Fact Check: ജന്‍ധന്‍ യോജന വഴി പ്രതിമാസം 5000 രൂപ? പ്രചരിക്കുന്ന ലിങ്കിന്റെ സത്യമറിയാം
ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഉടനടി 5000 രൂപ അക്കൗണ്ടില്‍ ലഭിക്കുമെന്നാണ് അവകാശവാദം.
By - HABEEB RAHMAN YP | Published on 16 Jun 2024 6:32 PM ISTClaim: ജന്‍ധന്‍ യോജന വഴി അയ്യായിരം രൂപവരെ ഉടനടി കരസ്ഥമാക്കാനുള്ള ലിങ്ക്.
Fact: ജന്‍ ധന്‍ യോജന സാമ്പത്തികസഹായം നല്‍കുന്ന പദ്ധതിയല്ല; പ്രചരിക്കുന്നത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിച്ച് തയ്യാറാക്കിയ സ്കാം ലിങ്കുകള്‍.
പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയുടെ ഭാഗമായി 5000 രൂപവരെ പ്രതിമാസം അക്കൗണ്ടില്‍ ലഭിക്കുമെന്ന അവകാശവാദത്തോടെയുള്ള സന്ദേശവും ലിങ്കും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കി പണം നേടാമെന്നാണ് അവകാശവാദം. (Archive)
ഇതേ പദ്ധതിയുടെ പേരില്‍ രണ്ടായിരം രൂപ ലഭിക്കുമെന്ന അവകാശവാദത്തോടെ സമാനമായ മറ്റൊരു പോസ്റ്റും പ്രചരിക്കുന്നുണ്ട്. (Archive)
Fact-check:
പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന സ്കാം ലിങ്കുകളാണിതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ഭാഗമായി ആദ്യം പ്രചരിക്കുന്ന പോസ്റ്റിന്റെ ഉള്ളടക്കമാണ് പരിശോധിച്ചത്. ഔദ്യോഗിക സംവിധാനത്തിന്റെയോ അറിയിപ്പുകളുടെയോ ഒരു സൂചനയുമില്ലാതെ നല്‍കിയിരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ ഉറപ്പിക്കാനായി. മാത്രവുമല്ല, പോസ്റ്റില്‍ പറയുന്ന ജന്‍ ധന്‍ യോജന എന്നത് സാധാരണക്കാര്‍ക്ക് ബാങ്കിങ് ഇടപാടുകള്‍ സുഗമമാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ്. ഇതുവഴി ഗ്രാമങ്ങളിലുള്‍പ്പെടെ ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുകയും അവരെ ഡിജിറ്റല്‍ ഇടപാടുകള്‍ ഉള്‍പ്പെടെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങളും മറ്റും ഇതുവഴി എളുപ്പത്തില്‍ ലഭ്യമാക്കാനാവുന്നു. അല്ലാതെ, ജന്‍ധന്‍ യോജന വഴി ഏതെങ്കിലും സാമ്പത്തിക സഹായം നല്‍കിവരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വ്യക്തമായി. സാമ്പത്തിക തട്ടിപ്പുകള്‍ ലക്ഷ്യമിട്ട് വിവരശേഖരണത്തിനായി സജ്ജീകരിക്കുന്ന സ്കാം ലിങ്കുകളാവാം ഇതെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം ലിങ്കുകള്‍ പരിശോധിച്ചു.
പ്രചരിക്കുന്ന പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇത് ഒരു വെബ്സൈറ്റിലേക്കാണ് നയിക്കുക. ജന്‍ധന്‍ യോജനയെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന പേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭാരതസര്‍ക്കാറിന്റെ ചിഹ്നവുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റിന്റെ അഡ്രസില്‍നിന്നുതന്നെ ഇത് വ്യാജമായി നിര്‍മിച്ച സൈറ്റാണെന്ന് വ്യക്തമാണ്.
ഈ പേജില്‍ നല്‍കിയിരിക്കുന്ന സ്ക്രാച്ച് ഐക്കണ്‍ സ്ക്രാച്ച് ചെയ്താല്‍ അയ്യായിരത്തിന് താഴെ ഒരു നിശ്ചിത തുക പ്രത്യക്ഷപ്പെടുന്നു. ഇതിന് താഴെയായി BJPയുടെ പദ്ധതിയാണിതെന്നും പണം ലഭിക്കുന്നതിനായി നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നും നല്‍കിയതായി കാണാം.
ഇവിടെ നല്‍കിയിരിക്കുന്ന ലിങ്ക് പരിശോധിച്ചതോടെ ഇത് ഫോണ്‍പേ അപ്ലിക്കേഷന്‍വഴി പണമയക്കുന്നതിനായി സജ്ജീരിച്ച ലിങ്ക് ആണെന്ന് വ്യക്തമായി.
ഉപയോക്താവിന്റെ അക്കൗണ്ടില്‍നിന്ന് 649 രൂപ നിശ്ചിത അക്കൗണ്ടിലേക്ക് കൈമാറുന്നതിനുള്ള ലിങ്കാണ് നല്‍കിയിരിക്കുന്നത്. ഫോണ്‍പേ അപ്ലിക്കേഷന്‍ ലഭ്യമായ ഫോണില്‍ ഇത് നേരിട്ട് ആപ്പിലേക്ക് നയിക്കുകയും പണമിടപാടിന്റെ അവസാന സ്റ്റേജിലേക്ക് നേരിട്ട് എത്തുകയും ചെയ്യുന്നു. ഫോണ്‍പേ അപ്ലിക്കേഷന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ Rakesh Kumar എന്ന പേരിലുള്ള ഒരു അക്കൗണ്ടിലേക്കാണ് ഇതുവഴി പണം കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് വ്യക്തമായി.
ഇതോടെ പ്രചരിക്കുന്നത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിടുന്ന സ്കാം ലിങ്കാണെന്ന് വ്യക്തമായി.
Conclusion:
ജന്‍ധന്‍ യോജന വഴി അയ്യായിരം രൂപവരെ പ്രതിമാസം പണം നേടാമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണന്നും ഇത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ സ്കാം ലിങ്ക് ആണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.