സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനങ്ങള്‍ നല്‍കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. നല്‍കിയിരിക്കുന്ന ലിങ്കില്‍ പ്രവേശിച്ച് 699 രൂപ വരെ ക്യാഷ് പ്രൈസ് നേരിട്ട് അക്കൗണ്ടിലേക്ക് ലഭിക്കുമെന്ന തരത്തിലാണ് പ്രചാരണം. പ്രധാനമന്ത്രി മോദിയുടെ ചിത്രവും ഫോണ്‍പേ, പേടിഎം എന്നിവയുടെ ലോഗോയും സഹിതമാണ് പ്രചാരണം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ സ്കാം ലിങ്കാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ലിങ്ക് പരിശോധിച്ചതോടെ ഇത് മറ്റൊരു വെബ്സൈറ്റിലേക്കാണ് എത്തിച്ചേരുന്നതെന്ന് കണ്ടെത്തി. ഔദ്യോഗിക സര്‍ക്കാര്‍ ഡൊമൈനില്‍ ഉള്‍പ്പെടാത്ത ഈ വെബ്സൈറ്റ് അഡ്രസ് വ്യാജമാകാമെന്ന സൂചനലഭിച്ചു. ഹോംപേജില്‍ പ്രധാനമന്ത്രിയുടെ ചിത്രവും സന്ദേശവും സ്ക്രാച്ച് ചെയ്യാനുള്ള ഒരു ബോക്സും നല്‍കിയിട്ടുണ്ട്. ഇതില്‍ സ്ക്രാച്ച് ചെയ്യുമ്പോള്‍ 699 വരെയുള്ള ഒരു തുക ലഭിച്ചതായി കാണിക്കുന്നു.തുടര്‍ന്ന് മുന്നോട്ടുപോകുമ്പോള്‍ പേടിഎം അല്ലെങ്കില്‍ ഫോണ്‍പേ ഉപയോഗിച്ച് ഈ പണം സ്വീകരിക്കാം എന്ന സന്ദേശം കാണാം.
ഫോണില്‍ പ്രസ്തുത അപ്ലിക്കേഷന്‍ ലഭ്യമാണെങ്കില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ലിങ്കാണിത്. ഫോണില്‍ ആപ്പ് തുറന്നുവരികയും പ്രസ്തുത തുക അക്കൗണ്ടില്‍നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ആവുകയും ചെയ്യുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. പണം സ്വീകരിക്കാന്‍ പിന്‍ നമ്പര്‍ വേണ്ടതില്ലെന്ന അടിസ്ഥാന അറിവിലൂടെ ഈ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാം.
ലിങ്ക് തട്ടിപ്പാണെന്ന് വ്യക്തമായതിന് പിന്നാലെ പ്രസ്തുത ലിങ്ക് ഫെയ്സ്ബുക്ക് പരസ്യത്തിന്റെ രൂപത്തില്‍ പ്രചരിപ്പിക്കുന്ന പേജും പരിശോധിച്ചു. Todays Gift എന്ന പേരിലുള്ള ഈ പേജ് 2021 ല്‍ മറ്റൊരു പേരില്‍ തയ്യാറാക്കിയതാണെന്നും 2025 ജൂലൈയിലാണ് നിലവിലെ പേരിലേക്ക് മാറ്റിയതെന്നും കണ്ടെത്തി.
ഇതോടെ പ്രചരിക്കുന്നത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിടുന്ന ലിങ്കാണെന്നും സമൂഹമാധ്യമ പേജുകളടക്കം തയ്യാറാക്കി നടത്തുന്ന ആസൂത്രിത ശ്രമമാണിതെന്നും വ്യക്തമായി.
നേരത്തെയും ഇത്തരം തട്ടിപ്പുകള്‍ നിരവധി പ്രചരിച്ച പശ്ചാത്തലത്തില്‍ ഫോണ്‍പേ, പേടിഎം തുടങ്ങിയ പണമിടപാട് ആപ്പുകള്‍ അവരുടെ വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Conclusion:
തന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ സ്കാം ലിങ്കാണ് ഇതിനൊപ്പം നല്‍കിയിരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.