തകര്‍ന്ന കെട്ടിടത്തിന്റെ പശ്ചാത്തലത്തില്‍ പുഞ്ചിരിയോടെ പിതാവും മക്കളും: ഇത് നിര്‍മിതബുദ്ധി ചിത്രം
പിതാവും മക്കളുമെന്ന് തോന്നിക്കുന്ന ചിത്രത്തില്‍ പ്രായമായ ഒരു വ്യക്തിയ്ക്കൊപ്പം മൂന്ന് കുട്ടികള്‍ ഒരു തകര്‍ന്ന കെട്ടിടത്തിന്റെ പശ്ചാത്തലത്തില്‍ പുഞ്ചിരിയോടെ ഇരിക്കുന്നത് കാണാം.
By - HABEEB RAHMAN YP | Published on 26 Oct 2023 4:42 AM GMTഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പലസ്തീനില്‍നിന്നുള്ള ചിത്രമെന്ന അവകാശവാദത്തോടെ നിര്‍മിതബുദ്ധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പിതാവും മക്കളും ഒരു തകര്‍ന്ന കെട്ടിടത്തിന്റെ പശ്ചാത്തലത്തില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.
പ്രത്യേകിച്ച് വിവരണങ്ങളില്ലെങ്കിലും പലസ്തീന്‍ പശ്ചാത്തലത്തിലെന്ന അനുമാനത്തിലാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍. വിവിധ ഭാഷകളില്‍ വാട്സാപ്പ് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പ്രചരിക്കുന്നതായി കണ്ടെത്തി.
Fact-check:
തകര്‍ന്ന കെട്ടിടത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളടക്കം പുഞ്ചിരിയോടെ ഇരിക്കുന്ന ചിത്രമാണ് വസ്തുതാപരിശോധനയിലേക്ക് നയിച്ചത്. തുടര്‍ന്ന് ചിത്രം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെ ചിത്രം നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന സൂചനകള്‍ ലഭിച്ചു.
നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങള്‍ക്ക്, പ്രത്യേകിച്ച് മനുഷ്യരുടെ ചിത്രങ്ങള്‍ക്ക് സാങ്കേതികമായി ഉണ്ടാവുന്ന ചില പിഴവുകളാണ് ഇത്തരം ചിത്രങ്ങളെ പ്രാഥമികമായി തിരിച്ചറിയാന്‍ സഹായിക്കുന്നത്. വിരലുകളുടെ എണ്ണത്തിലെ വ്യത്യാസം ഉള്‍പ്പെടെ സൂക്ഷ്മമായ കാര്യങ്ങളില്‍ നിലവില്‍ നിര്‍മിതബുദ്ധി ചിത്രങ്ങളില്‍ പിഴവുകള്‍ പതിവാണ്.
പ്രചരിക്കുന്ന ചിത്രത്തിലും ഇത്തരത്തില്‍ പിഴവുകള്‍ കണ്ടെത്തിയതോടെ ചിത്രം നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് പ്രാഥമികമായി സ്ഥിരീകരിക്കാനായി. തുടര്‍ന്ന് ചിത്രത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തി. റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഇതേ ചിത്രങ്ങള്‍ അറബി അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം വ്യാപകമായി പങ്കുവെച്ചതായി കണ്ടെത്തി.
ഇതിലൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ ചിത്രത്തിനൊപ്പം സമാനമായ രണ്ട് ചിത്രങ്ങള്‍കൂടി കാണാനായി. ഇതേ പശ്ചാത്തലത്തില്‍ പിതാവും കുട്ടികളും ഇരിക്കുന്ന ചിത്രങ്ങളായിരുന്നു അവയും.
ഒരേ പശ്ചാത്തലത്തില്‍ വ്യത്യസ്ത ചിത്രങ്ങളില്‍ കുട്ടികളുടെ വസ്ത്രങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാം. ചിത്രത്തില്‍ @dtyov എന്ന ടിക്ടോക്ക് വാട്ടര്‍മാര്‍ക്ക് നല്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ടിക്ടോക്ക് നിരോധിച്ചതിനാല്‍ നേരിട്ട് ആക്സസ് ചെയ്യാനായില്ല. മറ്റ് രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ ഈ ഐഡി ടിക്ടോക്കില്‍ പരിശോധിച്ചതോടെ സമാനമായ നിരവധി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പങ്കുവെച്ച വീഡിയോ ലഭ്യമായി. എന്നാല്‍ ഈ ചിത്രങ്ങള്‍ ആരാണ് തയ്യാറാക്കിയതെന്ന് കണ്ടെത്താനായില്ല.
തുടര്‍ന്ന് അറബി ഭാഷയില്‍ പ്രസക്തമായ കീവേഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചതോടെ പ്രചരിക്കുന്ന ചിത്രം നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് സ്ഥിരീകരിക്കാനായി.
Egynews എന്ന വാര്‍ത്താ വെബ്സൈറ്റില്‍ 2023 ഒക്ടോബര്‍ 23ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇത് നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണെന്ന് സ്ഥിരീകരിക്കുന്നു. കൂടാതെ ഇതിനൊപ്പം തയ്യാറാക്കിയ മറ്റുചിത്രങ്ങളും റിപ്പോര്‍ട്ടില്‍ കാണാം.
വെറെയും വിവിധ വെബ്സൈറ്റുകളില്‍ ഇവ നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി.
Conclusion:
തകര്‍ന്ന കെട്ടടത്തിന്റെ പശ്ചാത്തലത്തില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന പിതാവിന്റെയും മക്കളുടെയും ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI) അഥവാ നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇതിനൊപ്പം തയ്യാറാക്കിയ മറ്റുചിത്രങ്ങളും ന്യൂസ്മീറ്റര്‍ കണ്ടെത്തി.