Fact Check: ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് പ്രധാനമന്ത്രി? വീഡിയോയുടെ വാസ്തവം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 25 March 2026 12:41 PM IST

Fact Check: ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് പ്രധാനമന്ത്രി? വീഡിയോയുടെ വാസ്തവം
Claim:പശ്ചിമേഷന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Fact:പ്രചരിക്കുന്നത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഡീപ്ഫേക്ക് വീഡിയോ

ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുവേദിയില്‍ പറഞ്ഞുവെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇന്ത്യയുടെയും ഇസ്രയേലിന്റെയും ലക്ഷ്യം ഒന്നാണെന്നും ഇറാന്‍ പോലുള്ള തീവ്രവാദി രാജ്യത്തെ കീഴടക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറയുന്നുണ്ട്. ഇതുവഴി പാക്കിസ്ഥാനെ കീഴടക്കാനാവുമെന്നും മോദി പറയുന്നതായി വീഡിയോയില്‍ കാണാം.




Fact-check:


പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നതെന്നും വസ്തുതാപരിശോധനയില്‍ വ്യക്തമായി.

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതില്‍ പ്രധാനമന്ത്രിയുടെ സംസാരവും ചുണ്ടനക്കവും തമ്മില്‍ ചില ചെറിയ വ്യത്യാസങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ ANI എക്സ് ഹാന്‍ഡിലില്‍ പങ്കിട്ട ഇതിന്റെ യഥാര്‍ത്ഥ വീഡിയോ കണ്ടെത്തി. 2026 മാര്‍ച്ച് 12 ന് പങ്കിട്ട പോസ്റ്റില്‍ പ്രധാനമന്ത്രി സംസാരിക്കുന്നത് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലെ എല്‍പിജി ലഭ്യതയെക്കുറിച്ചാണ്.




പ്രചരിക്കുന്ന വീഡിയോയുമായി താരതമ്യം ചെയ്തതോടെ പ്രചരിക്കുന്നത് എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വീഡിയോയാണെന്ന് വ്യക്തമായി. കൃത്രിമമായി നിര്‍മിച്ച ശബ്ദത്തിനനുസരിച്ച് വീഡിയോയിലെ ചലനങ്ങളില്‍ മാറ്റംവരുത്തിയാണ് പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് സ്ഥിരീകരിച്ചു.

തുടര്‍ന്ന് നടത്തിയ കീവേഡ് പരിശോധനയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫെയ്സ്ബുക്കില്‍ പങ്കിട്ട കുറിപ്പും കണ്ടെത്തി.





ഇതോടെ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.


Conclusion:


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിക്കുന്ന വീഡിയോ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ‍ഡീപ്ഫേക്ക് വീ‍ഡിയോ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചരിക്കുന്നത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഡീപ്ഫേക്ക് വീഡിയോ
Next Story