സവര്‍ക്കറുടെയും പിണറായി വിജയന്റെയും ‘മാപ്പപേക്ഷകള്‍’: പ്രചരണത്തിലെ ചരിത്രമറിയാം

ജയിലില്‍ കഴിയവെ വി ഡി സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതുമായി ബന്ധപ്പെട്ട വാദങ്ങള്‍ കാലങ്ങളായി സജീവമാണ്. ഇതിനൊപ്പമാണ് ജയിലില്‍ കഴിയവെ പിണറായി വിജയന്‍ നല്‍കിയ മാപ്പപേക്ഷ എന്ന അടിക്കുറിപ്പോടെ ചിത്രം പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  12 Jan 2024 12:21 AM IST
സവര്‍ക്കറുടെയും പിണറായി വിജയന്റെയും ‘മാപ്പപേക്ഷകള്‍’: പ്രചരണത്തിലെ ചരിത്രമറിയാം

ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാനില്‍ ജയിലില്‍ കഴിയവേ ഹിന്ദുമഹാസഭയുടെ നേതാവായിരുന്ന വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം നിരവധി ചര്‍ച്ചകള്‍ ഇതിനകം വന്നതാണ്. എന്നാല്‍ അതിന് സമാനമായി നിലവിലെ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ പിണറായി വിജയനും ഒരിക്കല്‍ ജയില്‍മോചനത്തിനായി മാപ്പെഴുതിയിരുന്നു എന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. സവര്‍ക്കറുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍സഹിതം രണ്ട് പഴയ രേഖകളാണ് പ്രചരിക്കുന്നത്.




Fact-check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന പോസ്റ്ററിലെ രണ്ട് കത്തുകള്‍ സൂക്ഷ്മമായി പരിശോധിച്ചു. വി ഡി സവര്‍ക്കറുടെ ചിത്രത്തോടൊപ്പമുള്ള കത്താണ് ആദ്യം പരിശോധിച്ചത്. ഇതിന്റെ വ്യക്തതയുള്ള പതിപ്പ് ഇന്റര്‍നെറ്റില്‍നിന്ന് കണ്ടെത്തി.


രാഷ്ട്രീയ കേസുകളുമായി ബന്ധപ്പെട്ട് ജയിലി‍ല്‍ കഴിയുന്ന എല്ലാവര്‍ക്കുംവേണ്ടി സവര്‍ക്കര്‍ എഴുതിയ മാപ്പപേക്ഷ, ഗവണ്മെന്റ് സെക്രട്ടറിയായിരുന്ന തോമസ് വില്യം ഹോള്‍ഡര്‍നസിന് ഫോര്‍വേഡ് ചെയ്തതിന്റെ പകര്‍പ്പാണ് ചിത്രത്തില്‍ കാണുന്നതെന്ന് സ്ഥിരീകരിച്ചു.

അതേസമയം പ്രചരിക്കുന്ന ചിത്രം സവര്‍ക്കറുടെ വ്യക്തിഗത മാപ്പപേക്ഷയല്ലെങ്കിലും ജയിലില്‍ കഴിയവെ 1913 ലും 1914 ലും 1920ലുമായി മൂന്ന് തവണ സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതായി രേഖകളുണ്ട്.

കേംബ്രിഡ്ജ് സര്‍വകലാശാല ചരിത്രഗവേഷകനായ എം എസ് എം സൈഫുല്ല തന്റെ എക്സ് ഹാന്‍ഡിലില്‍ 2018 മാര്‍ച്ചില്‍ പങ്കുവെച്ച രേഖകള്‍ കണ്ടെത്തി. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലെയും നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയിലെയും രേഖകളാണ് അദ്ദേഹം ശേഖരിച്ച് പങ്കുവെച്ചിരിക്കുന്നത്.



