വഖഫ് നിയമഭേദഗതിയ്ക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ചിലയിടങ്ങളില്‍ ഇത് സംഘര്‍ഷങ്ങളിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും നീങ്ങിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി വഖഫ് നിയമഭേദഗതിയ്ക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ പ്രതിഷേധം വ്യാപകസംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമഭേദഗതിയ്ക്കെതിരെ പ്രതിഷേധിക്കുന്ന ആള്‍ക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുന്ന ദൃശ്യമെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന വീഡിയോയ്ക്ക് ആറുവര്‍ഷത്തോളം പഴക്കമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വീഡിയോ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ പ്രചാരത്തിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചില വാര്‍ത്താ മാധ്യമങ്ങളുടെ സമൂഹമാധ്യമ പേജുകളില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തി. നദിയ ന്യൂസ് എന്ന ഫെയ്സ്ബുക്ക് പേജില്‍ ബംഗാളി ഭാഷയില്‍ നല്‍കിയ വിവരണത്തോടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത് 2019 ജൂണ്‍ 23 നാണ്.
ബംഗാളി ഭാഷയില്‍ നല്‍കിയിരിക്കുന്ന വിവരണം ഗൂഗ്ള്‍ ട്രാന്‍സലേറ്റ് ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയതോടെ ഇത് പശ്ചിമബംഗാളിലെ നദിയ ജില്ലയില്‍ നടന്ന സംഭവമാണെന്ന് വ്യക്തമായി. നബദ്വീപ് പൊലീസിനെ രോഷാകുലരായ ജനങ്ങള്‍ പിന്തുടര്‍ന്ന് ആക്രമിക്കുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വിവരണമാണ് വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്നത്. ഈ സൂചന ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ എബിപി ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ ഈ വീഡിയോ വാര്‍ത്താ റിപ്പോര്‍ട്ടായി കണ്ടെത്തി.
വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍ സാഹചര്യം വിശദീകരിക്കുന്നുണ്ട്. സൈക്കിള്‍ യാത്രികന്‍ ലോറി ഇടിച്ച് മരണപ്പെട്ടതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ നബദ്വീപ് റോഡ് ബ്ലോക്ക് ചെയ്തതിന് പിന്നാലെ രോഷാകുലരായ ജനങ്ങള്‍ പൊലിസിനെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ ചില ദേശീയ മാധ്യമങ്ങളും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. ടൈംസ് ഓഫ് ഇന്ത്യ 2019 ജൂണ്‍ 24 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പശ്ചിമബംഗാളില്‍ നിലവില്‍ നടക്കുന്ന സംഘര്‍ഷങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
Conclusion:
വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ പശ്ചിമബംഗാളില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. നദിയ ജില്ലയിലെ ഒരു റോഡപകടവുമായി ബന്ധപ്പെട്ട് രോഷാകുലരായ ജനങ്ങള്‍ പൊലീസിനെ ആക്രമിക്കുന്ന ഈ ദൃശ്യങ്ങള്‍ 2019 ജൂണിലേതാണ്.