉല്പന്നങ്ങളാണ്. 1999 ലാണ് Munch എന്ന പേരില്‍ ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന ചോക്ലേറ്റ് നെസ്ലെ പുറത്തിറക്കിയത്. സ്വിറ്റ്സര്‍ലാന്‍റ് ആസ്ഥാനമാക്കിയ നെസ്ലെ 1940കളില്‍ പുറത്തിറക്കിയ ഉല്പന്നമാണ് Nido. 1860 കളില്‍ അമേരിക്കയിലാണ് മില്‍ക്ക് മെയ്ഡ് പുറത്തിറക്കിയത്. Cerelac 1940 കളില്‍ സ്വിറ്റ്സര്‍ലാന്‍റ് ആസ്ഥാനമായാണ് ഉല്പാദനം തുടങ്ങിയത്.
Maggi
ഇന്‍സ്റ്റന്റ് നൂഡില്‍സ് വിഭാഗത്തില്‍ Nestle സ്വിറ്റ്സര്‍ലാന്റ് ആസ്ഥാനമായി ഉല്പാദിപ്പിക്കുന്ന ഉല്പന്നമാണ് മാഗി. 1947 ലാണ് ഇതിന്റെ ഉല്പാദനം ആരംഭിച്ചത്.
7-Up
അമേരിക്കന്‍ കമ്പനികളായ പെപ്സിക്കോ, Keurig Dr Pepper എന്നീ കമ്പനികളാണ് സെവന്‍-അപ് ഉല്പാദിപ്പിക്കുന്നത്, 1929 ലാണ് സെവന്‍-അപ് ഉല്പാദനം തുടങ്ങിയത്.
Mirinda
അമേരിക്കന്‍ കമ്പനിയായ പെപ്സിക്കോ സ്പെയിന്‍ ആസ്ഥാനമായി ഉല്പാദനം തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കാണ് മിരിന്‍ഡ. 1950കളിലാണ് ഇതിന്റെ ഉല്പാദനം ആരംഭിച്ചത്.
Pampers
Procter & Gamble (P&G) എന്ന അമേരിക്ക ആസ്ഥാനമായ കമ്പനിയുടെ ഉല്പന്നമാണ് Pampers. 1961 ലാണ് ഇതിന്റെ ഉല്പാദനം ആരംഭിച്ചത്.
Airel
Procter & Gamble (P&G) എന്ന അമേരിക്കന്‍ കമ്പനി ബ്രിട്ടന്‍ ആസ്ഥാനമായി 1960കളില്‍ പുറത്തിറക്കിയ ഡിറ്റര്‍ജെന്റ് ഉല്പന്നമാണിത്.
Tide
അമേരിക്കന്‍ കമ്പനിയായ Procter & Gamble (P&G) തന്നെയാണ് Tide ഡിറ്റര്‍ജെന്റ് പുറത്തിറക്കുന്നത്. 1946 ലാണ് ഉല്പന്നം ആദ്യമായി വിപണിയിലെത്തിയത്.
Oral-B
1950 കളില്‍ ടൂത്ത് ബ്രഷ് ഉല്പാദിപ്പിച്ചതിനൊപ്പമാണ് Procter & Gamble (P&G) കമ്പനി ഓറല്‍-ബി ടൂത്ത്പേസ്റ്റിന്റെ ഉല്പാദനവും തുടങ്ങിയത്.
Pizza Hut
അമേരിക്ക ആസ്ഥാനമായ Yum! Brands എന്ന കമ്പനിയുടെ പീറ്റ്സ ബ്രാന്‍റാണ് പീറ്റ്സ-ഹട്ട്. 1958 ലാണ് ഇത് ആരംഭിച്ചത്.
Bata
1894 ല്‍ ചെക്ക് റിപ്പബ്ലിക്ക് ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച പാദരക്ഷ നിര്‍മാണ കമ്പനിയാണ് Bata. Bata Brands S.A. എന്നതാണ് കമ്പനിയുടെ ഔദ്യോഗിക പേര്.
ഇതോടെ പ്രചരിക്കുന്ന ചിത്രങ്ങളില്‍ പറയുന്ന ഉല്പന്നങ്ങളൊന്നും ഇസ്രയേല്‍ കമ്പനികളുടേതല്ലെന്ന് ബോധ്യമായി.
Conclusion:
ഇസ്രയേല്‍ ഉല്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുക എന്ന ആഹ്വാനത്തോടെ പ്രചരിക്കുന്ന ഉല്പന്നങ്ങളുടെ ചിത്രങ്ങളില്‍ നല്കിയിരിക്കുന്ന ഒരു ഉല്പന്നവും ഇസ്രയേല്‍ കമ്പനികളുടേതല്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. നല്കിയിരിക്കുന്ന ചിത്രങ്ങളില്‍ മിക്കതും അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഉല്പന്നങ്ങളാണെന്ന് പരിശോധനയില്‍ കണ്ടെത്തി.