Fact Check: ഉത്തരേന്ത്യയില്‍ വോട്ടുചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളെ പൊലീസ് തിരിച്ചയക്കുന്നോ? വീഡിയോയുടെ വാസ്തവം
ശിരോവസ്ത്രവും മുഖപടവും ധരിച്ച രണ്ട് മുസ്ലിം സ്ത്രീകളെ വനിതാപൊലീസ് ഉള്‍പ്പെടെ ഏതാനും പോലീസുകാര്‍ ഗേറ്റിന് പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.
By - HABEEB RAHMAN YP | Published on 2 May 2024 3:08 AM GMTClaim: തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ മുസ്ലിം വനിതകളെ വോട്ടുചെയ്യാനനുവദിക്കാതെ പൊലീസ്.
Fact: പ്രചരിക്കുന്നത് 2022 ഫെബ്രുവരിയിലെ റാംപൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്ന ദൃശ്യങ്ങള്‍.
രാജ്യത്ത് ലോക്സഭ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിരവധി വ്യാജപ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി കേരളമുള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ആദ്യ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കി. ഈ പശ്ചാത്തലത്തിലാണ് ഉത്തരേന്ത്യയില്‍ മുസ്ലിം വനിതകളെ വോട്ടുചെയ്യുന്നതില്‍നിന്ന് പൊലീസ് വിലക്കുന്നുവെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. (Archive)
വനിതാപൊലീസ് ഉള്‍പ്പെടെ ഏതാനും പൊലീസുകാര്‍ ചേര്‍ന്ന് ശിരോവസ്ത്രവും മുഖപടവും ധരിച്ച രണ്ട് സ്ത്രീകളെ ഗേറ്റിന് പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന വീഡിയോ നിലവിലെ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസതുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ദൃശ്യങ്ങളില്‍ നിരവധി പേര്‍ മാസ്ക് ഉപയോഗിച്ചതായി ശ്രദ്ധയില്‍പെട്ടു. ഇത് ദൃശ്യങ്ങള്‍ പഴയതാകാമെന്നതിന്റെ ആദ്യസൂചനയായി. കൂടാതെ ദൃശ്യങ്ങളിലെ വാഹനത്തിന്റെ രജ്സ്രേഷന്‍ നമ്പര്‍ പ്രകാരം ഇത് ഉത്തര്‍പ്രദേശില്‍നിന്നുള്ള ദൃശ്യങ്ങളാണെന്ന സൂചനയും ലഭിച്ചു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ലോക്സഭ തിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ 2024 മെയ് 7ന് നടക്കാനിരിക്കുന്നതേയുള്ളൂ. ഇതോടെ വീഡിയോ പഴയതാകാമെന്ന കൂടുതല്‍ സൂചനകള്‍ ലഭിച്ചു.
തുടര്‍ന്ന് റിവേഴ്സ് ഇമേജ് സെര്‍ച്ച് വഴി പരിശോധിച്ചതോടെ ഇതേ ദൃശ്യങ്ങള്‍ 2022 ഫെബ്രുവരിയില്‍ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി കണ്ടെത്തി. (Archive 1, Archive 2)
ഉത്തര്‍പ്രദേശിലെ റാംപൂരില്‍ ബുര്‍ഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സ്ത്രീകളെ പൊലീസ് പിടികൂടിയെന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ ആധികാരികത പരിശോധിക്കുന്നതിനായി കീവേഡുകളും തിയതിയും ഉള്‍പ്പെടെ ഉപയോഗിച്ച് പരിശോധിച്ചതോടെ സംഭവത്തെ സാധൂകരിക്കുന്ന നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭ്യമായി.
Current TV News എന്ന ഫെയ്സ്ബുക്ക് പേജില്‍ ഈ രണ്ടു സ്ത്രീകളെയും പൊലീസ് ജീപ്പില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കാണാം. റാംപൂരില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതിന് പൊലീസ് പിടികൂടിയെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. (Archive)
ആജ്തക് വെബ്സൈറ്റില്‍ 2022 ഫെബ്രുവരി 14ന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ റാംപൂരില്‍ ആറുപേരെ കള്ളവോട്ടിന് പൊലീസ് പിടികൂടിയെന്നും ഇതില്‍ നാലുപേര്‍ വനിതകളാണെന്നും വ്യക്തമാക്കുന്നു.
പ്രചരിക്കുന്ന വീഡിയോയിലെ രണ്ട് സ്ത്രീകളെയും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കാണാം (വസ്ത്രത്തിന്റെ നിറത്തില്‍ കാണുന്ന ചെറിയ മാറ്റം സാങ്കേതികമാണെന്ന് മനസ്സിലാക്കുന്നു).
തുടര്‍ന്ന് മറ്റ് മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്നും കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചു. ദൈനിക് ഭാസ്കര്‍ എന്ന ഹിന്ദി മാധ്യമം 2022 ഫെബ്രുവരി 14 ന് നല്‍കിയ റിപ്പോര്‍ട്ടില്‍ രണ്ടുപേര്‍ അമ്മയും മകളുമാണെന്നും ഇതിലൊരാള്‍ കള്ളവോട്ട് രേഖപ്പെടുത്തിയാതായും പറയുന്നുണ്ട്. ജാഗരണ്‍ എന്ന വാര്‍ത്താ വെബ്സൈറ്റിലും സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇതേദിവസം നല്‍കിയതായി കാണാം.
മറ്റ് ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ സംഭവവുമായി ബന്ധപ്പെട്ട ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് 2024 ലോക്സഭ തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
അതേസമയം ഉത്തര്‍പ്രദേശിലെ റാംപൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2022 ഡിസംബറില്‍ മുസ്ലിം സ്ത്രീകളെ വോട്ടുചെയ്യാന്‍ അനുവദിച്ചില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് അതുമായി ബന്ധമില്ലെന്നും വ്യക്തം.
Conclusion:
ഉത്തരേന്ത്യയില്‍ മുസ്ലിം വനിതകളെ വോട്ടുചെയ്യുന്നതില്‍നിന്ന് പൊലീസ് വിലക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങള്‍ 2022 ഫെബ്രുവരിയില്‍ നടന്ന ഉത്തര്‍പ്രദേശിലെ റാംപൂര്‍ നിയമസഭ തിരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിന്റേതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.