1913 ല്‍ സവര്‍ക്കര്‍ നല്‍കിയ മാപ്പപേക്ഷ ആര്‍ സി മജുംദാറിന്റെ “Penal Settlement in Andamans” എന്ന പുസ്തകത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

തുടര്‍ന്ന് 1914 ല്‍ നല്‍കിയ കത്തില്‍ ലോകമഹായുദ്ധത്തിലെ സേവനത്തിനടക്കം തയ്യാറാണെന്ന് കത്തില്‍ പരാമര്‍ശിച്ചതായി പറയുന്നു. ടൈപ്പ്റൈറ്റര്‍ ഉപയോഗിച്ച് തയ്യാറാക്കിയ യഥാര്‍ത്ഥ കത്തില്‍ മഷി പടര്‍ന്നതിനാല്‍ വായനായോഗ്യമായ തരത്തില്‍ തയ്യാറാക്കിയ ഡിജിറ്റല്‍ കോപ്പിയും പങ്കുവെച്ചിട്ടുണ്ട്.





പിന്നീട് 1920 ല്‍ നല്‍കിയ അവസാന മാപ്പപേക്ഷയില്‍ നേരത്തെ നല്‍കിയ 1913 ലെയും 1914 ലെയും അപേക്ഷകളെക്കുറിച്ചും പരാമര്‍ശമുണ്ട്.



“I beg to remain”, “I have the honour to remain” തുടങ്ങിയ പ്രയോഗങ്ങളെ മാപ്പപേക്ഷയായി വ്യാഖ്യാനിക്കുകയാണെന്ന പ്രതിരോധമാണ് പൊതുവെ വി ഡി സവര്‍ക്കറുടെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയരാറുള്ളത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും വി ഡി സവര്‍ക്കര്‍ ജയിലില്‍ കഴിയവേ മാപ്പപേക്ഷ നല്‍കിയതിന് ചരിത്രരേഖകളുണ്ടെന്നും വ്യക്തമായി.

വസ്തുതാ പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ പോസ്റ്ററില്‍ പിണറായി വിജയന്റെ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന കത്ത് പരിശോധിച്ചു. കൈപ്പടയില്‍ എഴുതിയ കത്തിന്റെ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് വഴി പരിശോധിച്ചതോടെ ചില റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.


മനോരമ ന്യൂസ് 2018 മെയ് 20ന് നല്‍‍കിയ വാര്‍ത്തയില്‍ ‍സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പൊലീസ് മൈതാനത്ത് ഒരുക്കിയ പ്രദര്‍ശനത്തിന്റെ ഭാഗമായി ജയില്‍വകുപ്പിന്റെ പവലിയനില്‍ ഈ കത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവേ 1976 നവംബർ ഒൻപതിന് എഴുതിയ കത്തിലാണ് അന്നത്തെ കൂത്തുപറമ്പ് എംഎൽഎ പിണറായി വിജയന്‍ അമ്മയുടെ ചികിത്സാര്‍ത്ഥം പരോള്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. Onmanorama ഇംഗ്ലീഷിലും ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്.

The News Minute ഉം ഇതേദിവസം ഈ വാര്‍ത്ത ചിത്രസഹിതം നല്‍കിയതായി കാണാം.


ഇതോടെ പിണറായി വിജയന്റെ ചിത്രസഹിതം നല്‍കിയിരിക്കുന്ന കത്ത് 1976 ല്‍ അദ്ദേഹം സമര്‍പ്പിച്ച പരോള്‍ അപേക്ഷയാണെന്ന് വ്യക്തമായി.

Conclusion:

വി ഡി സവര്‍ക്കറുടെയും പിണറായി വിജയന്റെയും ചിത്രങ്ങളും എഴുത്തുകളും ഉള്‍പ്പെടുത്തി ഇരുവരും ജയിലില്‍ കഴിയവേ മോചനത്തിനായി മാപ്പപേക്ഷിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. വി ഡി സവര്‍ക്കര്‍ മൂന്ന് തവണ മാപ്പപേക്ഷിച്ചതിന് ചരിത്രരേഖകളുണ്ട്. എന്നാല്‍ പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ അമ്മയുടെ ചികിത്സാര്‍ത്ഥം പരോളിന് അപേക്ഷിച്ച കത്താണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.

Claim Review:Pinarayi Vijayan apologized during imprisonment
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story